ധാല്‍പൂര്‍ (ആസാം): ബംഗ്ലാദേശികളുടെ കൈയേറ്റത്തില്‍നിന്ന് മോചിപ്പിച്ച ചരിത്ര പ്രസിദ്ധമായ ധാല്‍പൂര്‍ ശിവക്ഷേത്രം നവീകരിച്ച് ഭക്തര്‍ക്ക് സമര്‍പ്പിച്ചു. നാല് പതിറ്റാണ്ടായി തകര്‍ന്നുകിടന്ന ക്ഷേത്രമാണ് ആസാം സര്‍ക്കാര്‍ 2021 സപ്തംബറില്‍ മോചിപ്പിച്ചത്.
പ്രകൃതിയുടെ വരമാണ് ഈ ക്ഷേത്രമെന്നും ഇത് വീണ്ടെടുത്ത് സമര്‍പ്പിക്കാന്‍ കഴിഞ്ഞത് തന്റെ ഭാഗ്യമാണെന്നും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു. ധാല്‍പൂര്‍ കുന്നിന് മുകളില്‍ മഹാദേവനെ വീണ്ടും പൂര്‍ണശോഭയോടെ ദര്‍ശിക്കാനാകുന്നത് സ്വര്‍ഗീയമായ അനുഭൂതിയാണ് നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. എഴുപതുകളുടെ അവസാനത്തോടെയാണ് ബംഗ്ലാദേശില്‍ നിന്ന് കുടിയേറിയവര്‍ ക്ഷേത്രം കൈയേറി കൊള്ളയടിച്ചത്. നൂറിലേറെ അനധികൃത കുടിയേറ്റക്കാരെയാണ് ആസാം സര്‍ക്കാര്‍ ഈ മേഖലയില്‍ നിന്ന് ഒഴിപ്പിച്ചത്.
ബ്രഹ്മപുത്ര നദിയുടെ നടുക്ക് ധാല്‍പൂര്‍ കുന്നിന് മുകളിലാണ് 5000 വര്‍ഷത്തിലധികം പഴക്കമുള്ള ക്ഷേത്രം. പുരാവസ്തു വകുപ്പ് ഇവിടെനിന്ന് പഴക്കമുള്ള നിര്‍മിതികള്‍ കണ്ടെത്തിയിട്ടുണ്ട്. 1979 വരെ കന്നുകാലി വളര്‍ത്തല്‍ തൊഴിലാക്കിയിരുന്നവരുടെ കൃഷിയിടമായിരുന്നു ധാല്‍പൂര്‍ കുന്നിന്റെ സമതലങ്ങളെന്ന് ക്ഷേത്ര ഭരണസമിതി ജനറല്‍ സെക്രട്ടറി ധര്‍മ്മകാന്ത നാഥ് പറഞ്ഞു.
അതിനു ശേഷമാണ് കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ ഒത്താശയോടെ ധാല്‍പൂരില്‍ കൈയേറ്റം ആരംഭിച്ചത്. കൈയേറ്റക്കാരുടെ ലക്ഷ്യം ശിവക്ഷേത്രവും സ്വത്തുമായിരുന്നു. ക്ഷേത്രവളപ്പിലെ വന്മരങ്ങള് വെട്ടിമാറ്റുകയും വിലപിടിപ്പുള്ളതെല്ലാം അവര്‍ കൊള്ളയടിക്കുകയും ചെയ്തു. 1983 ഫെബ്രുവരിയില്‍ ക്ഷേത്ര പൂജാരിയായിരുന്ന സിബ ദാസിനെ ബംഗ്ലാദേശികള്‍ കൊലപ്പെടുത്തി. മറ്റൊരു പുരോഹിതനായ കാര്‍ത്തിക് ദാസ് പലായനം ചെയ്തു.
കൈയേറ്റത്തിനും അക്രമത്തിനുമെതിരെ നടന്ന പ്രക്ഷോഭത്തില്‍ 855 പേരാണ് ബലിദാനികളായത്. മുഖ്യമന്ത്രിയായതിന് ശേഷം 2021 ജൂണ്‍ ഏഴിന് ധാല്‍പൂര്‍ സന്ദര്‍ശിച്ച ഹിമന്ത ബിശ്വ ശര്‍മ്മയാണ് ശിവക്ഷേത്രം നവീകരിക്കുമെന്ന് പ്രഖ്യാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: