ന്യൂദല്‍ഹി: കൊവിഡ്-19 പൊട്ടിപ്പുറപ്പെട്ടതിന് ശേഷമുള്ള ആദ്യത്തെ സമ്പൂര്‍ണ ഹജ്ജ് തീര്‍ത്ഥാടനം സുഗമമാക്കാന്‍ തയാറെടുത്ത് ഇന്ത്യന്‍ ഹജ്ജ് ദൗത്യ സംഘം. ഏകദേശം 175,000 ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ ഇത്തവണ ഹജ്ജ് തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്. എല്ലാവര്‍ക്കും സുഗമവും സുഖപ്രദവുമായ തീര്‍ത്ഥാടനം ഉറപ്പാക്കാന്‍ ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി വിപുലമായ ക്രമീകരണങ്ങള്‍ നടത്തുന്നുണ്ട്.
സര്‍ക്കാര്‍ ക്വാട്ടയില്‍ ഏകദേശം 140,000 തീര്‍ത്ഥാടകരെ ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി അയക്കുന്നുണ്ട്.കൂടെ പുരുഷന്മാരില്ലാതെ ഏകദേശം 4,000 വനിതാ തീര്‍ത്ഥാടകര്‍ ഇത്തവണ ഹജ്ജില്‍ പങ്കെടുക്കുന്നു. ഇവര്‍ക്ക് പ്രത്യേക കെട്ടിടങ്ങള്‍, ഗതാഗതത്തിനായി പ്രത്യേക സൗകര്യം എന്നിവയുള്‍പ്പെടെ ഒരുക്കി.
60 വയസും അതില്‍ കൂടുതലുമുള്ള 47,000 തീര്‍ഥാടകര്‍ ഈ വര്‍ഷത്തെ ഹജ്ജില്‍ പങ്കെടുക്കും. ഇവര്‍ക്കായി മെച്ചപ്പെട്ട വൈദ്യസഹായം, ചക്രക്കസേര സൗകര്യങ്ങള്‍, സന്നദ്ധപ്രവര്‍ത്തകരുടെ സഹായം എന്നിവ ഉള്‍പ്പെടെയുള്ള പ്രത്യേക ക്രമീകരണങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട്.
സൗദി അറേബിയയിലെ ഇന്ത്യന്‍ സ്ഥാനപതി ഡോ.സുഹെല്‍ അജാസ് ഖാന്‍ ഈ മാസം 5-6 തീയതികളില്‍ മക്കയും മദീനയും സന്ദര്‍ശിച്ചിരുന്നു. തീര്‍ഥാടകര്‍ക്കായി ഇന്ത്യന്‍ ഹജ്ജ് ദൗത്യ സംഘം ഏര്‍പ്പെടുത്തിയ ക്രമീകരണങ്ങള്‍ അദ്ദേഹം അവലോകനം ചെയ്തു. താമസം, മെഡിക്കല്‍ സൗകര്യങ്ങള്‍, ഗതാഗതം, സന്നദ്ധപ്രവര്‍ത്തനം തുടങ്ങിയവയും അദ്ദേഹം വിലയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: