തിരുവനന്തപുരം :സംസ്ഥാനത്ത് ഇന്ന് വ്യാപക മഴ സാധ്യതയുണ്ട്. തെക്കന്‍, മധ്യ കേരളത്തില്‍ അടുത്ത മണിക്കൂറുകളിലും മഴ തുടരും. വൈകീട്ടോടെ വടക്കന്‍ കേരളത്തിലും മഴയെത്തും. അഞ്ച് ദിവസത്തേയ്ക്ക് സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.
മധ്യകിഴക്കന്‍ അറബിക്കടലിന് മുകളിലുള്ള ബിപോര്‍ജോയ് ചുഴലിക്കാറ്റ് തീവ്രചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു. വടക്ക് ദിശയില്‍ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് മധ്യ- കിഴക്കന്‍ അറബിക്കടലിനു മുകളില്‍ അടുത്ത 24 മണിക്കൂറിനുള്ളില്‍ അതിതീവ്ര ചുഴലിക്കാറ്റായി മാറിയേക്കാം. തുടര്‍ന്നുള്ള മൂന്നുദിവസം വടക്ക്- വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കാനും സാധ്യതയുണ്ട്. അതിനാല്‍ ജൂണ്‍ ഏഴുമുതല്‍ 11 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഉയര്‍ന്ന തിരമാലകള്‍ക്കും, മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പുണ്ട്. അറബിക്കലടിലെ തീവ്ര ചുഴലിക്കാറ്റ് അടുത്ത 12 മണിക്കൂറിനുള്ളില്‍ അതിതീവ്രമാകും.
അടുത്ത മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും മണിക്കൂറില്‍ 40 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ വരെയുള്ള ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു.
കേരള തീരത്ത് ബുധനാഴ്ച രാത്രി 11.30 വരെ 2.5 മുതല്‍ 3.3 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്കും തീരദേശവാസികള്‍ക്കും സംസ്ഥാന ദുരന്തനിവാരണ അതോറിട്ടി ജാഗ്രതാ നിര്‍ദേശം നല്കി. മത്സ്യബന്ധന ബോട്ടുകളുടെയും ഉപകരണങ്ങളുടേയും സുരക്ഷ ഉറപ്പാക്കണമെന്നും ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: