തൃശൂര്‍: ട്രോളിങ് നിരോധനത്തോടനുബന്ധിച്ചുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. ഒമ്പതിന് അര്‍ധരാത്രി മുതല്‍ ജൂലൈ 31 അര്‍ധരാത്രി വരെ 52 ദിവസമാണ് നിരോധനം. ഈ സമയത്ത് തീരത്ത് ട്രോളിങ് ബോട്ടുകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. നിരോധന കാലയളവില്‍ ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ക്ക് മത്സ്യബന്ധനം നടത്താം.
ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ക്കൊപ്പം ഒരു കാരിയര്‍ വള്ളം മാത്രമേ മത്സ്യവുമായി ഹാര്‍ബറിലേക്ക് വരാന്‍ അനുവദിക്കുകയുള്ളൂ. ഇന്‍ബോര്‍ഡ്, കാരിയര്‍ വള്ളങ്ങളുടെ വിവരങ്ങള്‍ അതാത് മത്സ്യഭവനുകളില്‍ യാനം ഉടമകള്‍ റിപ്പോര്‍ട്ട് ചെയ്യണം.
ഹാര്‍ബറുകളിലും ലാന്‍ഡിങ് സെന്ററുകളിലുമുള്ള ഡീസല്‍ ബങ്കുകള്‍ അടച്ചിടും. തൃശൂർ ജില്ലയില്‍ ചേറ്റുവയിലും അഴീക്കോടിലുമാണ് പ്രധാന ഹാര്‍ബറുകള്‍ പ്രവര്‍ത്തിക്കുന്നത്. ട്രോളിങ് ബോട്ടുകള്‍ ഒമ്പതിന് വൈകുന്നേരത്തോടെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിടുമെന്ന് മറൈന്‍ എന്‍ഫോഴ്സും കോസ്റ്റല്‍ പോലീസും ഉറപ്പാക്കണമെന്നാണ് നിര്‍ദേശം.
ഫിഷറീസ് വകുപ്പ്, മറൈന്‍ എന്‍ഫോഴ്സ്മെന്റ് തുടങ്ങിയവരുടെ പരിശോധന ശക്തമാക്കും. ഇതരസംസ്ഥാന ബോട്ടുകള്‍ ഏരിയയില്‍ പ്രവേശിക്കുന്നത് തടയുന്നതിന് കര്‍ശന നടപടികള്‍ ഫിഷറീസ് വകുപ്പ് സ്വീകരിക്കും. എല്ലാ വള്ളങ്ങള്‍ക്കും രജിസ്ട്രേഷന്‍, ലൈസന്‍സ് ഉണ്ടായിരിക്കണം.
ഫിഷറീസ് വകുപ്പില്‍ നിന്ന് സ്പെഷല്‍ പെര്‍മിറ്റ് എടുത്തിട്ടുള്ള വള്ളങ്ങളും നിരോധന കാലയളവില്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല. ഇതര സംസ്ഥാന വള്ളങ്ങളെ തിരിച്ചറിയുന്നതിനായി കേരള രജിസ്ട്രേഷനുള്ള വള്ളങ്ങള്‍ നിര്‍ബന്ധമായും നൈല്‍ ബ്ലൂ കളര്‍ ഹള്ളിനും ഫ്ളുറസന്റ് ഓറഞ്ച് കളര്‍ മുകള്‍ ഭാഗത്തും അടിച്ചിരിക്കണം. പരമ്പരാഗത വള്ളങ്ങള്‍, വഞ്ചികള്‍ എന്നിവ ഉപയോഗിച്ച് ഒറ്റയ്‌ക്കും ഇരട്ടയായും നടത്തുന്ന ട്രോളിങ് രീതി (കരവലി) അനുവദനീയമല്ല. വളര്‍ച്ച പൂര്‍ത്തിയാകാത്ത മത്സ്യകുഞ്ഞുങ്ങളെ വില്‍പ്പനയ്‌ക്കോ, വളത്തിനായോ പിടിക്കുന്നത് കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: