തിരുവനന്തപുരം: മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജരേഖ ചമച്ച് അധ്യാപികയായ എസ്എഫ്ഐ നേതാവ് കെ.വിദ്യയുടെ തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വ്യാജരേഖ ചമച്ച് അധ്യാപികയായ വിദ്യ കണ്ണൂര്‍ സര്‍വകലാശാലയുടെ മൂല്യനിര്ണയക്യാംപില് പങ്കെടുത്തു. അധ്യാപനത്തില്‍ മൂന്നു വര്‍ഷത്തെ പ്രവര്‍ത്തന പരിചയം വേണമെന്ന ചട്ടം മറികടന്നാണ് വിദ്യയെ ക്യാംപിലേക്ക് കണ്ണൂര്‍ സര്‍വകലാശാല തെരഞ്ഞെടുത്തത്. പരിചയമുള്ള അധ്യാപകരെ കിട്ടിയില്ലെങ്കില്‍ മാത്രമാണ് ഇത്തരത്തില്‍ ജൂനിയര്‍ അധ്യാപകരെ മൂല്യനിര്‍ണയത്തിന് തെരഞ്ഞെടുക്കുക. 2021 നവംബറില്‍ നടന്ന മലയാളം ഒന്നാം സെമസ്റ്റര്‍, 2022 ഏപ്രിലില്‍ നടന്ന രണ്ട്, നാലാം സെമസ്റ്റര്‍ പരീക്ഷകളുടെ മൂല്യനിര്‍ണയക്യാംപിലാണ് കരിന്തളം കോളേജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ കെ.വിദ്യ പങ്കെടുത്തത്. ഇതിനു പിന്നിലും രാഷ്ട്രീയ സ്വാധീനം ഉണ്ടെന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം.
അതേസമയം,മുന്‍ എസ്എഫ്ഐ നേതാവ് വ്യാജ രേഖയുണ്ടാക്കി ഗസ്റ്റ് ലക്ചററാകാന്‍ ശ്രമിച്ചെന്ന കേസില്‍ പോലീസ് മഹാരാജാസ് പ്രിന്‍സിപ്പാളിന്റെ മൊഴിയെടുത്തു. ചട്ടങ്ങള്‍ പാലിച്ചാണ് നിയമനം നടത്തുന്നത്. കോളേജിന്റെ ഭാഗത്തു നിന്നും വിദ്യയ്ക്ക് ഒരു സഹായങ്ങളും നല്‍കിയിട്ടില്ലെന്നും പ്രിന്‍സിപ്പല്‍ വി.എസ്. ജോയ് പറഞ്ഞു.
എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷന് ഉദ്യോഗസ്ഥരാണ് കോളേജിലെത്തി പ്രിന്‍സിപ്പലിന്റെ മൊഴിയെടുത്തത്. അട്ടപ്പാടി രാജീവ് ഗാന്ധി ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍നിന്ന് മഹാരാജാസ് കോളേജിലേക്ക് അയച്ചുകൊടുത്ത മുഴുവന്‍ രേഖകളും പോലീസിന് പ്രിന്‍സിപ്പല്‍ കൈമാറി.
വ്യാജരേഖ പുറത്തുവന്നതിന് പിന്നാലെ പ്രിന്‍സിപ്പല്‍ വി.എസ് ജോയ് സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. കേസ് അഗളി പോലീസിന് കൈമാറും. സംഭവ സ്ഥലം അഗളിയായതിനാല്‍ രേഖ പരിശോധിച്ച് തുടര്‍ നടപടി എടുക്കാനാവുക അഗളി പോലീസിനാണെന്ന് കൊച്ചി പോലീസ് പറഞ്ഞു. കാസര്‍കോടും,പാലക്കാടും വ്യാജ രേഖ ഉപയോഗിച്ച് ഗസ്റ്റ് ലക്ചറായി നിയമനത്തിന് ശ്രമിച്ചെന്ന ആരോപണത്തിലും പരാതി നല്‍കണോ എന്ന കാര്യത്തിലും മഹാരാജാസ് കോളേജ് അധികൃതര്‍ ഇന്ന് തീരുമാനമെടുക്കും.
മഹാരാജാസ് കോളേജില്‍ 2018 മുതല്‍ 2021 വരെ താത്കാലിക അധ്യാപികയായിരുന്നു എന്ന വ്യാജ രേഖയാണ് വിദ്യ താത്കാലിക അധ്യാപക നിയമനത്തിനായി ഹാജരാക്കിയത്. മഹാരാജാസ് കോളേജ് പ്രിന്‍സിപ്പലിന്റെ ഒപ്പും സീലും ഉള്‍പ്പെടുത്തി ഉണ്ടാക്കിയ ഈ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പാണ് പാലക്കാട് അട്ടപ്പാടി ഗവ കോളജില്‍ താത്കാലിക അധ്യാപക നിയമനത്തിനായി ഹാജരാക്കിയത്. സംശയം തോന്നിയ അധ്യാപകര്‍ മഹാരാജാസ് കോളേജില്‍ വിവരം അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: