Categories: Article

ഒരു പള്ളിയിൽ നിന്ന് ആരംഭിച്ച ഫത്വ ഒൻപത് പള്ളികൾ കൂടി ഏറ്റെടുത്തു; അതോടെ പൂർണ്ണ ബഹിഷ്കരണം

നമ്മുടെ നാടിനു വേണ്ടി, അടുത്ത തലമുറകള്‍ക്കു വേണ്ടി ഒറ്റയാള്‍ പട്ടാളം പോലെ ഇന്നും പൊരുതിക്കൊണ്ടിരിയ്ക്കുന്ന പ്രിയാ വിശ്വനാഥ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച തന്‍റെ അനുഭവ കഥ. ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരി ഗ്രാമത്തില്‍ സ്വന്തം പരിശ്രമം കൊണ്ട് മികച്ച നിലവാരമുള്ള ഒരു വിദ്യാലയം കെട്ടിപ്പടുത്ത് വിജയിപ്പിച്ച വനിതയാണ് പ്രിയാ വിശ്വനാഥ്. കേരളത്തിലെ പ്രൈവറ്റ് സ്കൂൾ അസോസിയേഷൻ നടത്തിയ സ്കോളർ ഷിപ്പ് പരീക്ഷയിൽ സംസ്ഥാന തലത്തിൽ ഏറ്റവും മികച്ച വിദ്യാലയത്തിനുള്ള പുരസ്കാരം നേടിയ സ്കൂളാണ് ഗായത്രി. അത്തരം ഒരു സ്കൂളിന്‍റെ നിലനില്‍പ്പിനു മുന്നില്‍ ഉയരുന്ന വെല്ലുവിളികളെ കുറിച്ചാണ് ഈ പോസ്റ്റുകള്‍ സംസാരിയ്ക്കുന്നത്.

Published by

അതിജീവനത്തിന്റെ പാതയിൽ – ഭാഗം 1

അതിജീവനത്തിന്റെ പാതയിൽ – ഭാഗം 2

അതിജീവനത്തിന്റെ പാതയിൽ – ഭാഗം 3

അതിജീവനത്തിന്റെ പാതയിൽ – 11 
April 9
കൊറോണയും ഭീകരവാദികളുടെ ഫത്വയും മൂലം സ്കൂളിലെ കുട്ടികളുടെ എണ്ണം കുത്തനെ കുറഞ്ഞു എങ്കിലും…കുറച്ചു പേര് എല്ലാം അറിഞ്ഞിട്ടും കുട്ടികളെ വിദ്യാലയത്തിൽ അയക്കുന്നുണ്ട്.
ആദ്യമായി play school തുടങ്ങിയപ്പോൾ ആദ്യത്തെ വിദ്യാർത്ഥി മോൾ തന്നെ ആയിരുന്നു. അവള് ഇപ്പൊൾ PG ചെയ്യുന്നു. പഠനം കഴിഞ്ഞ് സ്കൂൾ ഏറ്റെടുത്ത് നടത്തണം എന്നാണ് അവളുടെ ആഗ്രഹം. അമ്മയ്‌ക്ക് നേടാൻ കഴിയാത്ത പ്രധാന മന്ത്രിയില് നിന്ന് “മികച്ച അധ്യാപികക്ക്” ഉള്ള അവാർഡ് അവള് വാങ്ങും എന്നാണ് അവളുടെ സങ്കല്പം.… അത് അങ്ങനെതന്നെ സംഭവിക്കട്ടെ.

ഒരു കുട്ടി എങ്കിലും ഗായത്രീയില്‍ പഠിക്കാൻ ഉണ്ടെങ്കിൽ ഞങ്ങൾ നാലുപേർ പഠിപ്പിക്കാൻ തയ്യാറായി ഇന്ന് ഇവിടെ ഉണ്ട്. ഇന്ന് അല്ലെങ്കിൽ നാളെ ജാതിയുടെയും മതത്തിന്റെയും അതിർ വരമ്പുകൾ ഭേദിച്ച് സത്യം ധർമ്മം നീതി എന്നിവയിൽ വിശ്വസിക്കുന്ന ആളുകൾ തിരിച്ചു ഇവിടെ എത്തും…
എനിക്ക് ആരോടും പിണക്കമോ ദേഷ്യമോ ഇല്ല. എന്നെ വിട്ട് പിരിഞ്ഞ് പോയവര് എല്ലാം കരഞ്ഞ് സങ്കടത്തോടെ മാത്രമേ പോയിട്ടുള്ളൂ… കണ്ണ് നിറയാതെ എനിക്ക് എന്റെ മക്കളെ യാത്ര അയക്കാനും സാധിച്ചിട്ടില്ല…. ഇന്ന് അല്ലെങ്കിൽ നാളെ അവർ തിരിച്ചു വരും… അതിനായി ഗായത്രിയുടെ വാതിലുകൾ തുറന്നിട്ട് ഞാൻ കാത്തിരിക്കുന്നു… ഒപ്പം എന്റെ മൂന്ന് സഹയാത്രികരും.

മുറ്റത്തെ ചെമ്പകമരം പൂക്കുകയും അതിന്റെ സുഗന്ധം വീടിന് ചുറ്റിനും പരത്തുകയും ഇതളുകൾ വീണ് വെള്ള നിറത്തിലുള്ള പരവതാനി വിരിച്ചതുപോലെ തോന്നിക്കുമാറ് പൂക്കൾ തന്നു… ജീവിതവും അതുപോലെ തന്നെ മുന്നോട്ട് പോയി…

മോൾക്ക് രണ്ട് വയസ്സ് ആയപ്പോൾ മുതൽ വലിയ ഒരു പ്രശ്നം ഉള്ളിൽ ഉയർന്നു തുടങ്ങി . മോന്റെ സ്കൂളിൽ ഇത്രയും ദൂരം അയക്കുന്നത് എന്തു കൊണ്ടോ ഒട്ടും ഇഷ്ടം തോന്നിയില്ല. ചെറിയ പ്രായത്തിൽ വീട്ടിൽ ഇരുത്തി പഠിപ്പിച്ചതിന് ശേഷം ഒന്നാം ക്ലാസ് ചേർക്കുന്ന സമയത്ത് അവിടെ തന്നെ അയക്കാം എന്നൊരു വിചാരം മനസ്സിൽ നേരത്തെ തന്നെ ഉയർന്നു വന്നിരുന്നു. അവളെ പിരിയുന്ന വിഷമവും ശരിയായ ശ്രദ്ധ കിട്ടുമോ എന്നുള്ള ഭയവും ചെറിയ കുട്ടികൾക്ക് ഉള്ള പഠന രീതിയിൽ ഉള്ള പല പോരായ്മകളും മനസ്സിനെ വല്ലാതെ അലട്ടി…

K G ക്ലാസ്സുകളിൽ ഉള്ള പഠന രീതിയും കുട്ടികളുടെ പ്രായവും തമ്മിൽ വലിയ അന്തരം തോന്നിയിരുന്നു… ഇംഗ്ളീഷ്, മലയാളം, ഹിന്ദി എന്നീ മൂന്ന് ഭാഷകളിലായി അക്ഷരമാലകൾ ഒരേ സമയം പഠിപ്പിക്കുകയും അവയുടെ ചിഹ്നങ്ങൾ ഒന്നും തന്നെ പഠിപ്പിക്കാതെ കൂട്ടിവായിക്കാനും എഴുതാനും പഠിപ്പിക്കുന്ന രീതി തീർത്തും അപരിഷ്കൃതമായിരുന്നു.
കുട്ടികൾ വാക്കുകൾ കാണാതെ എഴുതി പഠിക്കുകയും പഠിച്ച വാക്കുകൾ അല്ലാതെ വേറെ ഒന്നും തന്നെ വായിക്കാനോ എഴുതാനോ സാധിക്കാതെ ബുദ്ധിമുട്ടുകയും ചെയ്യുന്ന കാഴ്ച നൊമ്പരപ്പെടുത്തി. അക്ഷരങ്ങളും ചിഹ്നങ്ങളും പഠിപ്പിച്ചതിന് ശേഷം വാക്കുകൾ കൂട്ടിവായിയ്‌ക്കാൻ മോനെ പരിശീലിപ്പിച്ചത് കൊണ്ട് അവൻ അത് അനായാസം കൈകാര്യം ചെയ്യുന്നത് കണ്ടപ്പോൾ സ്കൂളിൽ വിടുന്നതിന് പകരം മോളെ ഞാൻ തന്നെ വീട്ടിൽ ഇരുന്നു പഠിപ്പിച്ചാലോ എന്ന് ചിന്തിക്കുന്ന സമയത്ത് അത് ഭർത്താവും ആയി പങ്ക് വെച്ചപ്പോൾ വീട്ടിൽ ഇരുന്നു പഠിപ്പിക്കേണ്ട റോഡരികിൽ ഉള്ള 4 സെന്റ് സ്ഥലത്ത് ഒരു കെട്ടിടം ചെയ്തു തരാം അവിടെ പോയി പഠിപ്പിച്ചാൽ മതി എന്നായി.
ഭാഗ്യത്തിന് സമാന രീതിയിൽ ചിന്തിക്കുന്ന കുറച്ചുപേർ ഒത്തുചേർന്ന് ഒരു കൊച്ചു കെട്ടിടം പണിയുകയും 2004 നവംബർ 14 ന് Gayathri play n learn….The manthra of learning എന്ന പേരിൽ ഒരു കിൻഡർഗാർട്ടെൻ ആരംഭിക്കുകയും ചെയ്തു… ആദ്യത്തെ വിദ്യാർത്ഥിയായി മോളുടെ പേര് രജിസ്റ്റർ ചെയ്യുകയും അധ്യാപികയായി ഞാനും വേറെ രണ്ട് പേരും ജോയിൻ ചെയ്യുകയും ചെയ്തു…

മാസങ്ങൾ കടന്നു പോയി ഏപ്രിൽ മെയ് മാസം കഴിഞ്ഞിട്ടും രണ്ട് മൂന്ന് കുട്ടികൾ അല്ലാതെ ആരും പുതുതായി ചേരുകയോ അന്വേഷണം നടത്തുകയോ ഉണ്ടായില്ല.

മണ്ണഞ്ചേരി പോലെ വളരെ റിമോട്ട് ആയ ഒരു ഗ്രാമത്തിൽ കുഞ്ഞു പ്രായത്തിൽ കുട്ടികൾക്ക് ഒരു play school എന്ന ആശയം എല്ലാവർക്കും തമാശ തന്നെ ആയി… ഫീസ് കൊടുത്ത് എന്തിനാണ് കുട്ടികളെ കളിപ്പിക്കുന്ന്ത്… അക്ഷരം പഠിക്കാൻ കളരി പോരെ… ഒപ്പം ഇത് കുട്ടികൾക്ക് മന്ത്രം പഠിപ്പിക്കുന്ന സ്ഥലം ആണ് എന്ന ചർച്ചയും ഉയർന്നു വന്നു..
കുട്ടികൾ രണ്ട് പേരും യാത്ര ദൂരം പറഞ്ഞു വരാതെ ആയി… അധ്യാപകരും സഹായത്തിന് വന്ന സ്ത്രീയും പല കാരണങ്ങൾ കൊണ്ട് വരാതെയായി… ഒടുവിൽ ഞാനും മോളും തനിച്ചായി…ക്ലാസ്സ് റൂമും പരിസരവും വൃത്തിയാക്കുന്നതും കുടിക്കാൻ വെള്ളം അടുത്ത വീട്ടിൽ നിന്ന് കോരി കൊണ്ടുവരുന്നതും എന്റെ ചുമലിൽ ആയി… രാവിലെ വീട്ടിലെ ജോലികൾ എല്ലാം ചെയ്ത് തീർത്തതിനു ശേഷം ഞാനും മോളും കൂടി സ്കൂളിൽ ചെല്ലുകയും അവിടെ ഇരുന്നു ഉച്ചവരെ പാഠഭാഗങ്ങൾ പരിശീലിപ്പിക്കുകയും ചെയ്തു.

ഉച്ചക്ക് വീട്ടിലേയ്‌ക്ക് തിരികെ വരികയും ചെയ്തു. സ്കൂൾ നിർത്തുകയോ പൂട്ടിയിടുകയോ ചെയ്യേണ്ട അവസ്ഥ വന്നാൽ മോളെ വീണ്ടും മോന്റെ സ്കൂളിൽ ചേർക്കേണ്ടി വരുമല്ലോ അത് ഒഴിവാക്കാൻ എന്താണ് മാർഗ്ഗം എന്ന് ചിന്തിച്ചു തുടങ്ങി. എന്ത് തന്നെ ആയാലും ഞങ്ങള് ഒരുമിച്ച് സ്കൂളിൽ പോവുകയും പഠനം തുടരുകയും ചെയ്തു… മാസങ്ങൾ കടന്നു പോയി ഏപ്രിൽ മെയ് ജൂൺ മാസങ്ങളിലും ആരെങ്കിലും വന്ന് ചേരും എന്ന് പ്രതീക്ഷ അസ്ഥാനത്ത് ആവുകയും കുട്ടികൾ എല്ലാം മറ്റുള്ള സ്കൂളുകളിൽ ചേരുകയും ഞാനും മോളും മാത്രം ആയി. മഴക്കാലവും ആരംഭിച്ചു. മോൾക്ക് വേണ്ടി ഒരു set എൽകെജി പുസ്തകങ്ങൾ വാങ്ങുകയും അത് ഉപയോഗിച്ച് അവൾക്ക് പാഠങ്ങൾ പറഞ്ഞു കൊടുക്കുവാനും തുടങ്ങി.
ജൂലൈ മാസം എനിക്ക് ഒരുപാട് സന്തോഷങ്ങൾ കൊണ്ടാണ് വന്നെത്തിയത്… മനസ്സിലെ എല്ലാ പ്രതീക്ഷകളും ഇല്ലാതെ ആവുകയും ഞാൻ പൂർണ്ണമായും തോറ്റുപോയി എന്ന് മനസ്സ് അംഗീകരിക്കുകയും ചെയ്ത സമയത്ത് ആണ് പ്രകൃതി എനിക്കായി പ്രതീക്ഷയുടെ കിരണങ്ങൾ തന്നത്. ഒരു പൂവ് ചോദിച്ചപ്പോൾ ഒരു പൂക്കാലമാണ് അവള് എനിക്കായി ഒരുക്കിയത്.

അതിജീവനത്തിന്റെ പാതയിൽ – 12
April 10

രാവിലെ മോളുമായി നടന്ന് പ്ലേ സ്കൂളിൽ പോകുമ്പോൾ പലപ്പോഴും അവള് ഓരോ സംശയങ്ങൾ ചോദിക്കുക പതിവ് ആയിരുന്നു. അവയ്‌ക്ക് ഉത്തരം തേടിയുള്ള യാത്രയിൽ ഞാനും പല പല കാര്യങ്ങളും മനസ്സിലാക്കി തുടങ്ങി. ആദ്യം അവള് ചോദിച്ചത് എങ്ങിനെയാണ് ചിത്രം വരയ്‌ക്കുക എന്നായിരുന്നു… ജീവിതത്തിലെ അത് വരെ ഉള്ള കാലഘട്ടത്തിൽ ഒരിക്കൽ പോലും ചിത്രങ്ങൾ വരച്ചു നോക്കാത്ത ഞാൻ സ്തബ്ടയായി… പിന്നീട് ഒരു മൂന്ന് വയസ്സുകാരിയെ പോലെ ഞാനും ആദ്യമായി ചിത്രം വരച്ചു തുടങ്ങി… അവളെ ആദ്യം പഠിപ്പിച്ച ചിത്രം താമര പൂവായിരുന്നു… കുറെ റ കൾ ചേർത്ത് കൂട്ടി ഒരു പൂവ്… ആദ്യമായി ഞാൻ അത് ബോർഡിൽ വരച്ചു കാണിച്ചപ്പോൾ അവള് എന്നെ കണ്ണ് മിഴിച്ചു നോക്കി…അമ്മ ഇത്രയും നന്നായി ചിത്രം വരയ്‌ക്കുമോ എന്ന്…അത് എന്നെ വല്ലാതെ ഉൽസാഹപ്പെടുത്തി…

അക്ഷരങ്ങളിൽ നിന്ന് ചിത്രങ്ങൾ വരയ്‌ക്കാനും അങ്ങിനെ അക്ഷരങ്ങളും ചിത്രങ്ങളും മനസ്സിൽ ഉറപ്പിക്കാനും ഒരു മാർഗ്ഗം ഉണ്ടെന്ന് ഞാൻ കണ്ടെത്തി… പുതിയ മാർഗ്ഗങ്ങൾ കണ്ടെത്തിയതോടെ എനിക്ക് അവളെ പഠിപ്പിക്കാൻ ഉള്ള സന്തോഷത്തിന് അതിരില്ലാതായി…

റ, ന, ത, പ, വ, ദ, മ എന്നീ അക്ഷരങ്ങൾ ആദ്യം പഠിപ്പിക്കുകയും അക്ഷരങ്ങൾ കൊണ്ട് കോഴിയും താറാവും ഒക്കെ വരയ്‌ക്കാൻ പറഞ്ഞു കൊടുക്കുകയും പല അക്ഷരങ്ങൾ കൂട്ടിചേർത്ത് സങ്കീർണ്ണമായ മറ്റ് അക്ഷരങ്ങൾ ഉദാഹരണത്തിന്…ദ, റ, ര എന്നീ മൂന്ന് അക്ഷരങ്ങൾ കൂട്ടി ചേർത്ത് അ എഴുതാൻ പഠിപ്പിക്കുകയും അവള് അത് അനായാസമായി എഴുതി കാണിക്കുകയും ചെയ്തു.

1, 2, 3 എന്നീ മൂന്ന് അക്കങ്ങൾ പഠിപ്പിച്ചു കഴിഞ്ഞപ്പോൾ മൂന്ന് എന്ന അക്കത്തിൽ നിന്ന് ഹിന്ദി അക്ഷരങ്ങൾ ആരംഭിച്ചു… ചിത്രം വരയ്‌ക്കാനും നിറം കൊടുക്കാനും പഠിച്ചത് കൊണ്ട് ഇംഗ്ലീഷ് അക്ഷരങ്ങൾ താരതമ്യേന എളുപ്പമായി അവള് പഠിച്ചു…

മഴക്കാലം തീരുകയും ആ വർഷത്തെ ഓണം വന്നപ്പോഴേക്കും സ്കൂളിൽ പുതുതായി ഒരു ടീച്ചറും ഒരു ഹെൽപ്പറൂം രണ്ട് വയസ്സ് മുതൽ ഉള്ള പതിനെട്ടോളം കുട്ടികളും ആയി… കുട്ടികൾ ഇല്ലാത്തത് കൊണ്ടും ദൂരം ആണെന്ന് പറഞ്ഞു ഒഴിവായതും ആയ കുട്ടികൾ ഓട്ടോയിൽ വരാൻ തയ്യാറായി.

മുൻ പ്രധാന മന്ത്രി രാജീവ് ഗാന്ധിയുടെ പേരിൽ ഉള്ള പ്രൈം മിനിസ്റ്റർ സ്കീം വഴി ഒരാഴ്ച വ്യവസായ വകുപ്പിന്റെ കീഴിൽ ട്രൈനിംഗിൽ പങ്കെടുക്കുകയും അങ്ങിനെ ലഭിച്ച ഒരു ലക്ഷം രൂപ കൊണ്ട് ആ വർഷം തന്നെ കുഞ്ഞുങ്ങൾക്ക് കളിക്കാൻ ഊഞ്ഞാലും സ്‌ലൈഡറും റിംഗ് എറൗണ്ടും പണിതു… കൂടാതെ കുട്ടികൾക്ക് വേണ്ടി ഒരു ലാട്രിനും വെള്ളത്തിന് വേണ്ട സൗകര്യങ്ങളും ചെയ്തു. ചുറ്റുമതിലും നിർമ്മിച്ചു..

അങ്ങിനെ ഗായത്രി പതുക്കെ പതുക്കെ അതിന്റെ സ്വാഭാവികമായ വളർച്ച കൈവരിച്ചു തുടങ്ങുകയായി.

അതിജീവനത്തിന്റെ പാതയിൽ – 13
April 11

2007 ൽ ആണ് പിഎഫ്ഐ അഥവാ പോപുലർ ഫ്രണ്ട് രൂപീകരിക്കുന്നത്. ദക്ഷിണേന്ത്യയിലെ മൂന്ന് മുസ്ലിം സംഘടനകൾ കൂടിച്ചേർന്നായിരുന്നു ദേശീയ തലത്തിൽ പിഎഫ്ഐ എന്ന സംഘടനയുടെ രൂപീകരണം. നാഷണൽ ഡെമോക്രാറ്റിക് ഫ്രണ്ട് ഇൻ കേരള (എൻഡിഎഫ്), കർണാടകയിലെ കർണാടക ഫോറം ഫോർ ഡിഗ്നിറ്റി (കെഎഫ്ഡി), തമിഴ്നാട്ടിലെ മനിത നീതി പാസറൈ (എംഎൻപി) എന്നീ സംഘടനകൾ ചേർന്നാണ് പിഎഫ്ഐയുടെ ഉദയം. 2006 ൽ കോഴിക്കോട് നടന്ന യോഗത്തിലാണ് മൂന്ന് സംഘടനകളെയും ഒരു കുടക്കീഴിൽ കൊണ്ടുവരാനുള്ള തീരുമാനം ഉണ്ടാകുന്നത്. 2007 ഫെബ്രുവരി 16ന് ബെംഗളുരുവിൽ നടന്ന ‘എംപവർ ഇന്ത്യ കോൺഫറൻസ്’ എന്ന് പേരിട്ട റാലിയിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ എന്ന സംഘടന ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടു.

മുസ്ലീം രാഷ്‌ട്രീയ സമാഹരണം, ഹിന്ദു ദേശീയതയെ പ്രതിരോധിക്കല്‍ എന്നീ ഉദ്ദേശ്യലക്ഷ്യങ്ങൾ മുൻനിർത്തി പ്രവർത്തനം ആരംഭിച്ച ഈ സംഘടന പ്രാദേശികമായി ഉദ്ദേശിച്ച രീതിയിൽ വളർന്നില്ല.

ഈ സംഘടന ആദ്യം സ്വാധീനം ചെലുത്തിയത് ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ചെറുപ്പക്കാരിൽ ആണ്. സൗദി പോലുള്ള തീവ്രമത ചിന്ത പുലർത്തുന്ന ഇസ്ലാമിക രാജ്യങ്ങളിൽ മതത്തിന് നൽകുന്ന പ്രാധാന്യം അവരിൽ മത രാഷ്‌ട്രം എന്ന ചിന്ത ഉണർത്തുന്നതിന് ഇടയാക്കി. കേരളത്തിലും സമാന സ്വഭാവമുള്ള ആളുകളെ കണ്ടെത്തുകയും അവർക്ക് പ്രവർത്തനത്തിന് ആവശ്യമായ പണം കണ്ടെത്തുന്നതിനു അവർ സഹായം ചെയ്തു കൊടുക്കുകയും ഉണ്ടായി. ആലപ്പുഴയിലെ സക്കറിയ ബസാർ കേന്ദ്രീകരിച്ച് ഒരു കൂട്ടം ചെറുപ്പക്കാർ ഒത്തു ചേരുകയും കൂട്ടായ്മ രൂപീകരിക്കുക ഉണ്ടായി. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ചില കുടുംബങ്ങളും ഇതിന്റെ ഉദ്ദേശം ലക്ഷ്യം എന്നിവ മനസ്സിലാക്കാതെയും എന്താണ് പ്രവർത്തനം എന്ന അറിവ് ഇല്ലാതെ സാമ്പത്തിക സഹായം ലഭിക്കും എന്നു കരുതി ഇവർക്ക് ഒപ്പം ചേർന്നു. ആയിടെ ആലപ്പുഴയിൽ നിന്ന് വസ്തുവകകൾ വിറ്റ് പലരും മണ്ണഞ്ചേരിയിലേക്ക് കുടിയേറുകയും ചെയ്തു. 

അവർ വഴി മണ്ണഞ്ചേരിയിലെ ചെറുപ്പക്കാർക്ക് ഇടയിലും ഇത്തരം പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുക ഉണ്ടായി.
അവർക്ക് ആദ്യഘട്ടത്തിൽ മുസ്ലിം സമൂഹമോ വിവിധ രാഷ്‌ട്രീയ പാർട്ടികളോ യാതൊരുവിധ പ്രോത്സാഹനം നൽകുക ഉണ്ടായില്ലെന്ന് മാത്രമല്ല, കുടുംബത്തിലെ മുതിർന്നവർ അവരേ വീടുകളിൽ നിന്ന് പുറത്ത് ആക്കുകയും പലരെയും ഗൾഫ് രാജ്യങ്ങളിലേക്ക് കയറ്റി അയക്കുകയും ചെയ്തു…എന്നിരുന്നാലും അവർ ചെറിയ രീതിയിൽ സമൂഹത്തിൽ നിന്നും സാമ്പത്തികം ശേഖരിക്കുകയും ശരിയായ തുടക്കത്തിന് വേണ്ടിയുള്ള സമയത്തിനായി കാത്തിരിക്കുകയും ചെയ്തു.

2010 ജൂലൈ 4-ന് മൂവാറ്റുപുഴയിലെ നിർമ്മല കോളേജിനടുത്തുവച്ച് തൊടുപുഴ ന്യൂമാൻ കോളേജിലെ മലയാളം പ്രഫസറായ ടി.ജെ. ജോസഫ് എന്നയാളുടെ വലത് കൈപ്പത്തി, മതനിന്ദ ആരോപിച്ച് പോപ്പുലർ ഫ്രണ്ട് ഓഫ് ഇൻഡ്യ, എസ്.ഡി.പി.ഐ പ്രവർത്തകർ വെട്ടിമാറ്റുകയുണ്ടായി. അധ്യാപകൻ തയ്യാറാക്കിയ ചോദ്യപ്പേപ്പറിൽ പ്രവാചകനിന്ദയുണ്ടെന്ന്‌ ആരോപിച്ചായിരുന്നു ആക്രമണം. അതോട് കൂടി ഇവർ കേരളത്തിൽ കുപ്രസിദ്ധരാവുകയും ആളുകൾ ഭയത്തോട് കൂടി ഇവരുടെ പിരിവുകൾ അംഗീകരിക്കുകയും ചെയ്തു.

സ്കൂളിൽ പഠിക്കുന്ന പല വിദ്യാർഥികളുടെയും രക്ഷകർത്താക്കളും ചില അധ്യാപകരും ഈ സംഘടനയില്‍ അംഗം ആയിരുന്നു. അവർ സ്കൂളുമായി നല്ല രീതിയിൽ സഹകരിക്കുന്ന സാഹചര്യത്തിൽ ഞങ്ങളും അവർക്ക് പിരിവ് നൽകാൻ ബാധ്യസ്ഥരായി തീർന്നു… വളരെ സൗമ്യമായും സ്നേഹത്തോടെയും ബഹുമാനത്തോടെയും പെരുമാറുന്ന ഇവർ ഇങ്ങനെ ഉള്ള ഒരു തീവ്രവാദ സംഘടനയുടെ ഭാഗം ആയിരുന്നു എന്നത് പിന്നീട് വളരെ കാലം കഴിഞ്ഞിട്ടും വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല.

പക്ഷേ അവരുടെ ശരിയായ മുഖം കാണാൻ അധികം കാലം വൈകിയില്ല. സമൂഹത്തിൽ എന്തെങ്കിലും നിരന്തരമായി വിവാദം ഉണ്ടാക്കുന്ന പ്രവർത്തനങ്ങൾ നടത്തി ആളുകളുടെ ഉള്ളിൽ ഭീതി പരത്തി വളരേണ്ടത് അവരുടെ ആവശ്യം ആയിരുന്നു. അതിന് അവർ തിരഞ്ഞെടുത്തത് വളര്ന്നു വരുന്ന ഈ വിദ്യാലയവും ആയിരുന്നു. പിന്നീട് ഉള്ള കുറച്ചു വർഷങ്ങൾ പ്രൊഫഷണൽ ജീവിതത്തിലെ വിജയകരമായ സമയം ആയിരുന്നു, ഞങ്ങളെ തകർക്കാൻ അവർ കണ്ടെത്തിയ ശരിയായ സമയവും….

കേരളത്തിലെ കൊച്ചു ഗ്രാമമായ മണ്ണഞ്ചേരിയിലെ സാധാരണ വീട്ടമ്മയായ ഞാനും എന്റെ കുടുംബവും എവിടെ, ഒരു കൈവെട്ട് കൊണ്ട് രാജ്യത്തെ ആകമാനം വിറപ്പിച്ച പോപുലർ ഫ്രണ്ട് എവിടെ…എന്നിട്ടും ഞങ്ങള് പൊരുതി നിന്നു….

അതിജീവനത്തിന്റെ പാതയിൽ – 14
April 13

ഈ കാലഘട്ടത്തിൽ ആണ് PFI സപ്പോർട്ടോടു കൂടി സ്കൂളിന് മുന്നിൽ ഉള്ള മദ്രസ നിയമപരമല്ലാതെ പള്ളിയായി ഉയർത്തുന്നത്. പള്ളി വന്നതോട് കൂടി അവിടെ വന്ന മുസലിയാർ കുട്ടികളോട് മത നിബന്ധനകൾ പഠിപ്പിച്ചു തുടങ്ങി. പെൺകുട്ടികൾ മതവസ്ത്രങ്ങൾ ധരിക്കണമെന്നും പെൺകുട്ടികളും ആൺകുട്ടികളും ഒരുമിച്ച് ഇരിക്കുകയോ കളിക്കുകയൊ ചെയ്യരുത് എന്നും സ്കൂളിൽ അവരുടെ മതം അനുശാസിക്കുന്ന മഫ്ത പെൺകുട്ടികൾ ധരിക്കണം എന്നും മറ്റ് മതസ്ഥർ കാഫിറുകൾ ആണെന്നും അവരിൽ നിന്ന് അകലം പാലിക്കണം എന്നും അമ്പലത്തിൽ പോകുന്നവരും ആയി സൗഹൃദവും പാടില്ല എന്ന് വരെ കുട്ടികൾക്ക് നിർദ്ദേശങ്ങൾ നൽകിത്തുടങ്ങി. അതിന്റെ ഫലമായി മഹാഭാരത യുദ്ധം നടന്നത് പോലെ ഓരോ കുട്ടികളുടെയും മനസ്സ് കലുഷിതം ആയി…സ്കൂളിലെ കുഞ്ഞുങ്ങൾ അമ്പലക്കാരും പള്ളിക്കാരും എന്നിങ്ങനെ രണ്ട് വിഭാഗം ആയി മാറി…പതുക്കെ പതുക്കെ മാതാപിതാക്കളും ഇതിന്റെ ഭാഗം ആയിത്തീർന്നു…

സ്നേഹത്തോടെയും സമാധാനത്തോടെയും കഴിഞ്ഞിരുന്ന സമൂഹം രണ്ടായി വിഭജിച്ച് തുടങ്ങി… എത്ര തന്നെ ശ്രമിച്ചിട്ടും ഞങ്ങൾക്ക് അത് തടയാൻ കഴിഞ്ഞില്ല.

ഗായത്രിയുടെ പ്രവർത്തനം സുഗമമായി മുന്നോട്ട് നീങ്ങി കൊണ്ടിരുന്നു. മോളുടെ പഠനത്തിന് ശേഷം മൂന്നോ നാലോ ബാച്ച് കുട്ടികൾ Kinder Garten പരിശീലനം പൂർത്തിയാക്കുകയും ചുറ്റുപാടും ഉള്ള സ്കൂളുകൾ കുട്ടികളെ സ്വീകരിക്കാൻ തുടങ്ങുകയും ചെയ്തത് കൊണ്ട് പുതിയ കുട്ടികൾ തുടർച്ചയായി വന്നു ചേർന്നു കൊണ്ടിരുന്നു.
ഓണവും ക്രിസ്തുമസും നവരാത്രിയും എല്ലാവരും ഒരുമിച്ച് ആഘോഷിച്ചു തുടങ്ങി… നവരാത്രിയില്‍ വിജയദശമി ദിവസം എല്ലാ മതത്തിലും ജാതിയിലും ഉൾപ്പെട്ട കുട്ടികൾ മാതാപിതാക്കൾക്ക് ഒപ്പം സ്കൂളിൽ വരികയും എനിക്ക് ദക്ഷിണ തന്ന് അനുഗ്രഹം വാങ്ങുകയും ചെറിയ കുട്ടികളെ എഴുത്തിന് ഇരുത്തുകയും ചെയ്തിരുന്നു…
ചുറ്റും ഉള്ള മുസ്ലിം സമൂഹവുമായും വളരെ പെട്ടെന്ന് ഇടപഴകുകയും സ്കൂളിൽ വന്ന ഭൂരിഭാഗം കുട്ടികളും മുസ്ലിം സമുദായത്തിൽ പെട്ടവർ ആയിരുന്നത് കൊണ്ട് ഞാൻ അവരുമായി കൂടുതൽ അടുത്തു…വിദ്യാഭ്യാസപരമായി കുഞ്ഞുങ്ങൾ മുന്നോട്ട് വരേണ്ടതിന്റെ ആവശ്യകത ഞാൻ അവരെ ബോധ്യപ്പെടുത്തുകയും അതിന് വേണ്ട മാർഗ്ഗങ്ങൾ നിദ്ദേശിക്കുകയും ചെയ്തു. അവർ അത് മനസാ അംഗീകരിക്കുകയും അതിന്റെ മാറ്റങ്ങൾ വളരെ പെട്ടെന്ന് തന്നെ കുട്ടികളിൽ ഉണ്ടാവുകയും ചെയ്തു…

രണ്ട് തലമുറകൾ പോലും വിദ്യാഭ്യാസം നേടാത്ത പാരമ്പര്യം ഉള്ള അവരുടെ കുഞ്ഞുങ്ങൾ വളരെ പെട്ടെന്നാണ് എല്ലാ കാര്യങ്ങളും മനസ്സിലാക്കി മുന്നോട്ട് വന്നത്… സ്വതന്ത്രരായി പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്ന കുട്ടികൾക്ക് സ്വാഭാവികമായും ഉള്ള ആരോഗ്യവും ബുദ്ധിയും നല്ലത് പോലെ ഉണ്ടായിരുന്നു…
ബുദ്ധിയുടെ എല്ലാ തലങ്ങളുടെയും വികാസത്തിന് വേണ്ടി പഠനത്തിന് മാത്രം അല്ല പാഠ്യേതര പ്രവർത്തനങ്ങളും ആവശ്യമാണ് എന്ന ബോധ്യത്തിൽ അവർക്ക് യോഗ, കളരി പയറ്റ്, പിയനോ, വയലിൻ, ശാസ്ത്രീയ സംഗീതം, നൃത്തം തുടങ്ങി എല്ലാവിധ പരിശീലനങ്ങളും നൽകുകയുണ്ടായി… എല്ലാവരും വളരെ അധികം ഉത്സാഹത്തോടെ ഇവയിൽ എല്ലാം പങ്കെടുക്കുകയും ചെയ്തു.

അവരെ ശരിയായ രീതിയിൽ നയിക്കുക എന്നത് മാത്രമേ എനിക്ക് ചെയ്യേണ്ടി വന്നുള്ളൂ. അതിന്റെ റിസൾട്ട് വളരെ വലുത് തന്നെ ആയിരുന്നു…

നാലഞ്ച് വർഷങ്ങൾ കൊണ്ട് കേരളത്തിലെ പ്രൈവറ്റ് സ്കൂൾ അസോസിയേഷൻ നടത്തിയ സ്കോളർ ഷിപ്പ് പരീക്ഷയിൽ സംസ്ഥാന തലത്തിൽ Lkg മുതൽ നാല് വരെ ഉള്ള ക്ലാസുകളിലായി ഒന്ന് മുതൽ 15 വരെ ഉള്ള എല്ലാ റാങ്ക്ക്കളും ഉൾപ്പടെ 60 റാങ്ക് നേടി കേരളത്തിലെ ഏറ്റവും മികച്ച വിദ്യാലയത്തിന് ഉള്ള പുരസ്കാരം ഗായത്രി നേടിയെടുത്തു.

ഒരു സന്തോഷത്തിന് പുറകെ വലിയ സങ്കടം വിരുന്ന് എത്തും എന്ന് കേട്ടിട്ടുണ്ട്. എന്നാല് സങ്കടങ്ങളുടെ പെരുമഴ ആണ് എന്നെ കാത്തു നിന്നിരുന്നത് എന്ന് ഞാൻ അപ്പോൾ അറിഞ്ഞിരുന്നില്ല.

ഒരാളെ പരാജയപ്പെടുത്തണം എങ്കിൽ ആദ്യം ചെയ്യുക അവരെ ഒറ്റപ്പെടുത്തുക എന്നത് ആണ്.
അത് തന്നെ ഇവിടെയും അവർ ചെയ്തു… ആദ്യം ഞങ്ങള്ക്ക് എതിരായി അവർ ഫത്വ പുറപ്പെടുവിച്ചു…അവരുടെ നിബന്ധനകൾ അനുസരിക്കാത്ത വിദ്യാലയത്തിൽ കുട്ടികളെ ചേർക്കരുത് എന്ന്. ഫത്വ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്തു.

ഇതോടെ സ്കൂളിൽ പഠിക്കുന്ന വിദ്യാർഥികളുടെ മാതാ പിതാക്കൾ ബുദ്ധിമുട്ടിൽ ആയി. പുതിയ കുട്ടികളെ ചേർക്കുന്നത് നിർത്താനും പഠിച്ചു കൊണ്ടിരിക്കുന്ന കുട്ടികളെ ഇവിടെ നിന്ന് മാറ്റാനും അവർ നിർബന്ധിതരായി…
ആദ്യം ഒരു പള്ളിയിൽ നിന്ന് ആരംഭിച്ച ഫത്വ പിന്നീട് ചുറ്റും ഉള്ള ഒൻപത് പള്ളികൾ കൂടി ഏറ്റെടുത്തു. അതോടെ പൂർണ്ണമായും ഞങ്ങള് ബഹിഷ്കരണത്തിനു വിധേയരായി… വിവാഹം തുടങ്ങിയ വിശേഷ ദിവസങ്ങളിൽ ഞങ്ങളെ ക്ഷണിക്കുന്നതു വരെ അവർ വിലക്കി. പുരയിടത്തിൽ ഉള്ള ആക്രി പോലും പെറുക്കുന്നതിനും വിലക്ക് ബാധകം ആയി.

പോപ്പുർഫ്രണ്ട് നേക്കാളും പെട്ടന്ന് ജനങ്ങളുടെ ഇടയിൽ എസ്ഡിപിഐ ആണ് വളര്ന്നു വന്നത്. ഒരു രാഷ്‌ട്രീയ സംഘടന എന്ന നിലയിൽ അവർ എല്ലായിടത്തും എത്തി ചേരുകയും സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമാവുകയും സേവന പ്രവർത്തനങ്ങൾ ജാതി മത ഭേദമന്യേ എല്ലാവരാലും അംഗീകരിക്കപ്പെടുകയും ചെയ്തു… എന്നാല്‍ പോപുലർ ഫ്രണ്ടിന്റെ പ്രവർത്തനത്തെ സമൂഹം ഒരല്പം ഭീതിയിൽ തന്നെയാണ് നോക്കി ഇരുന്നത്…

മണ്ണഞ്ചേരിയില്‍ അവർക്ക് ഒരു തരത്തിലുമുള്ള സഹായം മുസ്ലിം സമൂഹത്തിൽ നിന്നും ഉണ്ടായില്ല എന്ന് മാത്രം അല്ല അവരെ പള്ളിയിൽ നിന്നും വിലക്കുക പോലും ഉണ്ടായി. എന്നിരുന്നാലും തോറ്റ് പിന്മാറാൻ തയ്യാറാവാത്ത അവരിൽ ചിലർ ചേർന്ന് എന്റെ സ്കൂളിന് മുന്നിൽ ഉള്ള മദ്രസ ഏറ്റെടുക്കുകയും അവിടെ വിദേശത്ത് നിന്നും ലഭിച്ച സാമ്പത്തിക സഹായത്തോടെ അംഗീകൃതമല്ലാത്ത ഒരു നിസ്കാര പള്ളി പണിയുകയും കൂട്ടമായി വന്ന് നിസ്കരിക്കുകയും ചെയ്തു പോന്നു.

അവിടെ പഠിപ്പിക്കാൻ ആദ്യമായി പുറത്ത് നിന്ന് വന്ന അധ്യാപകൻ ആണ് കുട്ടികളുടെ ഇടയിൽ മതം പ്രചരിപ്പിച്ചു തുടങ്ങിയത്… ശക്തമായ മത പ്രബോധനം കുട്ടികളിൽ വലിയ തോതിൽ സ്വാധീനം ചെലുത്തി തുടങ്ങി… അവർ വഴി രക്ഷകർത്താക്കളിലേയ്‌ക്കും എത്തിച്ചേർന്നു.

സ്കൂളിൽ ആദ്യം കുട്ടികൾ ആണ് പെണ്ണ് എന്നിങ്ങനെ ഉള്ള ലിംഗ വ്യത്യാസം പ്രകടിപ്പിച്ചു തുടങ്ങി. അടുത്തിരിക്കാനും കൂട്ട് ചേർന്ന് കളിക്കാനും അവർ വിസമ്മതിച്ചു തുടങ്ങി.

കുട്ടികൾ തമ്മിൽ ലിംഗ, ജാതി, മത ഭേദമന്യേ ദേശീയത മുൻനിർത്തി മാത്രം പ്രവർത്തിക്കുന്ന വിദ്യാലയത്തിൽ പ്രോത്സാഹിപ്പക്കുവാൻ ഒരുതരത്തിലും പറ്റാത്ത വിഷയം ആയത് കൊണ്ട് അത് മാസം തോറും ഉള്ള രക്ഷിതാക്കളുടെ മീറ്റിംഗിൽ അവതരിപ്പിക്കുകയും വിലക്കുകയും ചെയ്തു…

പക്ഷേ ഈ പ്രശ്നം അവസാനിക്കുകയല്ല ഉണ്ടായത് വീണ്ടും ശക്തിയായി തുടരുകയും ചെയ്തു…

ഓണം, ക്രിസ്തുമസ്, നവരാത്രി ആഘോഷം എന്നിവ വന്നപ്പോൾ അതിൽ പങ്കെടുക്കാൻ പലരും വിസമ്മതിക്കുകയും ആ ദിവസങ്ങളിൽ വരാതിരിക്കുകയും ചെയ്തു. പങ്കെടുത്ത കുട്ടികളെ പള്ളികളിലെ അധ്യാപകർ ശാസിക്കുകയും ചെയ്തു. .അതോട് കൂടി ആഘോഷങ്ങൾ എല്ലാം അലങ്കോലമായിത്തുടങ്ങി. ആദ്യം സ്കൂളിന് അടുത്തുള്ള കുട്ടികൾ മാത്രം ആയിരുന്നു എങ്കിൽ പിന്നീട് കൂടുതൽ സ്ഥലങ്ങളിൽ നിന്നും വരുന്ന കുട്ടികൾക്കും ഇത് ബാധകമായി.
പിന്നീട് വന്നത് വ്യക്തമായ മത വേർതിരിവ് ആയിരുന്നു. നിങ്ങൾ അമ്പലക്കാർ… ഞങ്ങളുടെ അടുത്ത് നിൽക്കരുത്… ഇരിക്കരുത്… കളിക്കരുത് എന്നായി. ചോദ്യം ചെയ്തപ്പോൾ കുട്ടികൾ അത് അവരുടെ മത അധ്യാപകർ പഠിപ്പിച്ചതാണ് എന്ന് വ്യക്തമാക്കി… വീണ്ടും മാതാപിതാക്കളും ആയി സംസാരിച്ചു. ഇങ്ങനെ ഉള്ള ഒരു കാര്യവും സ്കൂളിന് അംഗീകരിക്കുവാൻ ആവില്ല. മത നിയമങ്ങൾ സ്കൂളിൽ അംഗീകരിക്കുവാൻ ആവില്ല എന്ന് ശക്തമായി തന്നെ പറയേണ്ടി വന്നു. 

പക്ഷേ വിഷയം ഇവിടെ അവസാനിക്കുക ഉണ്ടായില്ല. ശരിയായ അവസരത്തിന് വേണ്ടി അവർ കാത്തു നിൽക്കുകയും അവർ ശക്തമായി അത് പ്രയോഗിക്കുകയും ചെയ്തു. 

അതിജീവനത്തിന്റെ പാതയിൽ – 15 
April 14

2014 വർഷം ആയപ്പോഴേക്കും ഒന്ന് മുതൽ നാല് വരെ ക്ലാസുകൾ തുടങ്ങുകയും എല്ലാ ക്ലാസിലും മികച്ച പരിശീലനം നൽകുകയും ചെയ്തു കൊണ്ട് ഗായത്രി വളരുകയും play school ൽ നിന്ന് ജൂനിയർ സ്കൂൾ എന്ന നിലയിൽ വളരുകയും കിലോമീറ്ററുകൾ അകലെ നിന്ന് പോലും കുട്ടികൾ വന്ന് ചേരുകയും ചെറിയ ക്ലാസ്സുകളിൽ രണ്ട് ഡിവിഷൻ ആരംഭിക്കുകയും ചെയ്തു.

കുട്ടികളുടെ മാനസിക ഭൗതിക വളർച്ചയിൽ എപ്പോഴും ശ്രദ്ധ ചെലുത്തിയത് കൊണ്ട് അവരുടെ കുറവുകൾ പെട്ടന്ന് തിരിച്ചറിയുവാനും അതിന് അനുസരിച്ചുള്ള പരിശീലനങ്ങൾ നൽകുവാനും സാധിച്ചത് കൊണ്ട് വിദ്യാഭ്യാസ രംഗത്ത് അവർ നല്ല രീതിയിൽ മുന്നോട്ട് നീങ്ങി കൊണ്ടിരുന്നു.

കുട്ടികളിൽ ഓട്ടിസം പോലെ ഉള്ള ചില വിഷയങ്ങൾ…ഡിസ്ലെക്സിയ, ഹൈപർ ആക്ടിവിറ്റി തുടങ്ങിയ പലതരം പഠന വൈകല്യങ്ങൾ തുടങ്ങി ഒരുപാട് പ്രശ്നങ്ങൾ ചെറിയ പ്രായത്തിൽ തന്നെ കണ്ടെത്തുവാൻ സാധിച്ചത് കൊണ്ട് അത്തരം കുട്ടികളെ വർഷങ്ങൾ നീണ്ട ശരിയായ പരിശീലനത്തിലൂടെ സ്വാഭാവിക രീതിയിൽ എത്തിക്കുവാനും സാധിച്ചു. ഓട്ടിസം എന്ന് പുറം തള്ളിയ പല കുട്ടികളും പിന്നീട് പഠനത്തിലും മറ്റുള്ള കാര്യത്തിലും മുൻപന്തിയിൽ എത്തുകയും അവരുടെ മാതാപിതാക്കൾ സന്തോഷപൂർവം മറ്റുള്ളവരും ആയി പങ്കുവെയ്‌ക്കുവാൻ തയ്യാറായതും സ്കൂൾ പെട്ടന്ന് അംഗീകരിക്കപ്പെടുവാൻ കാരണമായി.

അത്തരത്തിൽ ഉള്ള ഒരു സമയത്ത് ആണ് കിൻഡർഗർട്ടെന്‍ പഠനവും ഒന്നാം ക്ലാസ് പഠനവും തമ്മിൽ ഒരു കണക്ഷനും ഇല്ലെന്നും അപ്പർ KG കഴിഞ്ഞ കുട്ടികൾക്ക് അവർ എത്ര സമർത്ഥരായാലും ഒന്നാം ക്ലാസ് പഠനം വലിയ ബുദ്ധിമുട്ട് ആവും എന്ന് മനസ്സിലാവുന്നത്. മൂന്ന് ഭാഷകളിൽ ആയി അക്ഷരങ്ങൾ മാത്രം പഠിച്ചതിനു ശേഷം കുട്ടികൾ നേരിട്ട് പാഠങ്ങൾ വായിക്കുകയും ചോദ്യം വായിച്ചു തനിയെ ഉത്തരം എഴുതുകയും പറയുകയും വേണം.
അങ്ങിനെ വന്നപ്പോൾ മൂന്ന് വയസ് ഉള്ള കുട്ടികൾക്ക് pre kg എന്നൊരു ക്ലാസ്സ് ആരംഭിക്കുകയും ഇംഗ്ലീഷ്, മലയാളം, ഹിന്ദി എന്നീ ഭാഷകളിൽ കഥകളും പാട്ടുകളും പഠിപ്പിക്കുകയും പ്രാഥമിക അക്ഷരങ്ങൾ എഴുതാൻ ഉള്ള പരിശീലനം നൽകുകയും ഈ മൂന്ന് ഭാഷകളിൽ കൊച്ചു കൊച്ചു വാചകങ്ങൾ സംസാരിക്കാൻ വേണ്ട പരിശീലനവും നൽകി… അത് വലിയ രീതിയിൽ വിജയിക്കുകയും ലോവർ KG ക്ലാസ്സിൽ ബാക്കി അക്ഷരങ്ങളും UKG യില് കൂട്ടി വായിക്കുവാനും എഴുതുവാനും പരിശീലനം നൽകി. അങ്ങിനെ മൂന്ന് വർഷത്തെ പരിശീലനം കൊണ്ട് കുട്ടികൾ ഒന്നാം ക്ലാസ് സിലബസ് ലളിതമായി കൈകാര്യം ചെയ്യാൻ തുടങ്ങി.

പഠന രീതികൾ തയ്യാറാക്കി നടപ്പിൽ വരുത്തിയപ്പോൾ ആണ് കുട്ടികളുടെ നിലവാരം പരിശോധിക്കണം എന്ന് എനിക്ക് തോന്നിയത്. അവരെ മറ്റുള്ള സ്കൂളുകളിലെ വിദ്യാർത്ഥികളും ആയി മൽസരിപ്പിക്കണം. അതിനായി സ്കോളർ ഷിപ്പ് പരീക്ഷകളിൽ പങ്കെടുപ്പിക്കാൻ പരിശീലനവും നൽകി. ആദ്യ വർഷം തന്നെ എല്ലാ കുട്ടികളും എൺപത് ശതമാനം മാർക്ക് നേടുകയും രണ്ട് പേർക്ക് സംസ്ഥാന തലത്തിൽ റാങ്ക് ലഭിക്കുകയും ചെയ്തു. അത് പഠനം കൂടുതൽ മെച്ചപ്പെടുത്താൻ എനിക്ക് പ്രചോദനം ആയി.

2014 ൽ സംസ്ഥാനത്തെ ഏറ്റവും മികച്ച വിദ്യാലയത്തിന് ഉള്ള KPEB യുടെ പുരസ്കാരം ഗായത്രിക്ക് ലഭിക്കുകയും സ്കൂളിലെ 60 ഓളം കുട്ടികൾ 1 മുതൽ 15 വരെ റാങ്കുകൾ നേടി സ്കോളർ ഷിപ്പിന് അർഹത നേടുകയും ചെയ്തു.
ഏറ്റവും കൂടുതൽ സന്തോഷിക്കേണ്ട അവസരത്തിൽ തന്നെയാണ് എന്നെ ഏറ്റവും വേദനിപ്പിക്കുന്ന സംഭവം ഉണ്ടായത്… വർഷങ്ങളുടെ പ്രയത്നം കൊണ്ട് നേടിയത് എല്ലാം കണ്മുന്നിൽ ഇല്ലാതെ ആവുന്നത് നിസ്സഹായയായി എനിക്ക് കാണേണ്ടി വന്നു…

മികച്ച സ്കൂളിന് ഉള്ള പുരസ്കാരം വാങ്ങുമ്പോൾ എന്റെ ഹൃദയം തകർന്നിരുന്നു .. ഒന്നും ചെയ്യാൻ ആവാത്ത വിധം തളർന്നിരുന്നു… എന്നിട്ടും ഞാൻ അവരുടെ മുന്നിൽ തല ഉയർത്തി തന്നെ നിന്നു… ഉള്ളിൽ കരയുമ്പോഴും പുഞ്ചരിച്ചുകൊണ്ട് തന്നെ… കാരണം തോൽക്കാൻ എനിക്ക് മനസ്സിലായിരുന്നു… എനിക്ക് വിജയിക്കുക തന്നെ വേണം. എന്ത് ആഗ്രഹിച്ചു കൊണ്ടാണ് ഈ മണ്ണിൽ ഇല്ലയ്മകൾക്ക് ഇടയിൽ നിന്ന് ഒരു വിദ്യാലയം പടുത്ത് ഉയർത്തിയത്, ആ ലക്ഷ്യം എന്റെ മുന്നിൽ അപ്പോഴും നിലനിന്നിരുന്നു.

(തുടരും)

അതിജീവനത്തിന്റെ പാതയിൽ – ഭാഗം 5

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക