കമ്പം: അരിക്കൊമ്പനെ വീണ്ടും മയക്കുവെടിവച്ചു. രാത്രി ജനവാസമേഖലയിൽ ഇറങ്ങിയതോടെയാണ് തമിഴ്നാട് വനംവകുപ്പ് മയക്കുവെടി വച്ചത്. രാത്രി 12.30 ന് തേനി ജില്ലയിലെ പൂശാനം പെട്ടിക്കടുത്തുവച്ചാണ് വെടിവച്ചത്. രണ്ടു ഡോസ് മയക്കുവെടി നൽകിയതായാണ് വിവരം. മലയോര പ്രദേശത്തായിരുന്ന ആന സമതല പ്രദേശത്ത് എത്തിയതോടെ വെടിവയ്ക്കുകയായിരുന്നു.
കൊമ്പനെ വെള്ളിമല വനമേഖലയിലേക്ക് മാറ്റുമെന്നാണ് സൂചന. ആനയുമായുള്ള വാഹനം ഇപ്പോഴും സഞ്ചാരം തുടരുകയാണ്. തുമ്പിക്കൈയിലേറ്റിട്ടുള്ള ആഴത്തിലുള്ള മുറിവ് ഇപ്പോഴും ഉണങ്ങിയിട്ടില്ല. നേരത്തെ, ചിന്നക്കനാലിനെയും പരിസരപ്രദേശങ്ങളെയും വിറപ്പിച്ച അരിക്കൊമ്പനെ ഏപ്രിൽ 29 ന് മയക്കുവെടി വച്ച് നിയന്ത്രണത്തിലാക്കിയശേഷം ലോറിയിൽ പെരിയാർ വന്യജീവി സങ്കേതത്തിലെ മേദകാനത്ത് എത്തിച്ചു തുറന്നുവിട്ടിരുന്നു.
ഉൾവനത്തിലേക്ക് മറഞ്ഞ അരിക്കൊമ്പൻ ദിവസങ്ങൾക്കുള്ളിൽ തമിഴ്നാട് വനമേഖലയോടു ചേർന്ന്, ജനവാസമുള്ള മേഘമലയിലെത്തി. പിന്നാലെയാണ് മേയ് മാസം അവസാനത്തോടെ കമ്പത്ത് ജനവാസമേഖലയിലിറങ്ങിയത്. കമ്പത്തെ ജനവാസമേഖലയില്‍ ഇറങ്ങി പരിഭ്രാന്തി സൃഷ്ടിച്ചതോടെയാണ് അരിക്കൊമ്പനെ മയക്കുവെടി വയ്ക്കാന്‍ തമിഴ്നാട് വനംവകുപ്പ് ഉത്തരവിറക്കിയത്. കഴിഞ്ഞ കുറേയെറെ ദിവസങ്ങളായി ഷണ്മുഖ നദി തീരത്തെ വനമേഖലയിലൂടെ സഞ്ചരിക്കുകയായിരുന്നു അരികൊമ്പൻ. ആറ് ദിവസമായി ജനവാസ മേഖലയിലേക്ക് ഇറങ്ങിയിരുന്നില്ല. ഇന്ന് പുലർച്ചെയോടെയാണ് ആന വീണ്ടും ജനവാസ മേഖലയിലേക്ക് ഇറങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: