ഹൈദ്രാബാദ് : മൂന്നാമത് ജി20 ആരോഗ്യ കര്‍മ്മ സമിതി യോഗം ഹൈദരാബാദില്‍ ആരംഭിച്ചു. കേന്ദ്രമന്ത്രി ഡോ. മന്‍സുഖ് മാണ്ഡവ്യയെ പ്രതിനിധീകരിച്ച് ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍ ഇന്ത്യയുടെ അധ്യക്ഷ പദവിക്ക് കീഴിലുള്ള ജി 20 സമ്മേളനത്തില്‍ കാര്യപരിപാടികള്‍ മുന്നോട്ട് കൊണ്ടുപോകുന്നു.
എല്ലാവര്ക്കും പ്രാപ്യമായ സാര്‍വത്രിക ആരോഗ്യ സേവനങ്ങള്‍ ലഭിക്കുന്നതിന് നിലവിലുള്ള ആഗോള ആരോഗ്യ സംവിധാനങ്ങളെയും തദ്ദേശീയ ആരോഗ്യ സമ്പ്രദായങ്ങളെയും സമന്വയിപ്പിക്കുന്ന രീതിയില്‍ പ്രയോജനപ്പെടുത്തണമെന്ന് ഭാരതി പ്രവീണ്‍ പവാര്‍ പറഞ്ഞു. 2030-ഓടെ എല്ലാ ആരോഗ്യ-ചികിത്സാ സേവനങ്ങളും നല്കാന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര വിനോദസഞ്ചാര വകുപ്പ് മന്ത്രി ജി കിഷന് റെഡ്ഡി പറഞ്ഞു. പുരാതന ഇന്ത്യന്‍ തദ്ദേശീയ മെഡിക്കല്‍ സംവിധാനങ്ങളും സാങ്കേതിക മുന്നേറ്റങ്ങളും കോവിഡ് മഹാമാരിയെ നേരിടാന്‍ സഹായിച്ചെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിലെ സഹമന്ത്രി എസ് പി സിംഗ് ബാഗേലും ചടങ്ങില്‍ സംസാരിച്ചു. ആരോഗ്യ അടിയന്തരാവസ്ഥ തടയല്‍, തയ്യാറെടുപ്പുകള്‍, പ്രതികരണം, താങ്ങാനാവുന്ന മെഡിക്കല്‍ പ്രതിരോധ നടപടികളുടെ ലഭ്യത, ഡിജിറ്റല്‍ ആരോഗ്യം എന്നിവ ഉള്‍പ്പെടെയുള്ള കാര്യങ്ങളിലാണ് മൂന്ന് ദിവസത്തെ സമ്മേളനം കേന്ദ്രീകരിക്കുന്നത്. ആഗോള ദക്ഷിണമേഖലയുടെ വെല്ലുവിളികള്‍ ചര്‍ച്ച ചെയ്ത് പരിഹാരങ്ങള്‍ ആരായും.
ഗവേഷണം വികസനം നവീകരണം എന്നീ കാര്യങ്ങളിലും ചര്‍ച്ചകള്‍ നടക്കും.180അംഗരാജ്യങ്ങളുടെയും 10 ക്ഷണിതാക്കളുടെയും 22 അന്താരാഷ്ട്ര സംഘടനകളുടെയും പ്രതിനിധികള്‍ ജി20 യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: