ഭുവനേശ്വര്‍ :ഒഡീഷ ട്രെയിന്‍ ദുരന്തത്തിന് പിന്നാലെ ഈ റൂട്ടിലൂടെയുള്ള തീവണ്ടി ഗതാഗതം പുന്ഥാപിക്കുന്നതിനുള്ള നടപടികള്‍ക്ക് തുടക്കമായി. ട്രാക്കിലെ അവശിഷ്ടങ്ങള്‍ നീക്കുന്നതിനും മറ്റുമായി ആയിരത്തിലധികം തൊഴിലാളികളാണ് ഇവിടെ പങ്കെടുക്കുന്നത്. കേന്ദ്ര റെയില്‍വെമന്ത്രി അശ്വിനി വൈഷ്ണവ് രാത്രിയും പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നുണ്ട്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ഏഴ് മണ്ണുമാന്തി യന്ത്രങ്ങള്‍, രണ്ട് ആക്സിഡന്റ് റിലീഫ് ട്രെയിനുകള്‍, നാല് ക്രെയിനുകള്‍ എന്നിവ സ്ഥലത്തെത്തിച്ചാണ് ഗതാഗതം പുനസ്ഥാപിക്കാന്‍ ശ്രമം നടത്തുന്നത്. അപകടത്തെത്തുടര്‍ന്ന് മറിഞ്ഞ ബോഗികള്‍ ട്രാക്കില്‍നിന്ന് നീക്കിയിട്ടുണ്ട്. തകര്‍ന്ന പാളങ്ങള്‍ പുനസ്ഥാപിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. ദേശീയ ദുരന്ത നിവാരണ സേനയുടെ ഏഴ് സംഘങ്ങളും ഓഡീഷ ഡിസാസ്റ്റര്‍ റാപ്പിഡ് ആക്ഷന്‍ ഫോഴ്സിന്റെ അഞ്ച് സംഘങ്ങളും 24 അഗ്‌നിശമന സേനാ യൂണിറ്റുകളും സ്ഥലത്തുണ്ട്.
വൈകുന്നേരത്തോടെ ഒരു ട്രാക്കിലൂടെ ഗതാഗതം പുനഃസ്ഥാപിക്കാനാണ് ശ്രമം. തീവണ്ടി ഗതാഗതം ബുധനാഴ്ച രാവിലെയോടെ പുനഃസ്ഥാപിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
അതേസമയം ഒഡീഷ ട്രെയിന്‍ ദുരന്തത്തിന് കാരണമായത് പോയിന്റ് സംവിധാനത്തിലെ പിഴവാണെന്നും സൂചനയുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇന്‍സ്പക്ഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. മെയിന്‍ ലൈനില്‍ നിന്ന് ലൂപ്പ് ലൈനിലേക്ക് ട്രെയിന്‍ നീങ്ങിയത് തെറ്റായ പോയിന്റിങ് മൂലമാണെന്നാണ് വിവരം. ഉന്നതതല അന്വേഷണ സംഘം ഇന്ന് സംഭവ സ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തും. കൂടാതെ കോറമാണ്ഡല്‍ എക്‌സ്പ്രസിലെ ലോക്കോ പൈലറ്റിന്റെ മൊഴി ഉടന്‍ രേഖപ്പെടുത്തും. ഇദ്ദേഹം പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയാണ്.
ഒഡിഷ ട്രെയിന്‍ ദുരന്തത്തെ തുടര്‍ന്ന് 28 ട്രെയിനുകള്‍ കൂടി റെയില്‍വേ റദ്ദാക്കിയിട്ടുണ്ട്. ശനിയാഴ്ച റദ്ദാക്കിയ ട്രെയിനുകള്‍ കൂടാതെയാണിത്. ഇതോടെ അപകട ശേഷം റദ്ദാക്കിയ ട്രെയിനുകളുടെ എണ്ണം 85 ആയി. വെള്ളിയാഴ്ച രാത്രി ഏഴ് മണിയോടെയാണ് നാടിനെ നടുക്കിയ ഒഡീഷ ദുരന്തം സംഭവിക്കുന്നത്. ഇതില്‍ 288 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ആയിരത്തിലധികം പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ 56 പേരുടെ നില ഗുരുതരമായി തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: