താങ്കള്‍ ആസ്തികമനോഭാവമുള്ള വ്യക്തിയാണ്, അതുകൊണ്ടാണ് ഇത് ജിജ്ഞാസയോടെ വായിക്കുന്നത്. അതിനാല്‍ എന്തുകൊണ്ട് ഉപാസന ചെയ്യണമെന്നു താങ്കള്‍ക്ക് മനസ്സിലാക്കി തരേണ്ട ആവശ്യമില്ല. ഓരോരുത്തരുടെയും ജീവിതത്തില്‍ ഉപാസന അനിവാര്യമാണെന്നു സ്പഷ്ടമാക്കാന്‍ മാത്രമാണു ഈ ശ്രമം. ഇതില്ലാതിരുന്നാല് ഈശ്വരന് എന്തിനാണു നമുക്കു മനുഷ്യയോനിയില്‍ ജന്മം നല്‍കിയിരിക്കുന്നതെന്നും ഈ ജന്മം നല്കിയതു എന്തുദ്ദേശ്യത്തോടെ ആണെന്നും നാം വിസ്മരിച്ചുപോകും. അതുകൊണ്ടാണു ഇതു അനിവാര്യമാക്കിയിരിക്കുന്നത്. ഈ തത്ത്വം വിസ്മരിക്കുന്നതു കൊണ്ടാണു നാം കൂടെക്കൂടെ അലഞ്ഞു നടക്കുകയും മൃഗീയമായ ജിവിതത്തിലേക്ക് നയിക്കുന്ന ജീവിതമാര്‍ഗം അവലംബിക്കുകയും ചെയ്യുന്നത്. ഇങ്ങനെ അലഞ്ഞു നടന്ന് നമ്മുടെ വിലയേറിയ ഈ മനുഷ്യജന്മം പാഴാക്കാതിരിക്കാന് വേണ്ടി ശരിയായ വഴികാണിക്കാന്‍ കഴിയുന്ന ഉപാസനയെഈശ്വരസാന്നിദ്ധ്യത്തെ അനിവാര്യമായി കരുതുകയും നിത്യവും ഉപാസന ചെയ്യുകയും വേണം.
മനുഷ്യയോനിയില്‍ ജന്മം ലഭിച്ചതിന്റെ അര്‍ത്ഥം കേവലം മനഷ്യശരീരം ലഭിച്ചു എന്നല്ല. ഈ ശരീരം മുഖേന വളരെ മഹത്വമേറിയ കാര്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ വേണ്ടി നമുക്കെല്ലാവര്‍ക്കും വിലക്ഷണമായ ശേഷിയുള്ള മനസ്സും, ബുദ്ധിയും, ഭാവോദ്ദീപകമായ ഹൃദയം എന്ന ഉപകരണവും നല്കിയിരിക്കുന്നു. ഈ കഴിവ് മറ്റു ജീവികളുടെ പക്കലില്ല. തന്നിമിത്തം അവയ്ക്ക് ഉദരപൂരണവും സന്താനോല്പാദനവും ഒഴികെ മറ്റൊന്നും ചെയ്യാന്‍ കഴിയുന്നില്ല. നമ്മളും ഈ രണ്ടു കാര്യങ്ങളും മാത്രം ചെയ്തുകൊണ്ടു ജീവിതം ചെലവഴിക്കുകയാണോ വേണ്ടത്? കൂടുതല്‍ ധനസമ്പത്തുകള്‍ ശേഖരിക്കുന്നതിനും, മാളികകള്‍ നിര്‍മ്മിക്കുന്നതിനും, അഹംഭാവത്തെയും ഈര്‍ഷ്യയെയും തൃപ്തിപ്പെടുത്തുന്നതിനും വേണ്ടി ഈശ്വരന്റെ ഉപഹാരം വ്യര്ത്ഥമാക്കാനായിട്ടാണോ നാം ഈ മനുഷ്യജന്മം നേടിയത്? ഇതു ചിന്തിക്കേണ്ട കാര്യമാണ്.
പക്ഷേ കൂടെക്കൂടെ ഇങ്ങനെ ചിന്തിക്കുവാനും, നമ്മുടെ തെറ്റു തിരിച്ചറിയുവാനും, നമ്മുടെ വിലക്ഷണമായ കഴിവുകളുടെ ശരിയായ ഉപയോഗം മനസ്സിലാക്കുവാനുംമൊത്തത്തില് പറഞ്ഞാല്‍ മനുഷ്യജീവിതം നല്‍കപ്പെട്ടിരിക്കുന്നതിന്റെ ഉദ്ദേശ്യം മനസ്സിലാക്കുവാനും ആരാണു കൂടെക്കൂടെ നമ്മെ ഓര്‍മ്മിപ്പിക്കുകയും പ്രേരിപ്പിക്കുകയും ചെയ്യുക എന്നതാണു പ്രശ്നം. പൊതുവേ നമ്മളാരും രണ്ടോ നാലോ പ്രാവശ്യം കൊണ്ടു മനസ്സിലാക്കുന്നവരല്ല. ആരാണു നിത്യവും സ്നേഹപൂര്‍വ്വം നമുക്കു മനസ്സിലാക്കിത്തരികയും വേണ്ടി വന്നാല്‍ ചെവിക്കു പിടിക്കുകയും ചെയ്യുന്നത്. ഉപാസന ഇക്കാര്യം നിര്‍വ്വഹിക്കുന്നു. ഇക്കാരണത്താല്‍ ഉജ്ജ്വലമായ ജീവിതം നയിക്കാന്‍ വേണ്ടി ഉപാസന ആവശ്യമായിത്തീരുന്നു.
ഈ ഉപാസന ഏതെല്ലാം വിധത്തിലാണു അസാമാന്യമായ പ്രേരണകള്‍ നല്കുന്നതെന്നു നോക്കാം. ‘ഓം നമഃ ശിവായ’ മന്ത്രം വിനമ്രവും ക്ഷേമകരവുമായ ജീവിതം നയിക്കാന്‍ ഉത്സാഹിപ്പിക്കുന്നു. ഓം നമോ അരിഹന്താണാം എന്ന മന്ത്രം കാമക്രോധാദി ശത്രുക്കളെ സംഹരിക്കാന്‍ സന്നദ്ധരാക്കുന്നു. ഇവയില്‍ നിന്നു ലഭിക്കുന്ന ശാന്തിയും പവിത്രതയും ജ്വലിക്കുന്ന മനസ്സിന്മേല് ശീതളമായ കുഴമ്പു പുരട്ടുന്ന അനുഭൂതി പകരുന്നു. ഇതുമൂലം ഹൃദയത്തില്‍ ആനന്ദവും ശുഷ്കാന്തിയും ഉയരുന്നു. അതുകൊണ്ടു തന്നെയാണു ഉല്ലാസം നിറഞ്ഞ ജീവിത പന്ഥാവു കാട്ടിത്തരികയും അതിലൂടെ നടത്തുകയും ഈശ്വരസാന്നിദ്ധ്യം അനുഭൂതമാക്കുകയും ചെയ്യുന്ന പ്രാര്‍ത്ഥനയും ഉപാസനയും ജീവിതത്തിന്റെ അനിവാര്യമായ ആവശ്യമായിരിക്കുന്നത്.
വൃത്തികേടില്‍ നിന്നും ഹാനികരമായ കീടാണുക്കളില്‍ നിന്നും വീടിനെ രക്ഷിക്കുവാനും, ശുചിത്വവും സുവ്യവസ്ഥയും മുഖേന പ്രസന്നത അനുഭവിക്കുവാനും വേണ്ടി നിത്യവും വീടു അടിച്ചുവാരി വൃത്തിയാക്കി ക്രമപ്പെടുത്തി വയ്ക്കുന്നതുപോലെ മനസ്സിലെ വിചാരങ്ങളുടെയും ഹൃദയത്തിലെ ഭാവങ്ങളുടെയും മാലിന്യം മാറ്റുവാനും അവയില്‍ ഈശ്വരന്റെ പവിത്രതയും സുഗന്ധവും നിറയ്ക്കുവാനും വേണ്ടി നിത്യവും ഉപാസന ചെയ്യാനുള്ള തീരുമാനം എടുക്കുക തന്നെ വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: