പി.എന്‍. രാജേഷ് കുമാര്‍
ഫെലിക്സ്,
നീലഗിരി സെന്റ് സ്റ്റീഫന്‍സ് ചര്‍ച്ചിലേക്കുള്ള
മഞ്ഞുപുതച്ച പടികളില്വച്ചല്ലേ
ഏതാണ്ടിരുപതുകൊല്ലംമുന്പ്
ഏപ്രിലവസാനത്തെ ഞായറാഴ്ച
നിന്നെയാദ്യമായ്
ഞാന്‍ കാണുന്നത്?
ഹോളിമാസ് കഴിഞ്ഞ്
ആളുകളെല്ലാം പടിയിറങ്ങിപ്പോയിട്ടും
നീ മാത്രം
നിലാവുപരന്ന
ആ ഒടുവിലത്തെ
ഗ്രാനൈറ്റ് പടിയിലിരുന്ന്
ഗിറ്റാറില്‍
വിരലോടിക്കുകയായിരുന്നു!
ഇരുതോളുകളിലേക്കു-
മൂര്ന്നുകിടന്നിരുന്ന,
നിന്റെ കറുത്തുചുരുണ്ടമുടികളി-
ലന്നുഞാന് കണ്ടത്,
ക്രൂശിതന്റെ മുഖത്തെ
ദൈന്യതയായിരുന്നു!
പിന്നീട്, നിന്നെ ഞാന്‍
മിക്ക സണ്ഡേകളിലും റോസ്ഗാര്ഡന്സിലോ,
സെവന്‍സ് കഫേയുടെ
തിരക്കൊഴിഞ്ഞ മൂലയിലോ,
അതുമല്ലെങ്കില്‍
സെമിത്തേരിറോഡി-
നിടതുവശത്തുള്ള
ബ്ലൂ ബെല്‍ ഫ്ളെവേഴ്സിലെ
നീണ്ടക്യൂവിന് പിന്നിലോ
കാണാറുണ്ടായിരുന്നു!
അവസാനമായി
നിന്നെക്കാണുമ്പോള്‍
എയ്ഞ്ചല്‍ മരിയ ബെന്നറ്റ്
(16-2-1980 – 27-4-2002)
എന്നെഴുതിയ കല്ലറയില്‍
ഒരുപിടിയിളം റോസ്പൂക്കളും
ഗിറ്റാറും ചേര്‍ത്തുവച്ച്,
മഫഌയറില് മുഖമമര്‍ത്തി,
നീ തലകുമ്പിട്ടു-
നില്‍ക്കുകയായിരുന്നു!
ഇന്നുപക്ഷേ,
നിന്റെ മുടിയിഴകള്‍ക്ക്
തൂമഞ്ഞിന്റെയതേ നിറമാണ്!
മുഷിഞ്ഞ ജുബ്ബാനിറയെ
ചുളിവുകള്‍ വീണിരിക്കുന്നു!
തേഞ്ഞുതീരാറായ
ചപ്പലുകളാകെ പൊടിപുരണ്ടിരിക്കുന്നു!
എങ്കിലും ഫെലിക്സ്,
നീയര്‍പ്പിച്ച
ഈ പനിനീര്‍പ്പൂക്കള്‍
എത്ര പുതുമയുള്ളവയാണ്!
പ്രതികരിക്കാൻ ഇവിടെ എഴുതുക: