ഡോ. വി.സുജാത
വിജയ് വിധുവിന്റെ ‘ലൈഫ് ഇന്‍ എ സിപ്പ് ലോക്ക് ബാഗ്’ എന്ന ഇംഗ്ലീഷ് നോവല്‍ ബോര്‍ഡിങ് സ്കൂള്‍ അനുഭവങ്ങളെ അടിസ്ഥാനമാക്കി രചിച്ചതാകയാല്‍ കൗമാരക്കാര്‍ വഴിപിഴക്കാതിരിക്കാനുള്ള പാഠം ഉള്‍ക്കൊള്ളുന്നതാണ്.
നാല് സ്കൂള്‍ കുട്ടികള്‍ സാഹചര്യങ്ങളുടെ ഒഴുക്കിനൊപ്പം സഞ്ചരിച്ച് ലഹരിക്കടിമകളായതു കാരണം മൂല്യബോധവും ഒടുവില്‍ ബോധം തന്നെയും നഷ്ടപ്പെട്ടവരായി മാറുന്നതാണ് ഈ നോവലിന്റെ ഉള്ളടക്കം. സ്നേഹത്തിന്റെ അര്‍ത്ഥം മുത്തശ്ശിയുടെ ലാളനയില്‍ മാത്രം ഒതുക്കിക്കണ്ട അനു എന്ന പെണ്‍കുട്ടിക്ക്, സ്വന്തം അമ്മയുടെ കരുതലിന്റെ ഭാഗമായി തന്നില്‍ അടിച്ചേല്‍പ്പിക്കപ്പെടുന്ന ചിട്ടകള്‍ അസ്സഹനീയമാകുന്നു. ഈ സാഹചര്യത്തില്‍ നിന്ന് മാനസികമായി ഒളിച്ചോടേണ്ടിവന്നപ്പോള് അത് ദുര്മാര്ഗ്ഗത്തിലൂടെയുള്ള സഞ്ചാരമായി മാറുന്നു. ഗ്രാമീണ സൗന്ദര്യത്തിന്റെയും നിഷ്ക്കളങ്കതയുടെയും ഊഷ്മളത നുകര്‍ന്നു വളര്‍ന്ന ഒരു ബാല്യത്തെ അവിടെനിന്ന് അടര്‍ത്തിയെടുത്ത് പട്ടണത്തിന്റെ വീര്‍പ്പുമുട്ടിക്കുന്ന വിരസതയിലേക്കും ഒറ്റപ്പെടലിലേക്കും പറിച്ചുനടുന്നു. വേരുറയ്ക്കുന്നതിനു മുന്‍പുതന്നെ നഗരത്തിന്റെ നിശാപാര്‍ട്ടികളുടെ മാസ്മരികതയും മാദകത്വവും അവളുടെ ഇളം മനസ്സിനെ ആക്രമിക്കുന്നു.
യഥാര്‍ത്ഥത്തില്‍ അമ്മയും അമ്മൂമ്മയും ഗ്രാമവും നഗരവും ഒന്നുമല്ല കുട്ടികള്‍ വഴിതെറ്റുന്നതിനുകാരണം. അവര്‍ക്കു ലഭിച്ചുകൊണ്ടിരിക്കുന്ന, അല്ലെങ്കില്‍ ലഭിക്കാതെ പോകുന്ന വിദ്യാഭ്യാസമാണ് പ്രധാന കാരണം. തലച്ചോറു മുഴുവന്‍ വിവരങ്ങള്‍ കുത്തിനിറയ്ക്കുന്ന ആധുനിക വിദ്യാഭ്യാസം വിചാരവികാരങ്ങളെ നേരാംവണ്ണം കൈകാര്യം ചെയ്യാനുതകുന്ന വിവേകം നല്കുന്നതില് തീര്‍ത്തും പരാജയപ്പെടുന്നു. അവനവനെ അറിയാത്തതൊന്നും യഥാര്‍ത്ഥ വിദ്യയല്ല. അന്നവും പണവും സമ്പാദിക്കാനുള്ള മാര്‍ഗ്ഗത്തെ മാത്രമാണല്ലോ ഇന്ന് വിദ്യയായി കരുതുന്നത്.
കൗമാരത്തെ ലഹരിയിലും മറ്റ് ദുര്‍മാര്‍ഗ്ഗങ്ങളിലും തളച്ചിടുന്നതിന് പ്രധാന കാരണമായി ഈ നോവലില്‍ എടുത്തുകാട്ടിയിട്ടുള്ളത് മാതാപിതാക്കളുടെ നിരുത്തരവാദിത്വമാണ്. ഇത് കുട്ടികളെ ജീവിതത്തിന്റെ നേരുകളെയും അരുതുകളെയും വേര്‍തിരിക്കാന്‍ പ്രാപ്തരല്ലാത്തവരാക്കുന്നു. ഈ ദുരവസ്ഥയ്ക്കൊപ്പം സുഹൃത്തുക്കളുടെ പ്രലോഭനം, കൗമാരമനസ്സിന്റെ കൗതുകം, വൈയക്തിക വാസന, അംഗീകാര മോഹം തുടങ്ങിയ പലതരം പ്രേരണകളും ചേര്‍ന്നേക്കാമെന്നും പറയുന്നുണ്ട്.
ഇതിന്റെയൊക്കെ ഫലമായി കുട്ടികള്‍ നൈമിഷിക സുഖങ്ങളുടെ ലഹരിയില്‍ അഭയം തേടുന്നതു സ്വാഭാവികം മാത്രം. ലഹരിയുടെ ഈ ‘സിപ്പ്ലോക്കി’നുള്ളില്‍ കുടുങ്ങുന്ന ജീവിതങ്ങള്‍ക്ക് ഫലപ്രദമായ ചികിത്സയിലൂടെ മോചനം സാധ്യമാകുമെന്ന പ്രത്യാശയുള്ക്കൊള്ളുന്നതാണ് ഈ നോവലിന്റെ പ്രമേയം.
303 പേജുള്ള പുസ്തകത്തില്‍ പ്രമേയത്തിന്റെ പ്രത്യേകത കൊണ്ടാവാം, അശ്ലീലവാക്കുകളുടെ അതിപ്രസരമുള്ളത് വായനക്കാര്‍ക്ക് എങ്ങനെ അനുഭവപ്പെടുമെന്ന് നോവലിസ്റ്റ് ചിന്തിച്ചതായി തോന്നുന്നില്ല. വഴിപിഴച്ച കൗമാരങ്ങളുടെ നെറികെട്ട സല്ലാപവും, അവരുടെ സാഹിത്യവും ആവര്‍ത്തിക്കപ്പെടുന്നുണ്ട്. സ്വകാര്യതയെ മുഴുവന്‍ മടികൂടാതെ പരസ്യപ്പെടുത്തുന്ന അള്‍ട്രാ റിയാലിറ്റിയുടെ പുതുപുത്തന്‍ ശൈലിയാണ് നോവലിസ്റ്റ് സ്വീകരിച്ചിരിക്കുന്നത്.
പദസമൃദ്ധിയില് ഈ നോവല്‍ വലിയ മികവ് പുലര്‍ത്തുന്നു. മലയാളിയും തുടക്കക്കാരിയുമായ ഒരാള്‍ക്ക് എഴുത്തില്‍ ഇത്രയധികം വാക്കുകള്‍ കൊണ്ടുവരാന്‍ സാധിച്ചത് ശ്ലാഘനീയമാണ്. ഇതിനര്‍ത്ഥം എഴുത്തിന്റെ മികവ് ധാരാളം വാക്കുകള്‍ പ്രയോഗിക്കുന്നതിലാണ് എന്നല്ല. ഉചിതമായിട്ടുള്ള കുറച്ചു വാക്കുകളിലൂടെ കൂടുതല്‍ പറയുകയും ധ്വനിപ്പിക്കുകയും ചെയ്യുന്ന രീതിയാണല്ലോ നിലവാരമുള്ള കൃതികളില്‍ സാധാരണയായി കണ്ടുവരുന്നത്.
ലൈഫ് ഇന്‍ എ സിപ്പ്ലോക്ക് ബാഗ് എന്ന നോവല്‍ വ്യക്തിജീവിതത്തിലെ സാമാന്യമായ അനുഭവങ്ങളുടെ ആവര്‍ത്തനം സാധാരണ സംഭാഷണ രീതിയില്‍ പറഞ്ഞുപോകുന്നു. സാധാരണ ദിനചര്യകളും സംഭാഷണങ്ങള്‍ പോലും രസകരമായ ശൈലിയില്‍ വര്‍ണ്ണിക്കുകയെന്നതാണ് നോവലിന്റെ സ്വഭാവം. അമേരിക്കന്‍ നോവലിസ്റ്റ് ലൂയിസാ മേ അല്‍ക്കോട്ടിന്റെ ലിറ്റില്‍ വുമണ്‍, ഇംഗ്ലീഷ് നോവലിസ്റ്റ് ഷാര്‍ലറ്റ് ബ്രോന്ടിന്റെ ജെയിന് എയര്‍ മുതലായവ ഇതിന് ഉദാഹരണങ്ങളാണ്. ശൈലീവിശേഷത്താല്‍ സമ്പന്നമായ ഈ നോവലുകളില്‍ വിരസതയല്ല, രസമാണ് വായനക്കാര്‍ക്ക് അനുഭവപ്പെടുക.
വിജയ് വിധുവിന്റെ കാര്യത്തില്‍ ഒരു യുവ എഴുത്തുകാരിയുടെ ആദ്യനോവലാണെന്നത് വിസ്മരിക്കാന്‍ പാടില്ല. നോവലിന്റെ രൂപഭംഗിയെക്കാള്‍ പ്രാധാന്യമര്‍ഹിക്കുന്നത് കഥാകാരി അനാവരണം ചെയ്യുന്ന വലിയൊരു സാമൂഹിക വിപത്തിനെക്കുറിച്ചുള്ള ആശങ്കയും അതിനെതിരായ ബോധവല്‍ക്കരണവുമാണ്. നോവലിസ്റ്റ് മുന്നോട്ടുവയ്ക്കുന്ന ഗൗരവമേറിയ പാഠം കൗമാരജീവിതങ്ങള്‍ ലഹരിയുടെ ആഴങ്ങളില്‍ മുങ്ങുന്ന വര്‍ത്തമാന കാലത്തില്‍ അവഗണിക്കാനാവാത്തതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: