ബാലസോര്‍: ഒഡീഷയിലെ ട്രെയിന്‍ അപകടം വേദനാജനകമാണെന്നും പരിക്കേറ്റവര്‍ക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. സംഭവത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ട്രാക്ക് പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിലാണ് റെയില്‍വേ. പരിക്കേറ്റവരെ കണ്ടു- പരിക്കേറ്റ യാത്രക്കാര്‍ ചികിത്സയില്‍ കഴിയുന്ന ഒഡീഷയിലെ ബാലസോറിലെ ആശുപത്രി സന്ദര്‍ശിച്ച ശേഷം മോദി പറഞ്ഞു.
288 പേര് കൊല്ലപ്പെടുകയും ആയിരത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമാണ് മോദി ബാലസോറിലെ ഫക്കീര്‍ മോഹന്‍ ആശുപത്രിയിലെത്തിയത്.
ബാലസോര്‍ ജില്ലയിലെ ബഹനാഗ ബസാര്‍ സ്റ്റേഷനില്‍ വ്യോമസേന ഹെലികോപ്റ്ററില്‍ പറന്നിറങ്ങുകയായിരുന്നു മോദി. റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ട്രെയിന്‍ അപകടത്തെക്കുറിച്ച് വിവരിച്ചു.അപകടസ്ഥലത്ത് നടക്കുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ മോദി വിലയിരുത്തി. പ്രാദേശിക അധികൃതര്‍, ദുരന്ത നിവാരണ സേനയിലെ ഉദ്യോഗസ്ഥര്‍, റെയില്‍വേ ഉദ്യോഗസ്ഥര്‍ എന്നിവരുമായി അദ്ദേഹം ആശയവിനിമയം നടത്തി.
സംഭവസ്ഥലത്ത് വെച്ച് പ്രധാനമന്ത്രി മോദി ക്യാബിനറ്റ് സെക്രട്ടറിയുമായും ആരോഗ്യമന്ത്രിയുമായും സംസാരിക്കുകയും പരിക്കേറ്റവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ആവശ്യമായ എല്ലാ സഹായവും ലഭ്യമാക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ അവരോട് ആവശ്യപ്പെടുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: