പ്രസന്നന്. ബി
ഒരു ബ്രഹ്മജ്ഞാനിയോട് ഈശ്വരനെ അറിയാമോ, കണ്ടിട്ടുണ്ടൊ, എങ്ങനെ അറിയാന്‍ സാധിക്കും എന്നൊക്കെ ചോദിച്ചാല്‍, ചോദ്യകര്‍ത്താവ് തിരിച്ചറിവുള്ളയാളെങ്കില് ഒരേയൊരു ഉദാഹരണത്തിലൂടെ ലളിതമായി ഈ വിശ്വരൂപിയേയും വിശ്വരഹസ്യത്തേയും മനസിലാക്കി കൊടുക്കാം. അതും ഗണിതത്തിലൂടെ. തീര്‍ത്തും അനായാസമായി. ഗണിതം മാത്രമല്ല പ്രപഞ്ചത്തിലെ സകലതിലൂടെയും വ്യക്തമാക്കാം.
കണക്കിലെ സാമാന്യ ക്രിയകളാണല്ലോ സങ്കലനവും വ്യവകലനവും. പിന്നീടുള്ള ക്രിയയെല്ലാം അതിന്റെ തുടര്‍ച്ചയായാണ് വരിക. അത് അവസ്ഥാനുസരണം പഠിച്ചുമാറും.
എന്നാല്‍ ആദ്യം അക്കങ്ങളെക്കുറിച്ചറിയണം. പൂജ്യവും ഒന്നുമുതല്‍ ഒന്‍പതുവരെയുള്ള അക്കങ്ങളുമറിയണം. ഇവയറിയാവുന്നവരെ സംബന്ധിച്ചിടത്തോളം ഗണിതം കയ്യെത്തും ദൂരത്തു നില്ക്കുന്നതായി അനുഭവപ്പെടും. ബ്രഹ്മത്തെപോലെ. ഗണിതത്തിലെ സങ്കീര്‍ണതയിലേക്കിറങ്ങുന്തോറും ഗണിതം ഒരു മഹാ സാഗരംകണക്കേ മുന്നില്‍ പ്രത്യക്ഷമായിതുടങ്ങും. ആ സാഗരത്തില്‍ ലയിച്ചാറാടാന്‍ പാകത്തിനു കരുക്കള്‍ ഉണ്ടാക്കി നിറഞ്ഞാടുമ്പോഴാണ് ഇവയെ നിലനിര്‍ത്തുന്ന അക്കങ്ങളുടെ ഒരു മായാപ്രപഞ്ചം പ്രത്യക്ഷപ്പെടുക. എല്ലാം ഇട്ടെറിഞ്ഞ് അക്കങ്ങളുടെപിന്നാലെ ആദ്യന്തം അന്വേഷിച്ചിറങ്ങുന്നയാള്ക്ക് അക്കങ്ങളെപ്പറ്റിയുള്ള ജ്ഞാനം സ്വയമുദിച്ചു തുടങ്ങും. ജഗദ്പൂരിതമായ അക്കങ്ങള്‍ക്ക് ആദ്യവും അവസാനവുമില്ലെന്നും, എന്നാല്‍ ഏതക്കവും തനിക്കു വശമാണെന്നുമുള്ള ഒരാത്മബോധം സ്വയം ഉദിച്ചുയരും. ഈ അക്കങ്ങള്‍ ഏതവസരത്തിലും തനിക്ക് ഇഷ്ടാനുസരണം എടുത്ത് അമ്മാനമാടാമെന്നും അവയ്ക്ക് ആദ്യമേത് അവസാനമേതെന്നതിനു പ്രസക്തിയില്ലെന്നും, ഉപയോഗത്തില്‍ എല്ലാം തുല്യപ്രധാനമാണെന്നുമറിയുന്നു.
ഇപ്രകാരമറിയുന്ന ഗണിതവിദ്വാന് എപ്രകാരം സംഖ്യയെ തിരിച്ചറിയുന്നുവോ അപ്രകാരമായിരിക്കും ഒരു ബ്രഹ്മജ്ഞാനി ബ്രഹ്മത്തേയുമറിയുക. നമുക്കൊരു ധാരണയുണ്ട് ഈ അക്കങ്ങള്‍ നമ്മളാല്‍ നിര്‍മ്മിതമാണെന്നും അവയ്ക്കെങ്ങനെ ഈ പരിവേഷം കൊടുക്കാമെന്നും ഒരബദ്ധധാരണ! എന്നാല്‍ സംഖ്യകള്‍ സ്വയം സംഭവിച്ചതും അവയെ ശബ്ദലിഖിതമായി ആശയവിനിമയത്തിനായി മാത്രം പലരൂപത്തിലും ഭാവത്തിലും നാം രൂപകല്പനചെയ്തവയും മാത്രമാണ്. ശബ്ദമായും അക്ഷരമായും നമ്മിലെ ആശയത്തെ മറ്റൊരാളിലേക്കു പകര്‍ത്താന്‍ നാമുപയോഗിക്കുന്ന മാധ്യമംപോലെ. ബ്രഹ്മമെന്ന അഭൗമ ശക്തിസ്രോതസായ അറിവിനെ മത, ഭാഷാടിസ്ഥാന വിശ്വാസത്തില്‍ സൂക്ഷിക്കുമ്പോഴും ജാതിമതചിന്തക്കതീതമായി നിലകൊള്ളുന്ന ഒരഭൗമശക്തിയാണെന്ന തിരിച്ചറിവ് ഉണ്ടാകുന്നതു പോലെ.
അതായത് ഏതൊരുസംഖ്യയെ നാം എഴുതുമ്പോഴും ഉച്ചരിക്കുമ്പോഴും ക്രിയകള്‍ ചെയ്യുമ്പോഴും ഭാഷാടിസ്ഥാനത്തില്‍ അല്ലെങ്കില്‍ ലിപികളുടെ അടിസ്ഥാനത്തില്‍ ഉത്തരങ്ങള്‍ക്കു മാറ്റം വരാത്തതുപോലെ ബ്രഹ്മത്തിനും ജാതി, മത ചിന്തയില്‍ മാറ്റമുണ്ടാകുന്നില്ല. എന്നാല്‍ ചില സങ്കീര്‍ണ ക്രിയകള്‍ ചെയ്യുമ്പോള്‍ ഉത്തരം തെറ്റാറുണ്ട്. ക്രിയകള്‍ വ്യക്തതവരുംവിധം ഭാഷ, ലിപി എന്നിവ ആധാരമാക്കി നിര്‍വചിക്കുമ്പോള്‍ ഉണ്ടാകുന്ന തെറ്റിദ്ധാരണകൊണ്ടാണത്. ഈ തരത്തിലാണ് ജാതി മതങ്ങളിലൂടെ സഞ്ചരിക്കുന്ന ബ്രഹ്മാന്വേഷണം അബദ്ധമായി മാറുന്നത്.
സംഖ്യകള്‍ സ്വയംഭൂവാണെന്നു പറയാന്‍ കാരണം ലിപിയോ ഭാഷയൊ ഇല്ലാതെ ഗണിതം നിലനില്‍ക്കുന്നതിനാലാണ്. സ്വന്തം കയ്യില്‍ എത്രവിരലുകളുണ്ടെന്ന് ലിപിയൊ ഭാഷയൊ വശമില്ലാത്തൊരാളിന് മറ്റൊരാളെ ധരിപ്പിക്കാന്‍ കഴിയില്ലെങ്കിലും സ്വയം മനസിലാക്കുന്നതുപോലെ ജ്ഞാനി ഈശ്വരനേയും വ്യക്തമായറിയുന്നു. എപ്പോഴെല്ലാമത് മറ്റുള്ളവരിലേക്ക് പകരാന്‍ ശ്രമിക്കുന്നുവോ അപ്പോഴാണ് ഭാഷയും ലിപിയും അനിവാര്യമാകുക. ഭൗതികമായൊരറിവിനെ പഞ്ചേന്ദ്രിയങ്ങളാല്‍ എപ്രകാരം ഗ്രഹിക്കുന്നുവോ അത് മറ്റൊരാളിലേക്കു പകരാന്‍ ഭാഷയും ലിപിയും അനിവാര്യമാകുന്നു. എന്നാല്‍ ബ്രഹ്മജ്ഞാനം ഇവയ്ക്കുമതീതമാണ്. എപ്രകാരമെന്നാല്‍ മേല്‍പ്പറഞ്ഞവയില്‍നിന്നും ജ്ഞാനിക്കുകിട്ടിയ അറിവും തന്നുള്ളിലെ ജ്ഞാനവും സമ്മേളിപ്പിച്ച് വര്‍ണ്യവും അവര്‍ണ്യവും തരംതിരിച്ച് വര്‍ണ്യത്തെ ലഘൂകരിച്ച് വിസ്താരയോഗ്യമാക്കി മാറ്റി അവതരിപ്പിക്കും.
എന്നാല്‍ ജ്ഞാനി അവര്ണ്യത്തെ കൃത്യമായി മനസിലാക്കി വിട്ടുകളയും. എങ്ങനെയെന്നാല്‍ (ത്രികോണമിതി അറിയുന്നവര്‍ക്ക് അറിയാന്‍ സാധിക്കും). ഒരു മട്ടത്രികോണത്തിലെ മൂന്നു വശത്തിന്റെ അളവും അവയുടെ മൂന്നു കോണുകളുടെ അളവും നിശ്ചയമായും ഉണ്ടെന്നിരിക്കെ രണ്ടു വശങ്ങളുടെ അളവില്‍നിന്നും മൂന്നാമത്തെ വശവും കോണുകളും കണ്ടുപിടിക്കാനാവും. എന്നാല്‍ മൂന്നു കോണളവുതന്നാല് മൂന്നുവശങ്ങള്‍ കണ്ടുപിടിക്കാന്‍ സാദ്ധ്യമല്ലെന്നു സ്വയം മനസിലാക്കിയ ഗണിത ശാസ്ത്രജ്ഞന് അതിനുപിന്നാലെ പോകാറില്ല. കാരണം ആ ശാസ്ത്രജ്ഞനറിയാം ഒരേ മൂന്നുകോണളവില് അനന്തമായ ത്രികോണങ്ങള്‍ ഉണ്ടാകുമെന്ന്. അങ്ങനെവരുമ്പോള്‍ ആവശ്യമുള്ളവയെ തദവസരത്തില്‍ നേരിടുകയത്രേ ഉത്തമം. ഈ തരത്തിലത്രേ ബ്രഹ്മസാമീപ്യവും. ഒരേതരത്തിലെ അനന്തമായ അവസ്ഥകാരണം മുന്‍കൂട്ടി നിശ്ചയിക്കാന്‍ സാദ്ധ്യമാകാത്തവിധം നിലകൊള്ളുകയാല്‍ ഈ ശക്തിസ്രോതസിനിനെ ജ്ഞാനി പിന്തുടരാറില്ല. മറിച്ച് മനസിലാക്കി വിസ്തരിക്കുവാന്‍ അസാദ്ധ്യമാണെന്നറിഞ്ഞ് മൗനിയാകും. പ്രപഞ്ചത്തിലെ സ്വയംപര്യാപ്തത കൈവരിച്ച ഏതൊന്നിനെ വീക്ഷിച്ചാലും ഇതേയവസ്ഥ ദര്‍ശിക്കാം. സൂഷ്മതയില്നിന്നു സ്ഥൂലതയിലേക്കോ മറിച്ചോ അന്വേഷിച്ചാല്‍ പ്രപഞ്ച വര്ത്തുളചലനംപോലെ സര്‍വവും സര്‍വവ്യാപിയായും സര്‍വപ്രധാനമായും ചരിക്കുന്നവയായിരിക്കും. ഇവിടെല്ലാം ജ്ഞാനിക്ക് ബ്രഹ്മപ്രഭ ദൃശ്യമായിരിക്കും. സംഖ്യയിലെ അവസാനയക്കം ഇല്ലെന്നിരിക്കെ ജ്ഞാനി അതു തിരയാറില്ല. അതിലൂടെ പ്രയാണംനടത്തും. അത് അവസാനയക്കത്തിനായല്ലെന്നുമാത്രം. ഇതുമനസിലാകാത്തവര് സദാ ചോദിക്കും ബ്രഹ്മമെവിടെ? (അവസാനയക്കമെവിടെ) കാട്ടിത്തരൂ എന്ന്.
പ്രപഞ്ചത്തിലെ ബ്രഹ്മപ്രഭയാര്ന്ന സര്‍വ്വതും ആദ്യന്തമില്ലാതെ ഇതേയവസ്ഥയിലാണു തുടരുക. എവിടെ തൊട്ടാലും തുടക്കവും ഒടുക്കവും മധ്യവും എല്ലാമവിടെയാകുന്നതുകാണാം എപ്രകാരമെന്നാല്‍ പൂര്‍ണവൃത്തത്തില്‍ തൊട്ടതുപോലെ. അതുകൊണ്ടാണ് ഈ പ്രപഞ്ചം പൂര്ണമാക്കാന് വൃത്തചാതുരിയായ ഈ സ്വഭാവമനുകരിച്ചതും. വൃത്തങ്ങള്‍ തലങ്ങും വിലങ്ങും അനന്തമായി സമ്മേളനം ചെയ്യവേ ഒന്നുമറ്റൊന്നുമായി സമ്മേളിക്കുന്ന ബിന്ദുവിനെ ആധാരമാക്കി ഇതാണു തുടക്കമെന്ന തെറ്റിദ്ധാരണയിലുടലെടുത്ത ശാസ്ത്രമാണു നാം കൊണ്ടാടുന്നതും കൊണ്ടാടിക്കൊണ്ടിരിക്കുന്നതുമായ പരിണാമ സിദ്ധാന്തങ്ങളെല്ലാംതന്നെ.
എന്നാല്‍ ആ തുടക്കം എന്നുപറയുന്നിടത്തുനിന്നും മുന്നോട്ടും പിന്നോട്ടും സകലവശത്തേക്കും വലുതും ചെറുതുമായ എണ്ണമറ്റ ആധാരമായ ബിന്ദുവാണ് നാം നിരീക്ഷിച്ച വൃത്തത്തിന്റെ ഭാഗമായ ബിന്ദു എന്നറിയുകയെന്നതാണ് അസാദ്ധ്യം!. അതാണു ബ്രഹ്മവൈഭവവും. പ്രപഞ്ചമാകെ നിലകൊള്ളുന്നതും അനായാസം ഒന്നുമറ്റൊന്നുമായി സമ്മേളിപ്പിച്ച് ഒന്നുമറ്റൊന്നില്നിന്നും അടര്‍ത്തിമാറ്റാന്‍ കഴിയാത്തവിധം അതിമനോഹരമായി കൂട്ടിയിണക്കി സൃഷ്ടിനടത്തുന്ന വിവരണാതീതമായ പ്രതിഭാസമത്രേ ബ്രഹ്മം! ഇതില്ലയിച്ച് ആനന്ദനിര്‍വൃതിയടയാന്‍ ആരാല്കഴിയുന്നുവോ ആ മഹാത്യാഗിയത്രേ ബ്രഹ്മജ്ഞാനി!
പ്രതികരിക്കാൻ ഇവിടെ എഴുതുക: