ദുബായ് : യുഎഇയിൽ ആരോഗ്യ മേഖലയിലെ തൊഴിലവസരങ്ങൾ വരും വർഷങ്ങളിൽ വർധിക്കുമെന്ന് റിപ്പോർട്ട്. രാജ്യത്ത് ആരോഗ്യ രംഗത്തുള്ളവരുടെ ആവശ്യം ഗണ്യമായി വർധിക്കുമെന്നും 2030-ഓടെ മുപ്പത്തിമൂവായിരത്തിലധികം നഴ്‌സുമാരും അനുബന്ധ ആരോഗ്യ വിദഗ്ധരും തൊഴിൽ മേഖലയിൽ പ്രവേശിക്കുമെന്നാണ് റിപ്പോർട്ട്. രാജ്യത്തെ ഏറെ പ്രശസ്തിയുള്ള കോളിയേഴ്‌സ് ഹെൽത്ത്‌കെയർ ആൻഡ് എജ്യുക്കേഷൻ ഡിവിഷന്റെ മാർക്കറ്റ് ഇന്റലിജൻസാണ് റിപ്പോർട്ട് പുറത്തുവിട്ടത്.
കോളിയേഴ്‌സിന്റെ കണക്കുകൾ പ്രകാരം 2030 ഓടെ അബുദാബിയിൽ11,000 നഴ്‌സുമാരുടെയും 5,000 അനുബന്ധ ആരോഗ്യ വിദഗ്ധരുടെയും സേവനം ഉണ്ടാകും. ഇതിനു പുറമെ ദുബായിൽ 6,000 ഡോക്ടർമാരും11,000 നഴ്‌സുമാരും ജോലിയിൽ പ്രവേശിക്കുമെന്നാണ്. രാജ്യത്ത് വർധിച്ചു വരുന്ന രോഗങ്ങൾ, പ്രായമായവരുടെ എണ്ണം കൂടുന്നത്, ചികിത്സാ നവീകരണത്തിലും സാങ്കേതികവിദ്യയിലുമുള്ള അതിവേഗ മുന്നേറ്റം ഇതിനു പുറമെ വിനോദ സഞ്ചാര മേഖലയിലെ കുതിപ്പ് എന്നിവയെല്ലാം ആരോഗ്യ മേഖലയിൽ കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിന് കാരണമാകുമെന്ന് റിപ്പോർട്ടിൽ ഉണ്ട്.
കോവിഡ് മഹാമാരിക്ക് ശേഷം യുഎഇയിലും ഗൾഫ് മേഖലയിലും ഹെൽത്ത് കെയർ പ്രൊഫഷണലുകളുടെ ആവശ്യം ഗണ്യമായി വർധിച്ചിട്ടുണ്ട്. ഗൾഫിലെ ഒട്ടുമിക്ക ആശുപത്രികളും മറ്റ് അനുബന്ധ സ്ഥാപനങ്ങളും കൂടുതൽ യോഗ്യതയുള്ള പരിചയസമ്പന്നരായ ഉദ്ദ്യോഗാർത്ഥികളെ പ്രത്യേകിച്ച് നഴ്സിംഗ് വകുപ്പുകളിൽ നിയമിക്കാനുളള നടപടികൾ ഇതിനോടകം തന്നെ തുടങ്ങിയിട്ടുണ്ട്. ഇത് മലയാളികളടക്കമുള്ള ആയിരക്കണക്കിന് മെഡിക്കൽ മേഖലയിലുള്ള ഉദ്യോഗാർത്ഥികൾക്ക് സുവർണാവസരമാകും.
കോളിയേഴ്‌സിന്റെ റിപ്പോർട്ട് അനുസരിച്ച് യുഎഇയിൽ ഇപ്പോൾ 157 ആശുപത്രികളുണ്ട്. ഇതിൽ 104 എണ്ണം സ്വകാര്യ മേഖലയിലാണ് പ്രവർത്തിക്കുന്നത്. രാജ്യത്തുടനീളമുള്ള കിടത്തി ചികിത്സകളുടെ എണ്ണം 18,000ത്തിൽ അധികമാണ്. ഇതിൽ 8,356 എണ്ണം സ്വകാര്യ സ്ഥാപനങ്ങളാണ് നടത്തുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. ദുബായിൽ, 10,376 ഫിസിഷ്യൻമാരും അബുദാബിയിൽ 10,141 ഫിസിഷ്യൻമാരും മറ്റ് എമിറേറ്റ്‌സുകളിൽ 5,358 ഫിസിഷ്യൻമാരുമായി 26,736 പേർ രാജ്യത്ത് ജോലി ചെയ്യുന്നുണ്ട്. യുഎഇയിലെ ഡോക്ടർമാരുടെയും, നഴ്‌സുമാരുടെയും സാന്ദ്രത ജിസിസി രാജ്യങ്ങളുടെ ശരാശരിയേക്കാൾ കൂടുതലാണെന്നും റിപ്പോർട്ടിലുണ്ട്. അതേ സമയം മികച്ച രീതിയിൽ പരിശീലനം ലഭിച്ച ഫിസിഷ്യൻമാരുടെയും നഴ്‌സുമാരുടെയും പ്രത്യേകിച്ച് പ്രാദേശിക പ്രൊഫഷണലുകളുടെയും കുറവുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
അവസരങ്ങൾ വർധിക്കുന്നത് ആർക്കൊക്കെ
രാജ്യ തലസ്ഥാനമായ അബുദാബിയിൽ സൈക്യാട്രി, എമർജൻസി മെഡിസിൻ, റേഡിയേഷൻ ഓങ്കോളജി, തീവ്രപരിചരണം, ഓർത്തോപീഡിക് സർജറി എന്നീ വിഭാഗങ്ങളിലുള്ള ഡോക്ടർമാർക്കാണ് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുക. നഴ്സിംഗിനു പുറമെ സൈക്കോളജി, ഫിസിയോതെറാപ്പി, ഒക്യുപേഷണൽ തെറാപ്പി, ലാബ് ടെക്‌നീഷ്യൻ, എമർജൻസി ടെക്‌നീഷ്യൻ എന്നീ മേഖലകളിലുള്ളവർക്കും അബുദാബിയിൽ അവസരങ്ങൾ ഉണ്ടാകും.
ദുബായിൽ ജനറൽ മെഡിസിൻ, ജനറൽ സർജറി, പീഡിയാട്രിക്‌സ്, അനസ്‌തെറ്റിസ്‌റ്റ്, ഒബ്‌സ്റ്റട്രിക്‌സ്, എൻഡോക്രൈനോളജി, കാർഡിയോളജി, നെഫ്രോളജി, എന്നീ മേഖലകളിലെ ഡോക്ടർമാർക്കുള്ള അവസരങ്ങളായിരിക്കും കൂടുതലും സൃഷ്ടിക്കപ്പെടുക. കൂടാതെ നഴ്സിംഗ് മേഖലയിലുള്ളവർക്ക് വൻ അവസരങ്ങൾ ഉരിത്തിരിയുമെന്നും റിപ്പോർട്ടിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: