തൃശൂര്‍: മഴക്കാലത്തിന് മുന്നോടിയായി ക്ഷീരകര്‍ഷകര്‍ക്ക് മുന്നറിയിപ്പുമായി മൃഗസംരക്ഷണ വകുപ്പ്. മഴക്കാലത്ത് പശുക്കള്‍ക്ക് രോഗസാധ്യത കൂടുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്നും ശുചിത്വം ഉറപ്പാക്കണമെന്നും വകുപ്പ് നിര്‍ദ്ദേശിക്കുന്നു. മുടന്തന്‍പനി, കുളമ്പുരോഗം, പൂപ്പല്‍ വിഷബാധ എന്നീ രോഗങ്ങള്‍ക്ക് സാധ്യത കൂടുതലാണെന്നും അതീവ ശ്രദ്ധ വേണമെന്ന മുന്നറിയിപ്പും ജാഗ്രതാ നിര്‍ദേശങ്ങളും വകുപ്പ് പുറപ്പെടുവിച്ചു.
പാല് ഉത്പാദനം കൂടുതലുള്ള പശുക്കള്‍ക്ക് മഴക്കാലത്ത് തണുപ്പിനോട് താദാത്മ്യം പ്രാപിക്കാന്‍ ഊര്‍ജം കൂടുതലായുള്ള തീറ്റകള്‍ ആവശ്യമായ അളവില്‍ നല്‍കണം. കന്നുകാലികളുടെ ആരോഗ്യം, തൊഴുത്ത്, ചാണകക്കുഴിയുടേയും പരിസരപ്രദേശങ്ങളുടേയും ശുചിത്വം, കറവക്കാരന്റെ ശുചിത്വം, കര്‍ഷകന്റെ ശുചിത്വം എന്നിവ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.
ഈച്ച, കൊതുക്, പട്ടുണ്ണി എന്നിവയെ നിയന്ത്രിക്കാന്‍ കര്‍പ്പൂരം, കുന്തിരിക്കം എന്നിവ പുകയ്ക്കണം. കാലിത്തീറ്റ, വയ്ക്കോല് തുടങ്ങിയ തീറ്റ സാധനങ്ങള്‍ ഈര്‍പ്പം തട്ടാതെ സൂക്ഷിക്കണം. തൊഴുത്ത് വൃത്തിയാക്കാന്‍ ബ്ലീച്ചിങ് പൗഡര്‍, അലക്കുകാരം, കുമ്മായം എന്നിവ ഉപയോഗിക്കണം. തറയില്‍ വെള്ളവും പാലും കെട്ടിക്കിടക്കുന്നത് ഒഴിവാക്കണം. കറവയ്ക്ക് മുന്‍പായി അകിട് വൃത്തിയായി കഴുകിത്തുടയ്ക്കുന്നതിലും പ്രത്യേകം ശ്രദ്ധിക്കണം.
അകിടില്‍ ഉണ്ടാകുന്ന ചെറിയ മുറിവുകളും നിസ്സാരമായി തള്ളിക്കളയാതെ ആവശ്യമായ ചികിത്സ നല്‍കണം. പൂര്‍ണമായും പശുവിനെ കറക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. കറവക്ക് ശേഷം പോവിഡോണ്‍ അയഡിന്‍ ലായനി ഉപയോഗിച്ച് കാമ്പുകള്‍ മുക്കുന്നതുമൂലം അകിടുവീക്കം തടയാന്‍ സാധിക്കും. ഏതു കാലാവസ്ഥയിലും ചാണകവും മൂത്രവും തൊഴുത്തിനു സമീപം കെട്ടിനില്‍ക്കാതെ നീക്കം ചെയ്യാന്‍ ശ്രദ്ധിക്കണം. പരിസരം കുമ്മായം വിതറി അണുവിമുക്തമാക്കാവുന്നതാണ്.
പ്രതിരോധ കുത്തിവെപ്പ് സൗകര്യങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്നും വകുപ്പ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: