ഭുവനേശ്വര്‍ : ട്രെയിന്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്കെന്ന് രക്ഷപ്പെട്ട മലയാളികള്‍. കൊല്‍ക്കത്തയില്‍ നിന്നും കോറമണ്ഡല്‍ എക്സ്പ്രസ് ട്രെയിനില്‍ നാട്ടിലേക്ക് തിരിക്കുകയായിരുന്ന അന്തിക്കാട് സ്വദേശികളായ കിരണ്‍, വിജേഷ്, വൈശാഖ്, രഘു എന്നീ നാല് പേരാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.
ക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് കൊല്‍ക്കത്തയില്‍ പോയി തിരിച്ചു വരുന്നതിനിടെയാണ് അപകടത്തില്‍പ്പെടുന്നത്. കോച്ചില്‍ ഒപ്പം യാത്ര ചെയ്തിരുന്നവരില് പലരും മരിച്ചു. നില്‍ക്കുകയായിരുന്നത് കൊണ്ട് മാത്രമാണ് അപകടത്തില്‍ നിന്നും സാരമായ പരിക്കുകളില്ലാതെ രക്ഷപ്പെട്ടത്.
എമര്‍ജന്‍സി എക്സിറ്റ് തുറന്നാണ് ഇവര്‍ രക്ഷപ്പെട്ടത്. കോച്ചില്‍ ഒപ്പം സഞ്ചരിച്ചവരില്‍ പലരുടേയും മൃതദേഹങ്ങളും ഗുരുതരമായി പരിക്കേറ്റ് കിടക്കുന്നതും കണ്ടതിന്റെ ഞെട്ടലില്‍ നിന്നും നാല് പേരും ഇതുവരെ മുക്തമായിട്ടില്ല. രണ്ട് വട്ടം ട്രെയിന്‍ ഇടത്തേക്ക് മറിഞ്ഞുവെന്ന് പരിക്കേറ്റ അന്തിക്കാട് സ്വദേശി കിരണ്‍ പറഞ്ഞു. ഒരാളുടെ പല്ല് പോയി. നടുവിനും തലയ്ക്കും പരിക്കേറ്റു.
അപകടത്തിന് ശേഷം സമീപത്തെ വീട്ടില്‍ അഭയം തേടി, അവിടന്നാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. അന്തിക്കാട് സ്വദേശികളായ എട്ടുപേരാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി കൊല്‍ക്കത്തയിലേക്ക് പോയിരുന്നത്. ഇതില്‍ കരാറുകാരന് ഉള്‍പ്പെടെ നാലുപേര്‍ കഴിഞ്ഞ ദിവസം അന്തിക്കാട് തിരികെയെത്തിയിരുന്നു. ബാക്കി നാലുപേര്‍ തിരികെ വരുന്നതിനിടെയാണ് അപകടമുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: