സജിചന്ദ്രന്‍
തിരുവനന്തപുരം: കാടിനകത്ത് ഓര്‍മകളിലൊതുങ്ങി അമ്പൂരിയിലെ കുന്നത്തുമലയിലെ ഏകാധ്യാപക വിദ്യാലയം ഇപ്പോഴും അവിടെയുണ്ട്. രണ്ട് പതിറ്റാണ്ടു കാലം അക്ഷരം പൂത്തുനിന്ന ഈ വിദ്യാലയം തേടി ഇനിയാരും ഇവിടെ എത്താനില്ല. കാട്ടിടവഴിയും വനത്തിന്റെ പച്ചത്തലപ്പും താണ്ടി കാട്ടുവള്ളികള്‍ക്കും വന്യമൃഗങ്ങള്‍ക്കുമിടയിലൂടെ അക്ഷര മധുരം നുകരാനെത്തുന്ന കുരുന്നുകളും ഏകാധ്യാപികയും ഇവിടം കടന്നു പോയിട്ട് വര്‍ഷം ഒന്നുകഴിഞ്ഞു.
നാടെങ്ങും വിദ്യാലയങ്ങള്‍ പ്രവേശനോത്സവത്തിന്റെ തയ്യാറെടുപ്പുകളില്‍ മുഴുകുമ്പോഴും കുരുത്തോല തോരണങ്ങളും പ്ലാവിലത്തൊപ്പികളുമായി പ്രവേശനോത്സവം നടത്തിയ വനവാസി മേഖലയിലെ ഏകാധ്യാപക വിദ്യാലയത്തെ മറക്കാത്ത ഒരു അധ്യാപികയുണ്ട്. പതിറ്റാണ്ടുകള്‍ പരിമിതികളുടെയും പരാധീനതകളുടെയും ഭാണ്ഡവും പേറി പുഴയും മലയും താണ്ടി വനവാസി കുട്ടികള്‍ക്ക് അക്ഷരം പകരാനെത്തിയ കാടിന്റെ സ്വന്തം ഉഷ ടീച്ചര്‍. ഒരിറ്റു നൊമ്പരത്തോടെയല്ലാതെ ആ അധ്യാപനക്കാലം ഓര്‍ത്തെടുക്കാനാകില്ല ടീച്ചര്‍ക്ക്. കഴിഞ്ഞ വിദ്യാഭ്യാസ വര്‍ഷത്തിലാണ് ഏകാധ്യാപക വിദ്യാലയങ്ങള്‍ നിര്‍ത്തലാക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം നടപ്പാക്കിയത്. വിദ്യാര്‍ഥികളെ സമീപത്തെ സര്‍ക്കാര്‍ വിദ്യാലയങ്ങളിലാക്കി. കൂടുതല്‍ കുട്ടികളും ഹോസ്റ്റല്‍ സൗകര്യമുള്ള സ്‌കൂളുകളിലെത്തിയപ്പോള്‍ കുറച്ചുപേര്‍ സമീപത്തെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ചേര്‍ന്നു പഠനം തുടരുന്നു. അധ്യാപികയായ ഉഷ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ സ്വീപ്പറായി ജോലിയില്‍ പ്രവേശിച്ചു.
അമ്പൂരി പഞ്ചായത്തിലെ തൊടുമലവാര്‍ഡില്‍ 1999-ലാണ് ഏകാധ്യാപക വിദ്യാലയത്തിന് തുടക്കം കുറിച്ചത്. ഒന്നു മുതല്‍ നാലാം ക്ലാസ് വരെ പതിമൂന്ന് വനവാസി വിദ്യാര്‍ഥികളാണ് അവസാനം ഇവിടെ പഠിച്ചിരുന്നത്. ജില്ലയില്‍ 13 ഏകാധ്യാപക വിദ്യാലയങ്ങളാണ് പൊതുവിദ്യാഭ്യാസവകുപ്പിന് കീഴില്‍ പ്രവര്‍ത്തിച്ചിരുന്നത്. പ്രതിബന്ധങ്ങളെയെല്ലാം തട്ടിമാറ്റിയ ഏകാധ്യാപകരുടെ ദൃഢനിശ്ചയത്തോടു കൂടിയ പ്രവര്‍ത്തനമാണ് കാടിന്റെ മക്കള്‍ക്ക് അക്ഷരം പകര്‍ന്നത്. ഡിപിഇപി പദ്ധതി പ്രകാരം ഇരുപത് വര്‍ഷം മുമ്പാണ് ഉഷടീച്ചര്‍ കുന്നത്തുമലയിലെ ഏകാധ്യാപക വിദ്യാലയത്തില്‍ അധ്യാപികയായെത്തുന്നത്.
സമുദ്രനിരപ്പില്‍ നിന്നും ആറായിരത്തിലധികം അടി ഉയരത്തിലാണ് കുന്നത്തുമലയിലെ ഏകാധ്യാപക വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കാടും മലയും കടത്തു വള്ളത്തില്‍ പുഴയും താണ്ടി അഞ്ച് കിലോമീറ്ററോളം വനത്തിലൂടെ സഞ്ചരിച്ചാലേ കുന്നത്തുമലയിലെ അഗസ്ത്യ ഏകാധ്യാപക വിദ്യാലയത്തില്‍ എത്താന്‍ കഴിയൂ. പുതിയൊരു വിദ്യാഭ്യാസ വര്‍ഷം തുടങ്ങുമ്പോള്‍ ഓര്‍മകളിലൊതുങ്ങി വിദ്യാര്‍ഥികളും അധ്യാപികയുമില്ലാതെ കുന്നത്തുമലയിലെ സ്‌കൂള്‍ അവിടെത്തന്നെയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: