തിരുവനന്തപുരം: എല്ലാവര്ക്കും ഇന്റര്‍നെറ്റ് എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന കെഫോണ്‍ പദ്ധതി ജൂണ്‍ അഞ്ചിനു യാഥാര്‍ഥ്യമാകും.
വൈകിട്ട് നാലിനു നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണന് തമ്പി മെമ്പേഴ്സ് ലോഞ്ചില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് കേരളത്തിന്റെ അഭിമാന പദ്ധതി നാടിനു സമര്‍പ്പിക്കും. പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ 30,000 സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഒരു നിയമസഭാ മണ്ഡലത്തില്‍ 100 വീടുകള്‍ എന്ന കണക്കില്‍ 14,000 വീടുകളിലും കെഫോണ്‍ ഇന്റര്‍നെറ്റ് എത്തും.
സംസ്ഥാനത്ത് സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന 20 ലക്ഷത്തോളം കുടുംബങ്ങള്‍ക്കു സൗജന്യമായും മറ്റുള്ളവര്‍ക്കു മിതമായ നിരക്കിലും ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുകയാണു കെഫോണിലൂടെ സര്‍ക്കാര്‍ ലക്ഷ്യംവയ്ക്കുന്നത്. നിലവില്‍ 18000 ഓളം സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ കെഫോണ്‍ മുഖേന ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കിക്കഴിഞ്ഞു. 7000 വീടുകളില്‍ കണക്ഷന് ലഭ്യമാക്കാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ത്തീകരിച്ചു. അതില്‍ 748 കണക്ഷന് നല്കി.
40 ലക്ഷത്തോളം ഇന്റര്‍നെറ്റ് കണക്ഷനുകള്‍ നല്കാന് കഴിയുന്ന ഐടി അടിസ്ഥാന സൗകര്യങ്ങള്‍ കെഫോണ്‍ ഇതിനോടകം സജ്ജമാക്കിയിട്ടുണ്ട്. ഇതിനായി 2519 കിലോമീറ്റര്‍ ഒപിജിഡബ്ല്യു കേബിളിങ്ങും 19118 കിലോമീറ്റര്‍ എഡിഎസ്എസ് കേബിളിങ്ങും പൂര്‍ത്തിയാക്കി. കൊച്ചി ഇന്‍ഫോപാര്‍ക്ക് കേന്ദ്രീകരിച്ചാണ് കെഫോണിന്റെ ഓപ്പറേറ്റിങ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്.
പദ്ധതിക്ക് അടിസ്ഥാന സൗകര്യ സേവനങ്ങള്‍ നല്കുന്നതിനാവശ്യമായ കാറ്റഗറി 1 ലൈസന്‍സും ഔദ്യോഗികമായി ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കാനുള്ള ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍ (ഐഎസ്പി) കാറ്റഗറി ബി യൂണിഫൈഡ് ലൈസന്‍സും നേരത്തെ ലഭ്യമായിരുന്നു. ജൂണ്‍ അഞ്ചിനു നടക്കുന്ന സംസ്ഥാനതല ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി നിയോജക മണ്ഡലാടിസ്ഥാനത്തിലും പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: