കൊല്ലം : ഓച്ചിറ ഗ്രാമ പഞ്ചായത്ത് ഓഫീസിനുള്ളില്‍ തീപിടിത്തം. ഓഫീസിനുള്ളിലെ പരാതി സ്വീകരിക്കുന്ന കൗണ്ടറിനാണ് തീപിടിച്ചത്. ഫയലുകളും ഒരു കമ്പ്യൂട്ടറും കത്തിനശിച്ചു. വെള്ളിയാഴ്ച രാവിലെ ആറ് മണിയോടെയാണ് തീപിടിത്തമുണ്ടായതിന്റെ വിവരങ്ങള്‍ പുറത്തുവരുന്നത്.
പ്രദേശവാസിയായ യുവാവാണ് തീപിടിത്തമുണ്ടായ വിവരം അധികൃതരെ അറിയിച്ചത്. പഞ്ചായത്ത് പ്രസിഡന്റിന്റെ മുറിയുടെ ചെറിയൊരു ഭാഗത്തേക്കും തീപടര്‍ന്നിരുന്നു. ഉടന്‍തന്നെ നാട്ടുകാരും പഞ്ചായത്ത് അംഗങ്ങളും ചേര്‍ന്ന് തീ അണയ്‌ക്കുകയായിരുന്നു. കരുനാഗപ്പള്ളിയില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തിയപ്പോഴേയ്‌ക്കും തീയണച്ചിരുന്നു.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തീപിടിത്തത്തില്‍ പ്രധാനപ്പെട്ട രേഖകള്‍ നഷ്ടപ്പെട്ടിട്ടില്ലെന്നും ഭൂരിഭാഗം ഫയലുകളും കമ്പ്യൂട്ടറിലേക്ക് മാറ്റിയതിനാല്‍ അവ വീണ്ടെടുക്കാന്‍ സാധിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് ഡി. ശ്രീദേവി പറഞ്ഞു.
സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താനും പഞ്ചായത്ത് തീരുമാനിച്ചിട്ടുണ്ട്. ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റിലെ ഉദ്യോഗസ്ഥരും ഫോറന്‍സിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: