ഡോ. ഡെയ്സന്‍ പാണേങ്ങാടന്
വലിയ വസന്തമില്ലാതെയും ആരവങ്ങളില്ലാതെയും ഒരു പുതിയ അദ്ധ്യായന വര്‍ഷം കൂടി വന്നെത്തി. പുതുപ്രതീക്ഷകളും വലിയ പ്രതിജ്ഞകളുമൊക്കെയായി കുട്ടികളും. അന്നന്നു പഠിക്കേണ്ടത് അന്നന്ന് തന്നെപഠിക്കുമെന്ന ദൃഢപ്രതിജ്ഞയുമായി വരുന്ന അവരില്‍ ബഹുഭൂരിപക്ഷവും, കുറഞ്ഞ ദിവസങ്ങള്‍ക്കകം പഴയ ഫോമിലേക്കു മാറും.’Well begun is half done’ എന്നു പറഞ്ഞു തുടങ്ങുന്ന അവരൊക്കെ ദിവസങ്ങള്‍ കഴിയുംതോറും കാലികമായ മാറ്റങ്ങള്‍ക്കു വിധേയമായി മടിയന്മാരാകുന്നത്, നാമെത്ര കണ്ടതാണ്. ടൈറ്റാനിക് കപ്പലിനെ പറ്റി കേള്‍ക്കാത്തവരും വായിക്കാത്തവരും വിരളമായിരിക്കും. എല്ലാവിധ സുരക്ഷാ മാനദണ്ഡങ്ങളോടെയും തകരില്ലെന്ന ഉറച്ച ആസൂത്രണത്തോടെയും നീറ്റിലിറക്കിയ ടൈറ്റാനിക്, ആദ്യ യാത്രപോലും പൂര്‍ത്തിയാക്കാതെ ഇടിച്ചു തകര്‍ന്നുവെന്നത് ചരിത്ര സത്യമാണ്. കപ്പലിന്റെ നിര്‍മ്മാതാക്കള്‍, അഹങ്കാരം അല്‍പ്പം കുറച്ച് കുറെ കൂടി അവധാനതയോടും ശ്രദ്ധയോടും മുന്നൊരുക്കത്തോടെയും പരീക്ഷണയോട്ടം നടത്തി, ശേഷം ആവശ്യമായ മാറ്റങ്ങളോടെയും ടൈറ്റാനിക്കിനെ അവതരിപ്പിച്ചിരുന്നുവെങ്കില്‍, എക്കാലത്തെയും ആഡംബരകപ്പലായി ഇന്നും അത് സമൂഹത്തില്‍ നിലനില്ക്കുമായിരുന്നു. ചുരുക്കി പറഞ്ഞാല്‍, മാറുന്ന ലോകത്തോടൊപ്പം സ്വയം മാറാന്‍ ശ്രമിച്ചില്ലെങ്കില്‍, അതിജീവനം പോലും സാധിതമാകില്ലെന്നത് ചരിത്ര യാഥാര്‍ത്ഥ്യമാണ്.
വേണം, നമുക്കൊരു ടൈം ടേബിള്‍
സമയബന്ധിതമായി പഠിക്കുകയെന്നതാകണം, ഒരു വിദ്യാര്‍ത്ഥിയുടെ പ്രാഥമിക ലക്ഷ്യം. എല്ലാ കാര്യങ്ങള്‍ക്കും കൃത്യമായി സമയം കണ്ടെത്താന്‍ ടൈംടേബിള്‍ ഒരു അനിവാര്യതയാണ്. രാവിലെ എഴുന്നേല്‍ക്കുന്നത്, ഭക്ഷണം കഴിക്കുന്നത്, കുളിക്കുന്നത്, പത്രം വായിക്കുന്നത്, അന്നേക്ക് പഠിക്കാനുള്ള കാര്യങ്ങള്‍ ഓടിച്ചു വായിക്കുന്നത്, ഉച്ചതിരിഞ്ഞ് സ്കൂളില്‍ നിന്നു വന്നതിനു ശേഷമുള്ള കളികള്‍, ഹോം വര്‍ക്കുകള്‍, തുടര്‍ന്നുള്ള പഠനം തുടങ്ങിയെല്ലാത്തിനും ഒരു സമയനിഷ്ഠ വേണം. ഇനി പഠിക്കാനുള്ള വിഷയങ്ങളുടെ എളുപ്പവും ബുദ്ധിമുട്ടും കണക്കിലെടുത്ത്, ബുദ്ധിമുട്ടുള്ള വിഷയങ്ങള്‍ക്ക് പ്രധാനപ്പെട്ട സമയവും കൂടുതല്‍ സമയവും മാറ്റി വെച്ച് ക്രമീകരിക്കണം. പഠന സമയം കഴിഞ്ഞുള്ള വിശ്രമവേളകളില്‍ അധികവായനയ്ക്കും സമയം കണ്ടെത്തേണ്ടതുണ്ട്. അവധി ദിവസങ്ങളില്‍ പാഠഭാഗങ്ങള്‍ റിവിഷന്‍ ചെയ്യാനുള്ള സാധ്യത ഉപയോഗിക്കുകയും അത്തരം ദിവസങ്ങളില്‍ നിശ്ചിതസമയം പഠനത്തിനായി മാറ്റി വെയ്ക്കുകയും വേണം. നമുക്കൊരു ടൈംടേബിള്‍ ഉണ്ടെങ്കില്‍, സംശയം വേണ്ട; എല്ലാക്കാര്യങ്ങള്‍ക്കും സമയമുണ്ടാകും. കൃത്യമായി ടൈംടേബിളുണ്ടാക്കി പഠിച്ചുപോകുന്ന കുട്ടികള്‍ക്ക് ടെന്‍ഷന്‍ വളരെ കുറവായിരിക്കും.
പഠന ശൈലിയില്‍ അനിവാര്യമായ മാറ്റം
മൊബൈല്‍ വിസ്മയം ലോകത്താരംഭിച്ചപ്പോള് നാം കേട്ടു ശീലിച്ച ഒരേയൊരു പേര്,’നോക്കിയ’ എന്നതുമാത്രമായിരുന്നു. ലോകത്തിലെ തന്നെ ആകെ മൊബൈല്‍ വിപണിയുടെ 70 ശതമാനം കൈയടക്കിയിരുന്ന കമ്പനിയായിരുന്നു , ‘നോക്കിയ’ ബ്രാന്‍ഡ്. പിന്നീട് ഗൂഗിള്‍, ആന്‍ഡ്രോയ്ഡ് പ്ലാറ്റ്ഫോം ഫ്രീവെയര്‍ ആയി അവതരിപ്പിച്ചപ്പോള്‍ അതിനോടു മുഖം തിരിച്ച നോക്കിയ, കാലഘട്ടത്തിന്റെ മാറ്റം തിരിച്ചറിയാന്‍ ശ്രമിക്കാതെ ആന്‍ഡ്രോയ്ഡ് പ്ലാറ്റ്ഫോമിലേക്ക് ഇല്ലെന്നു അഹങ്കാരത്തോടെ പ്രഖ്യാപിച്ചു. ആന്‍ഡ്രോയ്ഡിന്റെ അതിവേഗവളര്ച്ചക്കു മുന്നില്‍ അവര്‍ക്ക് കാലിടറി. പിന്നീടുള്ള കാഴ്ച നാം കണ്ടതാണ്. ശരവേഗത്തില്‍, മൊബൈലുകള്‍ സ്മാര്‍ട്ട് ഫോണിലേക്ക് മാറി. വില കുറഞ്ഞ ആന്‍ഡ്രോയ്ഡ് ഫോണുകള്‍ ഇറക്കി ചൈനയും, ബ്രാന്‍ഡ് ലീഡര്‍മാരായി സാംസങ്ങും സ്മാര്‍ട്ട്ഫോണ്‍ വിപണി കയ്യടക്കി. അപകടം തിരിച്ചറിഞ്ഞ്, ഗതികേട്ട് അവസാനം, ആന്‍ഡ്രോയ്ഡ് വെര്ഷന് നോക്കിയ ഇറക്കിയെങ്കിലും, വിപണിയില്‍ പിന്നീടവര്‍ പച്ചപിടിച്ചില്ല. കാലാനുസൃതമായ മാറ്റങ്ങള്‍ നമ്മുടെ പഠന രീതിയില്‍ ഉണ്ടായില്ലെങ്കില്‍ നാം പിന്തള്ളപ്പെടുമെന്ന യാഥാര്‍ത്ഥ്യം നാം കാണാതെ പോകരുത്.
സ്വപ്നങ്ങളെ പുല്കാം
ഭാവിയെ പറ്റിയുള്ള വലിയ സ്വപ്നങ്ങള്‍ കാണാനും അവയെ മനനം ചെയ്യാന്‍ കൂടിയുള്ളതാണ്, പഠനക്കാലം. കാലഘട്ടം ആവശ്യപ്പെടുന്ന ജോലി മേഖലകള്‍ സംബന്ധിച്ചും പുത്തന്‍ തൊഴിലവസരങ്ങളെ സംബന്ധിച്ചും അറിയാനും മനസ്സിലാക്കാനും ഉപകാരപ്രദമാകണം. പരമ്പരാഗതമായി പിന്തുടരുന്ന പഠന തൊഴില്‍ മേഖലകള്‍ക്കപ്പുറത്ത്, പുതിയവ കണ്ടെത്താനും അവയെപ്പറ്റി കൂടുതല്‍ മനസ്സിലാക്കാനും പ്രായോഗികതലത്തിലെത്തിക്കാനും സാധിയ്ക്കണം.
അറിവിന്റെ ലോകം കീഴടക്കാം
പുസതകങ്ങളിലൂടെയും പത്രത്താളുകളിലൂടെയും അറിവിന്റെയും പൊതു വിജ്ഞാനത്തിന്റേയും ലോകത്ത് വ്യാപരിക്കാനുള്ള സാധ്യതകളെ പരിപോഷിപ്പിക്കുന്നതോടൊപ്പം, പത്രങ്ങള്‍ സമയമെടുത്തു വായിക്കാനും അതാതു ദിവസങ്ങളിലെ സുപ്രധാന സംഭവങ്ങള്‍ സ്വന്തം ഡയറിയില്‍ കുറിയ്ക്കാനും സാധിയ്ക്കണം. പൗരബോധവും രാഷ്ട്ര ബോധവും ഒരാളുടെ അടിസ്ഥാന ചിന്തകളില്‍ അഭിരമിക്കേണ്ട സാധ്യതകള്‍ പരിശീലിപ്പിക്കുന്നതിനുള്ള സാഹചര്യം കൂടി, നമുക്കു വേണം. ഒഴിവു സമയങ്ങളില്‍ കഥകളും കവിതകളും മഹാന്മാരുടെ ജീവിത കഥകളും എന്നു വേണ്ട; വായിക്കാനിഷ്ടമുള്ള ഏതു മേഖലയും വായിക്കാന്‍ സമയം കണ്ടെത്തേണ്ടതുണ്ട്. ചാറ്റ് ജി.പി. ടി. പോലുള്ള നിര്‍മ്മിത ബുദ്ധിയുടെ പുതിയ സാധ്യതകളെ പുല്കി, അറിവിന്റെ ചക്രവാളങ്ങള്‍ ഭേദിക്കാനുമുള്ള അവസരങ്ങളെ ഉപയോഗപ്പെടുത്താവുന്നതുമാണ്. കാര്യങ്ങളെ മനസ്സിലാക്കാനുള്ള പക്വതയിലെത്തിച്ചേരുക പരന്ന വായനയിലൂടെയും ആളുകളുമായുള്ള സംസര്‍ഗത്തിലൂടെയുമാണ്. വാക്കുകള്‍ക്കും പ്രയോഗങ്ങള്‍ക്കും അതിനാല്‍ തന്നെ വലിയ പ്രസക്തിയുമുണ്ട്. പുതിയ വാക്കുകളും പ്രയോഗങ്ങളും പഠിയ്ക്കാനും ആശയങ്ങളെ മികവുറ്റ രീതിയില്‍ കൈമാറ്റം ചെയ്യാനും ഈ കാലത്ത് അവരെ പ്രാപ്തരാക്കാനുള്ള ശ്രമങ്ങളുണ്ടാകണം.
വിവേചനാ ബുദ്ധിയുടെ പ്രസക്തി
നരവംശശാസ്ത്രജ്ഞരുടെ നിഗമനത്തില്‍, മറ്റു സൃഷ്ടി ജാലങ്ങളില്‍ നിന്നും മനുഷ്യനെ വ്യത്യസ്തനാക്കുന്നത്, മനുഷ്യന്റെ വിവേചനാ ബുദ്ധിയാണ്. ശരിയും തെറ്റും നിര്‍വചിച്ച്, മനുഷ്യനെ ശരിയുടെ പക്ഷത്തേയ്ക്ക് ചേര്‍ത്തു നിര്‍ത്തുന്നതും ഈ വിവേചനാശേഷിയാണ്. കാലികമായി പരിശോധിച്ചാല്‍, മനുജന്റെ ഈ വിവേചനാശേഷി വിപരീതാന്നുപാതത്തിലാണെന്നു കാണാം. ചെറുപ്രായത്തില്‍ തന്നെ മക്കളെ ശരിയും തെറ്റും നിര്‍വ്വചിച്ചു വേര്‍തിരിയ്ക്കുന്നതില്‍ മാതാപിതാക്കള്‍ കാണിച്ച ജാഗ്രതക്കുറവും മറ്റെന്തിനേക്കാള്‍ ബൗദ്ധികപരമായ കാര്യങ്ങള്‍ക്കു വിദ്യാലയങ്ങളില്‍ പ്രാമുഖ്യം ലഭിച്ചതും ഇതിനു കാരണമാകുന്നുണ്ട്. നല്ല തലമുറയെ വാര്‍ത്തെടുക്കുന്നതിലെ പ്രാഥമിക പരിശീലനക്കളരികള്‍ കുടുംബങ്ങള്‍ തന്നെയാണ്. കുട്ടിത്തത്തില്‍ രൂപപ്പെടുന്ന ചിന്തകളും പ്രവര്‍ത്തനങ്ങളും തന്നെയാണ് അവരുടെ അടിത്തറ. തുല്യതയുടെയും സമത്വത്തിന്റെയും പാഠങ്ങള്‍ അവര്‍ പഠിക്കേണ്ടത് കുടുംബങ്ങളില്‍ നിന്നു തന്നെയാണ്.പുരുഷനും സ്ത്രീയും പരമ്പരാഗതമായി കുടുംബങ്ങളില്‍ പിന്തുടരുന്ന ജോലികള്‍, പരസ്പരം പങ്കുവെച്ച്, തൊഴിലിന്റെ മാഹാത്മ്യം അവരെ പഠിപ്പിക്കുകയെന്നതും മുതിര്‍ന്നവരുടെ ഉത്തരവാദിത്വമാണ്.
ലൈംഗികവിദ്യാഭ്യാസത്തിന്റെ അനിവാര്യത
സ്ത്രീകള്‍ക്കും പ്രത്യേകിച്ചും കുട്ടികള്‍ക്കും നേരെ നടക്കുന്ന ലൈംഗികാതിക്രമങ്ങള്‍ നിര്‍ബാധം തുടരുന്ന ഒരു സാമൂഹ്യ വ്യവസ്ഥിതിയിലേയ്ക്ക് നമ്മുടെ നാട് മാറിക്കൊണ്ടിരിക്കുന്നുവെന്നത് ഇന്നിന്റെ നടുക്കുന്ന യാഥാര്‍ത്ഥ്യമാണ്. രജിസ്റ്റര്‍ ചെയ്യപ്പെടുന്ന പോക്സോ കേസുകളുടെ എണ്ണത്തേക്കാള്‍ എത്രയോ മടങ്ങധികമാണ്, നാട്ടില്‍ നടന്നുകൊണ്ടിരിക്കുന്നവ. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടേയും ബാലാവകാശ കമ്മീഷന്റേയും കണക്കുകള്‍ പ്രകാരം, പരാതികളില്‍ വലിയ പക്ഷത്തിലും പ്രതികള്‍ കുടുംബാംഗങ്ങളാണെന്നത്, നമ്മുടെ സാംസ്കാരികാധപതനത്തിന്റെ നേര്‍ക്കാഴ്ച്ച കൂടിയാണ്. സ്ത്രീയെ ഭൂമിയായും ദേവിയായും ഉപമിച്ച്, പൊതു സമൂഹത്തില്‍ ഉയര്‍ന്ന മൂല്യം നല്കി വരുന്ന നമ്മുടെ സംസ്കാരത്തിന്റെ പ്രായോഗികതയില്‍ തന്നെയാണ് അവള് ഇരയുടെ വേദനയുമായി, വില്‍പ്പന ചരക്കായി മാറി കൊണ്ടികൊണ്ടിരിക്കുന്നതെന്നത് എത്രയോ വിരോധാഭാസമാണ്.
വിദ്യാലയ കാലയളവ്, ‘വ്യക്തികളെ പരസ്പരം അടുത്തറിയാനും മനസ്സിലാക്കാനുമുള്ള കാലയളവ്’ കൂടിയാണെന്നും നമ്മുടെ കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കേണ്ടതുണ്ട്. തെരഞ്ഞെടുപ്പിന്റെ ആ കാലയളവില്‍ ഒരു വ്യക്തിയുടെ സ്വാതന്ത്യത്തെകുറിച്ചും അയാളുടെ പ്രാഥമികവും മൗലികവുമായ അവകാശങ്ങളെ കുറിച്ചും അവരെ പഠിപ്പിക്കുകയും വേണം. ആര്‍ത്തവത്തെ കുറിച്ചും ആ സമയങ്ങളില്‍ അവരനുഭവിക്കുന്ന ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകളെ കുറിച്ചും പഠിപ്പിക്കുമ്പോള്‍, ഒരു സംശയവും വേണ്ട; ആണ്‍കുട്ടികളില്‍ രൂപപ്പെടുക സഹാനുഭൂതിയും പരസ്പര ആശ്രയ ബോധവും തന്നെയാണ്. ഗര്‍ഭകാലത്തെ കുറിച്ചും ഭാര്യ ഭര്‍തൃ ബന്ധങ്ങളുടെ നന്മയെ കുറിച്ചും കുടുംബമെന്ന സങ്കല്‍പ്പത്തെ കുറിച്ചും അറിയാനുള്ള സാധ്യത കൂടി നമ്മുടെ കലാലയ ക്ലാസ്സ് മുറികളിലുണ്ടാകണം. ബീജവും അണ്ഡവും സംയോജിച്ച്, ഭ്രൂണമുണ്ടാകുന്നുവെന്ന ജൈവശാസ്ത്രപരമായ പഠനങ്ങള്‍ക്കൊപ്പം, സന്മാര്ഗ്ഗ ചിന്തയോടെയുള്ള ലൈംഗിക വിദ്യാഭ്യാസവും നമ്മുടെ ക്ലാസ്സ് മുറികളിലുണ്ടാകണം.
(തൃശ്ശൂര്‍ സെന്റ് തോമസ് കോളജിലെ അസി. പ്രഫസറാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: