അമ്പലപ്പുഴ: തകഴി ഗവ.യുപി സ്‌കൂള്‍ കോമ്പൗണ്ട് കുറ്റിച്ചെടികള്‍ വളര്‍ന്ന് ഇഴജന്തുക്കളുടെ വിഹാര ഭൂമിയായി മാറി. തകഴി ക്ഷേത്ര ജങ്ഷനിലുള്ള തകഴി ശിവശങ്കരപിള്ള യുപി സ്‌കൂളില്‍ 500 ഓളം വിദ്യാര്‍ത്ഥികളാണ് ഉള്ളത്. സ്‌കൂള്‍ മുറ്റം മാത്രം വൃത്തിയാക്കിയാണ് ഇവിടെ പ്രവേശനോത്സവം നടത്തിയത്. ശുചി മുറികളില്‍ പോകണമെങ്കില്‍ ഈ കുറ്റിക്കാടുകളുടെ ഇടയിലൂടെ വേണം പോകുവാന്‍.
സമീപ പ്രദേശങ്ങളിലെല്ലാം നിരവധി കാവുകളും, കുളങ്ങളും ഉള്ളതിനാല്‍ പ്രദേശത്ത് ഇഴജന്തുശല്യം രൂക്ഷമാണെന്നാണ് രക്ഷകര്‍ത്താക്കള്‍ പറയുന്നത്. സ്‌കൂളിന് പിന്നിലെ പടഹാരം റോഡിലേക്കുള്ള വഴിയിലെ ഓടകളുടെ സ്ലാബുകളും പൊട്ടിക്കിടക്കുകയാണ്. ഇതും അപകടത്തിന് കാരണമാകുമെന്ന് നാട്ടുകാര്‍ പറയുന്നു. മഴക്കാലമാകുന്നതോടെ കുറ്റിക്കാടുകള്‍ കൂടുതല്‍ വളര്‍ന്ന് കുട്ടികള്‍ക്ക് ഭീഷണിയാകുമെന്നും, അധികൃതര്‍ ഇടപെട്ട് വൃത്തിയാക്കി കുട്ടികളുടെ സുരക്ഷ ഉറപ്പാക്കണമെന്നുമാണ് ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: