പാരീസ്: ഈ സീസണ് അവസാനിക്കുന്നതോടെ ലയണല്‍ മെസ്സി ടീം വിടുമെന്ന് അറിയിച്ച് പിഎസ്ജി പരിശീലകന് ക്രിസ്റ്റൊഫി ഗാല്‍ട്ടിയര്‍. ഫ്രഞ്ച് ലീഗ് വണ്ണിലെ ക്ലെര്‍മോണ്ട് ഫൂട്ടിനെതിരായ പോരാട്ടം ക്ലബ് ജഴ്സിയില്‍ താരത്തിന്റെ അവസാന മത്സരമായിരിക്കുമെന്ന് പരിശീലകന് അറിയിച്ചു. ഞായറാഴ്ച ഇന്ത്യന്‍ സമയം പുലര്‍ച്ചെ 12.30നാണ് ഈ മത്സരം.
‘ഫുട്ബോളിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച താരത്തെ പരിശീലിപ്പിക്കാന്‍ ഭാഗ്യം ലഭിച്ചതില്‍ ഞാന്‍ അഭിമാനിക്കുന്നു. ക്ലെര്‍മോണ്ടിനെതിരായ മത്സരം പിഎസ്ജി ജഴ്സിയില്‍ മെസ്സിയുടെ അവസാന പോരാട്ടമായിരിക്കും’, ഗാല്‍ട്ടിയര്‍ വ്യക്തമാക്കി.
ഇതോടെ താരത്തിനായി മറ്റ് ക്ലബ്ബുകള്‍ വലവിരിച്ചുകഴിഞ്ഞു. താരത്തിന്റെ മുന്‍ ക്ലബ്ബായ ബാഴ്സലോണയും സൗദി ക്ലബ്ബ് അല്‍ ഹിലാലും മെസ്സിയെ സ്വന്തമാക്കാന്‍ ശ്രമങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. മെസ്സി പിഎസ്ജി വിടുമെന്ന് നേരത്തെ ഉറപ്പായതാണെങ്കിലും ഔദ്യോഗിക സ്ഥിരീകരണം വരുന്നത് ഇപ്പോഴാണ്. മെസ്സി സൗദിയിലേക്ക് പോകാനുള്ള സാധ്യതകള്‍ സജീവമാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
അതേസമയം, മെസിയുടെ തിരിച്ചുവരവ് ടീമിന് ഗുണം ചെയ്യുമെന്നും ട്രാന്‍സ്ഫര്‍ സംബന്ധിച്ച് അദേഹവുമായി ഉടന്‍ ചര്‍ച്ച നടത്തുമെന്നും ബാഴ്സ പരിശീലകന് സാവി പറഞ്ഞു. എന്നാല്‍ സ്പാനിഷ് ക്ലബിലേക്കുള്ള തിരിച്ചുവരവിന്റെ കാര്യത്തില്‍ തീരുമാനം 99 ശതമാനവും മെസ്സിയുടെ കൈകളിലാണ് എന്നും സാവി കൂട്ടിച്ചേര്‍ത്തു.
മെസ്സിയെ സ്വന്തമാക്കാന്‍ എത്രവേണമെങ്കിലും പണം മുടക്കാന്‍ തയ്യാറാണ് അല്‍ ഹിലാല്‍. ഒരു ബില്യണ്‍ ഡോളര്‍ (8200 കോടി രൂപ) വരെ മെസ്സിക്ക് വേണ്ടി ക്ലബ്ബ് മുടക്കാന്‍ തയ്യാറാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ ഫുട്ബോള്‍ ലോകത്ത് ചര്‍ച്ചയായിത്തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: