ജ്യോതിഷഭൂഷണം
എസ് ശ്രീനിവാസ് അയ്യര്‍
വാവ് കഴിഞ്ഞു വരുന്ന ആറാം ദിവസം അഥവാ ആറാം തിഥിയാണ് ഷഷ്ഠി. വെളുത്തപക്ഷത്തിലെ ഷഷ്ഠി തിഥി സുബ്രഹ്മണ്യാരാധനയാല് പ്രശസ്തമാണ്. ആറുമുഖങ്ങള്‍, ആറ് കാര്‍ത്തിക പെണ്‍കുട്ടികള്‍ വളര്‍ത്തി എന്നിങ്ങനെ ആറും സുബ്രഹ്ണ്യനും തമ്മില്‍ ബന്ധം വളരെ. ആദിത്യന്, അംബികാ, വിഷ്ണു, ഗണനാഥന്, ശിവന് ഇവര്‍ക്കായിരുന്നു പഞ്ചവിധപൂജകള്, ആദ്യം. പിന്നീട് സുബ്രഹ്മണ്യനും ഇടം പിടിച്ചു. അങ്ങനെ ഷണ്മുഖോപാസ്തിക്രമവും പ്രശസ്തമായി.
ഷഷ്ഠിയില്‍ ജനിച്ചാല്‍ ബലവാനും ഭൃത്യബഹുലനും (ധാരാളം സേവകര്‍ ഉള്ളവനും) ദേവന്മാരെ ആരാധിക്കുന്നതില്‍ തത്പരനും സമര്‍ത്ഥനും ഗുണഗ്രാഹിയും (ഗുണങ്ങളെ നന്നായി ഗ്രഹിക്കുന്നവനും) ആണെന്ന് പ്രമാണശ്ലോകം വ്യക്തമാക്കുന്നു.
ചിലരുടെ പക്ഷത്തില്‍ ഷഷ്ഠിയില്‍ ജനിക്കുന്നവര്‍ കലഹകാരകന്മാരാവുമത്രെ! ‘നിത്യം ജഠരപോഷി’ എന്ന പരിഹാസവും ഉണ്ട്. ‘എന്നും കുമ്പ നിറയ്ക്കുന്നതില്‍ മാത്രം ശ്രദ്ധാലുവെന്നാണ്’ ആശയം. ‘ദേശാന്തരഗാമി’ എന്നതാണ് മറ്റൊരു വിശേഷണം. പൊരുള്‍ അന്യനാട്ടില്‍ പോയി ജീവിക്കുന്നവനെന്നാവാം. ഊരുചുറ്റുന്നവന് എന്നുമാവാം.
‘നന്ദാ’ എന്ന് മൂന്ന് തിഥികളെ വിളിക്കുന്നു. പ്രഥമ, ഷഷ്ഠി, ഏകാദശി എന്നിവയെ. പേരിന്റെ പൊരുള്‍ പിന്‍പറ്റിയാല്‍ സന്തോഷിപ്പിക്കുന്നത് എന്നാണല്ലോ ആശയം കിട്ടുക. ഷഷ്ഠിയില്‍ ചെയ്യുന്ന കര്മ്മങ്ങളാവാം, അല്ലെങ്കില്‍ ഷഷ്ഠിയില്‍ ജനിക്കുന്നവരാവാം സന്തോഷിപ്പിക്കുക എന്ന ധര്‍മ്മം ഉള്‍ക്കൊള്ളുന്നുണ്ട്. ദ്വിതീയ, പഞ്ചമി, സപ്തമി, ദശമി തുടങ്ങിയ തിഥികള്‍ക്ക് മുഹൂര്‍ത്ത കാര്യങ്ങളില്‍ സിദ്ധിക്കുന്ന സാധുത ഷഷ്ഠിക്ക് കിട്ടുന്നുണ്ടോ എന്ന കാര്യം സംശയകരമാണ്. അഭ്യംഗസ്നാനം, ശില്പകര്മ്മം, യുദ്ധം, വാസ്തുകാര്യം, ആഭരണങ്ങളണിയല് എന്നിവയ്ക്ക് ‘ഷഷ്ഠ്യാം സിദ്ധതി മംഗലം’ എന്നത്രെ പ്രമാണവാക്യം.
വിധിയാംവണ്ണം അനുഷ്ഠിക്കപ്പെടുന്ന ഷഷ്ഠിവ്രതം മംഗളത്തെ ചെയ്യും. അഭീഷ്ടദായകമാണ്. സുബ്രഹ്മണ്യപ്രസാദം ലഭിക്കുകയും ചെയ്യും.
‘ഷണ്മുഖം ഷട് ഗുണം ചൈവ
കുമാരം കുലഭൂഷണം
ദേവസേനാധിപം വന്ദേ
സര്വ്വകാര്യാര്ത്ഥ സിദ്ധയേ!’
എന്ന പ്രാര്‍ത്ഥനക്കൊപ്പം ശങ്കരാചാര്യരുടെ സ്വാമിനാഥ കരാവലംബസ്തോത്രം, സുബ്രഹ്മണ്യ ഭുജംഗപ്രയാത സ്തോത്രം, തമിഴിന്റെ വശ്യസൗന്ദര്യം ജ്വലിച്ചുയരുന്ന, ശൂലമംഗലം സഹോദരിമാര്‍ പാടി പ്രശസ്തമാക്കിയ ‘സ്കന്ദഷഷ്ഠികവചം’ തുടങ്ങിയവയുടെ പാരായണവും ശ്രവണവും സ്കന്ദപ്രീതിക്ക് സര്‍വ്വോത്തമം എന്നാണ് വിശ്വാസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: