പതിവുപോലെ പുതിയ അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശനോത്സവം ഇന്ന് നടക്കുകയാണ്. സ്‌കൂള്‍തലം, ജില്ലാതലം, സംസ്ഥാനതലം എന്നിങ്ങനെ വിപുലമായി സംഘടിപ്പിക്കുന്ന ആഘോഷം തലസ്ഥാനത്ത് മുഖ്യമന്ത്രി തന്നെയാണ് ഉദ്ഘാടനം ചെയ്യുന്നത്. ഒന്നാം ക്ലാസില്‍ പ്രവേശനം നേടുന്ന കുട്ടികള്‍, പരീക്ഷകള്‍ ജയിച്ച് ഉയര്‍ന്ന ക്ലാസുകളിലെത്തുന്നവര്‍, എസ്എസ്എല്‍സി ജയിച്ച് ഉപരിപഠനത്തിന് അവസരം തേടുന്നവര്‍ എന്നിവര്‍ക്കൊക്കെ ഇനിയങ്ങോട്ട് പഠനത്തിന്റെ നാളുകളാണ്. പുതിയ അധ്യയന വര്‍ഷത്തിനുവേണ്ട മുന്നൊരുക്കങ്ങള്‍ കുറ്റമറ്റ രീതിയില്‍ നടത്തിയിട്ടുണ്ടെന്ന സര്‍ക്കാരിന്റെ അവകാശവാദങ്ങള്‍ ഇക്കുറിയും അധികൃതര്‍ ആവര്‍ത്തിച്ചിട്ടുണ്ടെങ്കിലും, രക്ഷിതാക്കളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ ഇതൊന്നും പോരാതെ വരുന്നു. സ്‌കൂളുകളിലേക്കുള്ള യാത്രകള്‍, അവിടങ്ങളിലെ പഠനാന്തരീക്ഷം, സ്‌കൂള്‍ പരിസരങ്ങളില്‍ വലവീശി കാത്തിരിക്കുന്ന പലതരം പ്രാപ്പിടിയന്മാര്‍. ഇതൊക്കെ മാതാപിതാക്കളെ പേടിപ്പെടുത്തുകയാണ്. ലഹരിയുപയോഗം ഉള്‍പ്പെടെ അനാശാസ്യമായ പല പ്രവണതകളുടെയും വിളനിലമായി നമ്മുടെ വിദ്യാലയങ്ങള്‍ മാറിയിരിക്കുന്നുവെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. അധ്യാപകര്‍ പോലും ഇവയുടെ പിടിയിലമരുമ്പോള്‍ വേലിതന്നെ വിളവുതിന്നുന്ന അനുഭവമാണുണ്ടാവുന്നത്. പലതരം സമ്മര്‍ദ്ദങ്ങള്‍ക്കും പ്രലോഭനങ്ങള്‍ക്കും കുട്ടികള്‍ വഴിപ്പെടാനുള്ള സാധ്യതകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനെതിരായ ജാഗ്രത പലപ്പോഴും പാളിപ്പോവുകയും ചെയ്യുന്നു. അനിഷ്ട സംഭവങ്ങള്‍ വല്ലതും ഉണ്ടാകുമ്പോഴുള്ള ഞെട്ടലും കരുതലും ആവിയായിപ്പോകാന്‍ അധികദിവസങ്ങളൊന്നും വേണ്ടിവരാറില്ല.
കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിന്റെ മഹത്വത്തെക്കുറിച്ച് കൊട്ടിഘോഷിക്കുമ്പോഴും വസ്തുതകള്‍ പരിശോധിക്കുമ്പോള്‍ മറ്റൊരു ചിത്രമാണ് ലഭിക്കുക. വര്‍ഷാവര്‍ഷം വന്‍തോതില്‍ കുട്ടികള്‍ ജയിച്ചുകയറുന്നുണ്ടെങ്കിലും അവരുടെ നിലവാരം ഉയരുന്നില്ല എന്ന സത്യം നിഷേധിച്ചിട്ട് കാര്യമില്ല. സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുപോലും ശരിയായി ഭാഷ കൈകാര്യം ചെയ്യാന്‍ അറിയില്ല. മലയാളത്തിന്റെ കാര്യത്തില്‍ പോലും സ്ഥിതി ഇതാണെന്നിരിക്കെ ഇംഗ്ലീഷിന്റെ കാര്യം പറയേണ്ടതില്ലല്ലോ. സര്‍ക്കാര്‍ സ്‌കൂളില്‍നിന്ന് പഠനം പൂര്‍ത്തിയാക്കിയ കുട്ടികള്‍ക്ക് തെറ്റില്ലാതെ ഇംഗ്ലീഷ് പറയാനും എഴുതാനും കഴിയുന്നില്ല എന്ന അപ്രിയ സത്യം മൂടിവയ്‌ക്കാവുന്നതല്ല. മാതൃഭാഷയെക്കുറിച്ചുള്ള അഭിമാനത്തിന് കുറവൊന്നുമില്ലെങ്കിലും മലയാളത്തോടുള്ള ചിറ്റമ്മ നയത്തിന് ഒരു മാറ്റവും വരുന്നില്ല. പാഠ്യപദ്ധതി പരിഷ്‌കരിക്കുന്നതിലും, കുട്ടികളില്‍ പൗരബോധം സൃഷ്ടിക്കുന്നതിലും ദേശസ്‌നേഹം വളര്‍ത്തുന്നതിലും വലിയ ശ്രദ്ധയും താല്‍പ്പര്യവുമൊന്നും വിദ്യാലയങ്ങളിലില്ല. എന്നുമാത്രമല്ല, ഇതൊക്കെ ചെറുത്തു തോല്‍പ്പിക്കുന്ന ഇടപെടലുകള്‍ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാവുകയും ചെയ്യുന്നു. മതശക്തികള്‍ കണ്ണുകെട്ടുമ്പോള്‍ അവര്‍ കളംമാറി ചവിട്ടും. പലതരം അപര്യാപ്തതകളുടെ നടുവിലാണ് സംസ്ഥാനത്തെ ഒട്ടുമിക്ക സര്‍ക്കാര്‍ വിദ്യാലയങ്ങളും പ്രവര്‍ത്തിക്കുന്നത്. ഇടതുപക്ഷ സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണം എന്നുപറയുന്നത് രാഷ്‌ട്രീയ കൂറുള്ള അധ്യാപക സംഘടനയില്‍പ്പെടുന്നവരുടെ താല്‍പ്പര്യം സംരക്ഷിക്കലാണ്. പതിറ്റാണ്ടുകളായി തുടരുന്ന ഈ രീതിക്ക് മാറ്റം വരുത്തുകയും, അധ്യാപനം ഉത്തരവാദിത്തത്തോടെ നിര്‍വഹിക്കുകയും, അതിന് ശരിയായ മേല്‍നോട്ട സംവിധാനമുണ്ടാവുകയും ചെയ്താലല്ലാതെ നിരാശാജനകമായ ചിത്രത്തിന് മാറ്റം വരികയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: