ബാങ്കോക്ക്: തായ്ലാന്ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ പി.വി. സിന്ധു ആദ്യറൗണ്ടില്‍ പുറത്ത്. കനേഡിയന്‍ താരം മിഷെല്ലി ലി ആണ് സിന്ധുവിനെ പരാജയപ്പെടുത്തിയത്. സ്കോര്‍: 21-8, 18-21, 18-21.
ഇത് ഒമ്പതാം തവണയാണ് ഈ കാനഡക്കാരിയോട് സിന്ധു പരാജയപ്പെടുന്നത്. ആദ്യഗെയിം ഗംഭീരമായി കീഴടക്കിയ സിന്ധുവിന് രണ്ടാം ഗെയിം നഷ്ടമായെങ്കിലും മൂന്നാമത്തേതില്‍ തിരിച്ചുവരാനുള്ള സുവര്ണാവസരമുണ്ടായിരുന്നെങ്കിലും നഷ്ടപ്പെടുത്തുകയായിരുന്നു. ഒരു മണിക്കൂര്‍ രണ്ട് മിനിറ്റില്‍ സിന്ധുവിന്റെ പോരാട്ടം അവസാനിച്ചു.
ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ വെറ്റേറന്‍ വനിതാ സിംഗിള്‍സ് താരം സൈന നെവാള്‍ മറ്റൊരു കാനഡ താരത്തെ തോല്‍പ്പിച്ചു. അതിഗംഭീര വിജയം കൈവരിച്ച സൈന നേരിട്ടുള്ള സെറ്റുകള്‍ക്കാണ് കാനഡയുടെ വെന്‍ യു ഷാങിനെ കീഴടക്കിയത്. സ്കോര്‍: 21-13, 21-7.
ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ താരങ്ങള്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയ വനിതാ സിംഗിള്‍സ് പോരാട്ടത്തില്‍ അഷ്മിത ചാലിഹ നേരിട്ടുള്ള സെറ്റുകള്‍ക്ക് മാള്‍വിക ബന്‍സോദിനെ തോല്‍പ്പിച്ചു. അടുത്ത റൗണ്ടില്‍ ഒളിംപിക് സ്വര്‍ണമെഡല്‍ ജേതാവ് കരോലിന മാരിനയാണ് അഷ്മിതയുടെ എതിരാളി. ബന്സോദിനെതിരെ സ്കോര്‍: 21-17, 21-14നായിരുന്നു അഷ്മിത ചാലിഹയുടെ എതിരാളി.
പുരുഷ സിംഗിള്‍സില്‍ കിരണ്‍ ജോര്‍ജ് ചൈനയുടെ ഷി യുകിയെ തോല്‍പ്പിച്ച് രണ്ടാം റൗണ്ടിലേക്ക് മുന്നേറി. മുന്‍നിര താരം കിഡംബി ശ്രീകാന്ത് ചൈനയുടെ വെങ് ഹോങ് യാങിനോട് പരാജയപ്പെട്ട് ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി. മറ്റ് ഇന്ത്യന്‍ താരങ്ങളായ ബി. സായി പ്രണീത്, പ്രയാന്‍ഷു രജാവത്ത്, സെമീര്‍ വര്‍മ്മ എന്നിവരും ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: