ചെന്നൈ: ആരാധകരുടെ പ്രേമത്തിന് മുന്നില്‍ തന്റെ തീരുമാനങ്ങള്‍ അടിയറവെയ്‌ക്കുകയാണ് ധോണി. ഈ ഐപിഎല്ലില്‍ ധോണി വിരമിയ്‌ക്കും എന്ന വാര്‍ത്ത പ്രതീക്ഷിച്ചിരുന്നവര്‍ക്കെല്ലാം തെറ്റി. ഇനി അടുത്ത ഐപിഎല്ലിലും താന്‍ തിരിച്ചുവരുമെന്ന് ധോണി വ്യക്തമാക്കിയിരിക്കുകയാണ്.
അഞ്ചാമത്തെ തവണ ഐപിഎല്‍ കിരീടം നേടിയ ധോണി മാധ്യമങ്ങളോട് പ്രതികരിയ്‌ക്കുമ്പോള്‍ വികാരങ്ങള്‍ നിയന്ത്രിക്കാന്‍ പാടുപെട്ടു. “എന്റെ വിരമിയ്‌ക്കല്‍ പ്രഖ്യാപിക്കാന്‍ പറ്റിയ ഏറ്റവും നല്ല സമയമാണിത്. പക്ഷെ എനിക്ക് ചുറ്റിലും എന്നോടുള്ള സ്നേഹം ഞാന്‍ കാണുന്നു. ഇവിടെ നിന്നും നടന്നകലാന്‍ എളുപ്പമാണ്, അടുത്ത ഒമ്പത് മാസം കഠിനമായി അധ്വാനിച്ച് അടുത്ത ഐപിഎല്ലില്‍ കളിയ്‌ക്കുക എന്നത് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നില്‍ നിന്നും നിങ്ങള്‍ക്ക് ലഭിയ്‌ക്കാവുന്ന ഏറ്റവും നല്ല സമ്മാനമാണിത്. പക്ഷെ എന്റെ ശരീരത്തിന് ഇത് തീര്‍ച്ചയായും സുഖകരമായിരിക്കില്ല. “- ധോണി പറഞ്ഞു.
“നിങ്ങള്‍ വല്ലാത വികാരാധീനനാകുന്ന നിമിഷമാണിത്. ആദ്യ തവണ ചെന്നൈയ്‌ക്ക് വേണ്ടി കളിയ്‌ക്കുമ്പോള്‍ എല്ലാവരും എന്റെ പേര് ഉച്ചരിയ്‌ക്കുമ്പോള്‍ ഞാന്‍ വല്ലാതെ വികാരാധീനനായി. എന്റെ കണ്ണുകള്‍ നിറഞ്ഞു. എനിക്ക് ഇനി അല്‍പം വിശ്രമം വേണം. ഇതെല്ലാം എനിക്ക് ആസ്വദിക്കണം. ഞാന്‍ ഞാനായിരിക്കുന്നതില്‍ അവര്‍ എന്നെ സ്നേഹിയ്‌ക്കുന്നു. ഞാനല്ലാത്ത ഒന്നിനെയും ഞാന്‍ പ്രകടിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ല. “- ധോണി പറഞ്ഞു.
കഴിഞ്ഞ ഐപിഎല്ലില്‍ ഒമ്പതാം സ്ഥാനത്ത് ഫിനിഷ് ചെയ്യേണ്ടിവന്ന ചെന്നൈക്ക് ഇത്തവണ കടുത്ത ആരാധകര്‍ പോലും കിരീട സാധ്യത കല്‍പ്പിച്ചിരുന്നില്ല. എന്നാല്‍ നിർണായക മത്സരങ്ങളിൽ ധോണിയുടെ ക്യാപ്റ്റന്‍സിയുടെ മികവിൽ വിജയവമായി ചെന്നൈ ലീഗ് റൗണ്ടില്‍ ഗുജറാത്തിന് പിന്നില്‍ രണ്ടാം സ്ഥാനക്കാരായാണ് പ്ലേ ഓഫിലെത്തിയത്. ചെന്നൈയില്‍ നടന്ന ആദ്യ ക്വാളിഫയറില്‍ ഒന്നാമന്‍മാരായ ഗുജറാത്തിനെ വീഴ്‌ത്തി ഫൈനലില്‍ എത്തി. ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത് ഗുജറാത്ത് 214 റണ്‍സടിക്കുകയും ഇടക്ക് പെയ്ത മഴമൂലം ചെന്നൈയുടെ വിജയലക്ഷ്യം 15 ഓവറില്‍ 171 റണ്‍സായി പുനര്‍നിര്‍ണയിക്കുകയും ചെയ്തിട്ടും ചെന്നൈക്ക് ജയിക്കാനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: