ന്യൂദല്‍ഹി: ബിഹാര്‍ പട്നയിലെ ഫുല്‍വാരിഷരീഫ് മേഖലയില്‍ നടന്ന ഭീകരാക്രമണ പദ്ധതിയിയുമായി ബന്ധപ്പെട്ട് കേരളം, കര്‍ണാടക, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളിലെ 25 ഓളം കേന്ദ്രങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ റെയ്ഡ്. ഫുല്‍വാരിഷരീഫ് മേഖലയില്‍ നടന്ന ഭീകരാക്രമണ പദ്ധതിയില്‍ പിഎഫ്ഐക്ക് പങ്കുണ്ടെന്ന് തെളിഞ്ഞിരുന്നു. രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ മുഹമ്മദ് ജലാലുദ്ദീന്‍, മുഹമ്മദ് മുസ്താഖ് അഹമ്മദ് എന്നിവരെ അറസ്റ്റ് ചെയ്തതിന് ശേഷം 2022 ജൂലൈ 12 ന് ബീഹാര്‍ പോലീസാണ് ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തത്. പിഎഫ്ഐ പ്രവര്‍ത്തകര്‍ക്കായുള്ള ഭീകര പരിശീലന മാനുവല്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ രണ്ടുപേരുടെയും കൈവശം കണ്ടെടുത്തിരുന്നു. അതിനുശേഷം, കേസുമായി ബന്ധപ്പെട്ട് മൊത്തം 13 പേരെ ഏജന്‍സി അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികളില്‍ പിഎഫ്ഐ നേതാക്കളും പ്രവര്‍ത്തകരും മുന്‍ സിമി അംഗങ്ങളും ഉള്‍പ്പെടുന്നുണ്ട്. 2022 സെപ്തംബര്‍ 28നാണ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (യുഎപിഎ) പ്രകാരം പിഎഫ്ഐയെ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത്. പിഎഫ്ഐക്ക് നിരോധനം ഏര്‍പ്പെടുത്തിയെങ്കിലും സംഘടനയുടെ നേതാക്കളും അണികളും അക്രമാസക്തമായ തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിച്ച് കൂടുതല്‍ ആളുകളെ ഉള്‍പ്പെടുത്തി പ്രവര്‍ത്തനം തുടരുന്നതായി കണ്ടെത്തിയതായി എന്‍ഐഎ വ്യക്തമാക്കിയിരുന്നു.
ഫുല്വാരിഷരീഫിലെയും മോത്തിഹാരിയിലെയും പിഎഫ്ഐ പ്രവര്‍ത്തകര്‍ ഭറില് രഹസ്യമായി പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് പ്രതിജ്ഞയെടുത്തിരുന്നതായി എന്‍ഐഎ കണ്ടെത്തി. പ്രത്യേക സമുദായക്കാരെ ലക്ഷ്യം വെച്ച് കൊല നടത്താനും ഇവര്‍ പദ്ധതിയിട്ടിരുന്നു. 2023 മാര്‍ച്ചില്‍ ബീഹാറിലെ കിഴക്കന്‍ ചമ്പാരന്‍ ജില്ലയില്‍ ഒരു പ്രത്യേക സമുദായത്തിലെ ഒരു യുവാവിനെ ഉന്മൂലനം ചെയ്യാനുള്ള ആയുധങ്ങളും അവര്‍ ശേഖരിച്ചിരുന്നു.
മാര്‍ച്ചില്‍, പ്രതി യാക്കൂബ് ഖാനുമായി അടുത്ത ബന്ധം പുലര്‍ത്തിയതിന് ആലം എന്ന വ്യക്തിയെ എന്‍ഐഎ അറസ്റ്റ് ചെയ്തു. പിഎഫ്ഐയുടെ ഫിസിക്കല്‍ എജ്യുക്കേഷന്‍ പരിശീലകനായിരുന്നു യാക്കൂബ് ഖാന്, എന്‍ഐഎ പറഞ്ഞു. വര്‍ഗീയ കലാപം പടര്‍ത്താന്‍ യാക്കൂബ് കുറ്റകരമായ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നെന്നും എന്‍ഐഎ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: