കുവൈറ്റ് സിറ്റി: കോടതി വിധികൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ വർഷം (2022) മാത്രം കുവൈറ്റിൽ 140,000-ത്തിലധികം പൗരന്മാർക്കും താമസക്കാർക്കും യാത്രാ നിരോധനം ഏർപ്പെടുത്തിയെന്ന് കുവൈറ്റ് ഭരണകൂടം. കോടതി നടത്തിപ്പുകൾക്ക് യാതൊരുവിധ ഭംഗങ്ങൾ വരാതിരിക്കാനും പൊതു ഫണ്ടുകൾ സംരക്ഷിക്കുന്നതിനുമുള്ള രാജ്യത്തിന്റെ കർക്കശ തീരുമാനത്തെ തുടർന്നാണ് ഇത്തരത്തിൽ പൗരൻമാർക്ക് യാത്ര നിരോധനം ഏർപ്പെടുത്തിയത്. നിയമ മന്ത്രാലയത്തിന്റെ കീഴിലുള്ള സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫോർമേഷൻ ടെക്നോളജി വിഭാഗമാണ് കണക്കുകൾ പുറത്ത് വിട്ടത്.
കുവൈറ്റ് അന്താരാഷ്‌ട്ര വിമാനത്താവളത്തിലാണ് ഏറ്റവും കൂടുതൽ യാത്രാ നിരോധനം ഉണ്ടായതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. 36,145 വ്യക്തികളെയാണ് വിമാനത്താവളത്തിൽ രാജ്യം വിടുന്നത് തടഞ്ഞത്. രാജ്യത്തിന്റെ വിവിധ ഗവർണറേറ്റുകളിൽ പതിനായിരക്കണക്കിന് പൗരൻമാർക്കാണ് യാത്ര നിഷേധിച്ചത്. ക്യാപിറ്റൽ ഗവർണറേറ്റ് 28,251 പേർക്ക് യാത്ര അനുവദിക്കാതെ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി. 25,390 യാത്രാ വിലക്കുകൾ ഏർപ്പെടുത്തിയ ഫർവാനിയ ഗവർണറേറ്റ് തൊട്ടുപിന്നിലാണ്.
17,112 പേരെ വിലക്കിയ അൽ ജഹ്‌റ ഗവർണറേറ്റ് മൂന്നാം സ്ഥാനത്തും, 14,495 പൗരന്മാരെ യാത്രയിൽ നിന്ന് വിലക്കിയ ഹവല്ലി ഗവർണറേറ്റ് തൊട്ടുപിന്നിലാണ്. അൽ അഹമ്മദി ഗവർണറേറ്റിൽ 13,759 പേർ യാത്രാ നിരോധനത്തിന് വിധേയരായപ്പോൾ മുബാറക് അൽ കബീർ ഗവർണറേറ്റിലാണ് ഏറ്റവും കുറവ് യാത്രാ നിരോധനമുള്ളത്. ഇവിടെ 4,853 വ്യക്തികൾക്കാണ് യാത്ര നിഷേധിച്ചത്.
കുടുംബകോടതി കേസുകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ കൊണ്ട് മാത്രം 6,075 പേർക്കാണ് യാത്ര നിഷേധിച്ചത്. ഇതിൽ, ഹവല്ലി ഗവർണറേറ്റിലാണ് ഏറ്റവും കൂടുതൽ യാത്രാ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. 1,448 പേരെയാണ് ഇവിടെ തടഞ്ഞത്. നിയമം എല്ലാവർക്കും ബാധകമാണെന്നും കോടതി കേസുകളിൽ നിന്ന് ആർക്കും ഒഴിഞ്ഞുമാറാനാകില്ലെന്നുമാണ് ഇത് സംബന്ധിച്ച് സർക്കാർ അധികൃതർ പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: