പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍
(ഭാരതീയ വിദ്യാഭവന് സംസ്ഥാന അധ്യക്ഷന്‍)
സംഘസംഘമൊരേജപം ഹൃദയത്തുടിപ്പുകളാവണം
സംഘമാവണമെന്റെ ജീവിത,മെന്തുധന്യമിതില്‍പ്പരം?
സംഘശാഖയിലൂടെ മനസ്സില്‍ പാടിപ്പതിഞ്ഞ ഈരടികളുടെ ജീവിക്കുന്ന പ്രതീകമായി, നിതാന്തമായി തന്റെ കര്‍മപഥത്തില്‍, ആദര്‍ശത്തിന്റെ ആള്‍രൂപമായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഗോപിയെന്ന ഗോപിയേട്ടന് ഇനി നമ്മോടൊപ്പമില്ലെന്ന് ഒരു സ്വയം സേവകനും മാനസികമായി ഉള്‍ക്കൊള്ളാന്‍ സാധിക്കാത്ത സാഹചര്യമൊരുക്കി, സ്വയം കൃതാര്‍ഥനായി വിഷ്ണുപാദം പൂകിയിരിക്കുന്നു. നിയതിയുടെ നിശ്ചയമാണ് മരണമെന്ന യാഥാര്‍ഥ്യം നിലനില്‍ക്കുമ്പോഴും മാനസികമായി അതുമായി പൊരുത്തപ്പെടാന്‍ ആര്‍ക്കും സാധിക്കുന്നില്ല. സ്വയംസേവകരുടെ ഹൃദയത്തില്‍, കാര്യകര്‍ത്താക്കളുടെ മനസ്സില്‍ അത്രയേറെ സ്വാധീനമുറപ്പിച്ച ഒരാദര്‍ശ സ്വയംസേവകനെയാണ് ഗോപിയുടെ വിയോഗത്തിലൂടെ നമുക്ക് നഷ്ടമായത്.
1985-86 കാലഘട്ടത്തില്‍ ബിലാത്തിക്കുളം ശാഖയുടെ സ്വയംസേവകനായി, ഗഡനായകനായും മുഖ്യശിക്ഷകനായും മണ്ഡല് ചുമതലക്കാരനായും പ്രവര്‍ത്തിച്ചു. തുടര്‍ന്ന് നഗര്‍ കാര്യവാഹ്, മഹാനഗര്‍ ശാരീരിക് ശിക്ഷണപ്രമുഖ്, മഹാനഗര്‍ കാര്യവാഹ്, എന്നീ നിലകളില്‍ തന്റെ പ്രവര്‍ത്തനമികവും കഴിവും കൃത്യമായി തെളിയിച്ചിരുന്നു. തുടര്‍ന്ന് കുറച്ചുകാലം ഗള്‍ഫ് നാടുകളില്‍ ജോലിയുമായി ബന്ധപ്പെട്ട് എത്തിപ്പെട്ടപ്പോഴും അവിടെയും സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനാകുവാനാണ് ഗോപി ഇഷ്ടപ്പെട്ടത്. ഗള്‍ഫില്‍ നിന്ന് മടങ്ങിയെത്തിയശേഷം സംഘത്തിന്റെ വിഭാഗ് കാര്യവാഹ് എന്ന ചുമതല ഏറ്റെടുത്ത് അവിശ്രമം പ്രവര്‍ത്തിച്ചുവരവെയാണ് തീര്‍ത്തും അപ്രതീക്ഷിതമായ ഈ അന്ത്യമുണ്ടായത്.
സംഘപ്രവര്‍ത്തനത്തെ ആനന്ദവും അനുഭൂതിയുമാക്കി മാറ്റാന്‍ നൂറ് ശതമാനവും സാധിച്ചുവെന്നതാണ് ഗോപിയെ മറ്റു പല കാര്യകര്‍ത്താക്കളില്‍ നിന്നും വ്യതിരിക്തനാക്കുന്നത്. ഏതൊരു പ്രവര്‍ത്തനത്തിലും പൂര്‍ണമനസ്സ് കൊടുത്ത്, ആ പ്രവര്‍ത്തനത്തെ സ്വജീവിതത്തില്‍ ആവിഷ്കരിക്കാന്‍ സാധിക്കുമ്പോള്‍ മാത്രമേ ആ പ്രവര്‍ത്തനം സാര്‍ഥകമാകൂ; ആ പ്രവര്ത്തകന് മാതൃകാപ്രവര്‍ത്തകനാകൂ. ഗോപിയെ സംബന്ധിച്ചിടത്തോടെ ജീവിതം സംഘത്തിനുവേണ്ടിയും സംഘത്തിലൂടെ സമാജത്തിനുവേണ്ടിയുമായിരുന്നുവെന്നുള്ളത് നിസ്തര്‍ക്കമാണ്.
ചലനം ചലനം രാപകല്‍ ചലനം
ചലനമെന്നതേ ജീവിതധര്‍മം
എന്ന സംഘഗീതത്തിന്റെ വരികളെ സാര്‍ഥകമാക്കി നിരന്തര ചലനത്തിലൂടെ സംഘശാഖകളിലും സ്വയംസേവകരിലും സമാജത്തിനിടയിലും നിറഞ്ഞുനിന്ന മഹിതവ്യക്തിത്വത്തിന്റെ കര്‍മ സപര്യയായിരുന്നു ഗോപിയുടെ ജീവിതം. വ്യക്തിപരമായ കാര്യങ്ങളിലും ഇഷ്ടാനിഷ്ടങ്ങളിലും സിദ്ധ്യസിദ്ധികളിലും ഒട്ടും പരിമിതപ്പെട്ടുപോകാതെ തന്റെ വിശാല മാനദണ്ഡങ്ങള്‍ക്കനുസരിച്ച്, സമാജസേവനവും രാഷ്ട്രകര്‍ത്തവ്യവും നിതാന്ത ജാഗ്രതയോടെ നിരന്തരമായി നിര്‍വഹിച്ച ഗോപി ഏതൊരു സ്വയംസേവകനും കാര്യകര്‍ത്താവിനും തീര്‍ത്തും അനുകരണീയ മാതൃകയായിരുന്നു.
വ്യക്തിപരമായ മാനസികവ്യഥകള്‍ മനസ്സിനെ മഥിച്ച്, സ്വയം ആലസ്യത്തിലേക്കോ അരുതായ്കകളിലേക്കോ ചെന്നെത്താനുള്ള ഏതൊരു അവസരവും ആദര്‍ശത്തിന്റെ ചൂടുംചൂരും കൊണ്ട് അകറ്റി നിര്‍ത്തി, കര്‍മണ്യതയുടെ പര്യായമായി ജീവിക്കാന്‍ സ്വയം പരിശീലിക്കപ്പെട്ട ജീവിതദൗത്യമാണ് ഗോപിയിലൂടെ ഭാവി പ്രവര്‍ത്തകര്‍ക്കും പ്രവര്‍ത്തനത്തിനും വരദാനമായി തീര്‍ന്നത്.
ശരിയായി മധുരിച്ചിടാം സ്വയം
പരിശീലിച്ചൊരു കയ്പുതാനുമേ
എന്ന കവിവാക്യത്തിന്റെ പുഷ്പലതയാണ് ഗോപിയുടെ ജീവിതം നമുക്ക് വരച്ചു തന്നത്.
പാരസ്പര്യവും സ്നേഹവും പരിമിതികളില്ലാതെ പ്രവര്‍ത്തകരിലും സമൂഹത്തിലും വാരി വിതറുന്നതിലും ഗോപിയുടെ ജീവിതമാതൃക അത്യന്തം ഉദാത്തമായിരുന്നു. പ്രവര്‍ത്തനത്തിന്റെ ദിശയിലും ലക്ഷ്യത്തിലും കടുകിട സന്ധി ചെയ്യാത്ത കാഠിന്യ പ്രകൃതത്തോടൊപ്പം പുഷ്പദളത്തിന്റെ മാര്‍ദവമൂറുന്ന സ്വഭാവ സവിശേഷതയും അക്ഷരാര്‍ഥത്തില്‍ ഗോപിയുടെ മഹത്ത്വത്തിന്റെ നിദര്‍ശനമായിരുന്നു.
കുടുംബസ്ഥനായി ജീവിക്കുമ്പോഴും സംഘമയമായ പ്രചാരകജീവിതത്തിന്റെ ഔല്‍കൃഷ്ട്യത്തെയും ആദര്‍ശബദ്ധതയെയും സ്വയംജീവിതത്തില്‍ ആവിഷ്കരിക്കാന്‍ കഴിഞ്ഞ, സ്വയം സമയദാനി കാര്യകര്‍ത്താവായി സഹപ്രവര്‍ത്തകര്‍ക്ക് മഹനീയ മാതൃകയായി പ്രവൃത്തിച്ച അനുഭവവ്യക്തിത്വത്തിന്റെ ആള്‍രൂപമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ഭൗതികശരീരം ഇനി നമ്മളോടൊപ്പം ഇല്ലെങ്കിലും സ്വന്തം ജീവിതസന്ദേശങ്ങളിലൂടെ അദ്ദേഹം കോറിയിട്ട് ബാക്കിവച്ച പൂര്‍ത്തിദായകമായ ഒരായിരം സ്മരണകള്‍ നമുക്ക് ജീവിത ആദര്‍ശമാകട്ടെ. നമ്മില്‍ കെടാവിളക്കായി ആ സ്മരണകള്‍ ഉണര്‍ന്നെരിയട്ടെ.
സംഘ ശതാബ്ദിയുടെ ലക്ഷ്യപൂര്‍ത്തിക്കായി അദ്ദേഹം വരച്ചു കാണിച്ച ലക്ഷ്യങ്ങള്‍ നമുക്ക് പൂവണിയിക്കാന്‍ അദ്ദേഹത്തിന്റെ ധന്യസ്മരണകള്‍ പ്രചോദനമാകട്ടെ. ധന്യമായ ആ ആദര്‍ശ ജീവിതസ്മരണയ്ക്ക് മുന്നില്‍ ഒരായിരം പ്രണാമങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: