ബെര്‍ലിന്‍: ജര്‍മന്‍ ബുന്‍ഡസ് ലിഗയിലെ സീസണിലെ മികച്ചതാരം 19കാരന് ജൂഡ് ബെല്ലിന്‍ജം. ഇംഗ്ലണ്ട് ദേശീയ ഫുട്ബോള്‍ ടീമിലുള്‍പ്പെട്ടിട്ടുള്ള താരം ബൊറൂസിയ ഡോര്‍ട്ട്മുന്‍ഡ് മിഡ്ഫീല്‍ഡറാണ്. പത്ത് വര്‍ഷത്തിന് ശേഷം ഡോര്‍ട്ട്മുന്‍ഡിനെ ലീഗ് ടൈറ്റിലിന്റെ വക്കോളം എത്തിച്ചതില്‍ ബെല്ലിന്‍ജം വഹിച്ച പങ്ക് സുപ്രധാനമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് താരത്തെ ജര്‍മന്‍ ലീഗിലെ മികച്ച താരമായി ഇത്തവണ തെരഞ്ഞെടുത്തത്.
സീസണില്‍ ഡോര്ട്ട്മന്ഡിനായി ബെല്ലിന്‍ജം 31 കളികളിലാണ് കളിച്ചത്. എട്ട് ഗോളുകള്‍ നേടി. ഗോളിലേക്കായി അഞ്ച് പാസുകള്‍ നല്കി. ഈ കണക്കുകള്‍ക്കപ്പുറമാണ് താരം മദ്ധ്യനിരയില്‍ ഡോര്ട്ട്മുന്ഡിനായി പുറത്തെടുത്ത പ്രകടനമികവ്.
ബയേണിന് കനത്ത വെല്ലുവിളി നല്കിയ ഡോര്‍ട്ട്മുന്‍ഡ് അവസാന ലീഗ് മത്സരത്തില്‍ മെയിന്‍സിനോട് 2-2ന് സമനിലയില്‍ കുരുങ്ങി കിരീടം അടിയറവയ്ക്കുകയായിരുന്നു. ഈ മത്സരത്തില്‍ ജൂഡ് ബെല്ലിന്‍ജം സൈഡ് ബെഞ്ചിലായിരുന്നു. 2020ല്‍ പ്രീമിയര്‍ ലീഗ് ക്ലബ്ബ് ബിര്‍മിങ്ഹാം സിറ്റിയില്‍ നിന്നാണ് താരം ഡോര്ട്ട്മുന്ഡിലെത്തുന്നത്. 25 ദശലക്ഷം യൂറോയ്ക്കായിരുന്നു താരം ജര്‍മന്‍ ക്ലബ്ബിലേക്കെത്തിയത്. ഇതുവരെ 130 കളികളില്‍ കളിച്ചു.
ദേശീയ ഫൂട്ബോളില്‍ 2020 യൂറോയിലെ ഗാരെത്ത് സൗത്ത്ഗേറ്റിന്റെ ഇംഗ്ലണ്ട് ടീമില്‍ ബെല്ലിന്‍ജം ഉണ്ടായിരുന്നു. ദേശീയ ടീമില്‍ നിന്നും പിന്നീട് സൗത്ത്ഗേറ്റ് താരത്തെ ഒഴിവാക്കിയിട്ടില്ല. കഴിഞ്ഞ കൊല്ലം നടന്ന ഖത്തര്‍ ലോകകപ്പില്‍ ഇംഗ്ലണ്ട് ക്വാര്‍ട്ടര്‍ വരെ കുതിച്ചതില്‍ ബെല്ലിന്‍ജം വഹിച്ച പങ്ക് വളരെ വലുതായിരുന്നു.
ക്ലബ്ബ് സീസണ് അവസാനിക്കുന്ന മുറയ്ക്ക് താരത്തിനായി സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡ് വലവിരിച്ചിട്ടുണ്ട്. ചില സ്പോര്‍ട്സ് വാര്‍ത്താ വെബ്സൈറ്റുകള്‍ ബെല്ലിന്‍ജം റയലിലേക്ക് എന്ന തരത്തില്‍ വാര്‍ത്തയും പ്രചരിപ്പിക്കുന്നുണ്ട്. ഇതു സംബന്ധിച്ച ട്രാന്‍സ്ഫര്‍ വാര്‍ത്തകള്‍ക്ക് വരും ദിവസങ്ങളില്‍ ചൂടുപിടിക്കാനിരിക്കുന്നതേയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: