ഇതു യുഗസന്ധിയുടെ സമയമാണ്. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനമാകുമ്പോഴേയ്ക്കും ദുഷ്പ്രവണതകളെ അകറ്റുകയും ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആഗമനത്തോടെ ഉജ്ജ്വലമായ ഭാവിയുടെ ആവിര്‍ഭാവത്തിനും സത്യയുഗത്തിന്റെ പുനരാഗമനത്തിനും ഉള്ള കളമൊരുക്കുകയും ചെയ്യുന്നത് യാഗാഗ്നിതന്നെയാണ്. സത്യയുഗത്തിന്റെ പുനരാഗമനത്തിനുവേണ്ടി ഒരു വശത്തു പ്രത്യക്ഷതലത്തില്‍ ഭൗതികപ്രയത്നങ്ങളും മറുവശത്തു അഭൂതപൂര്‍വ്വമായ ആദ്ധ്യാത്മികപ്രയത്നങ്ങളും ഒരുപോലെ നടന്നുകൊണ്ടിരിക്കുകയാണ്. ഒരുകോടി യജ്ഞകര്‍ത്താക്കള്‍ മുഖേന ഒരു ലക്ഷം ഗായത്രീയജ്ഞങ്ങള്‍ ഇപ്പോള്‍ നടത്തികൊണ്ടിരിക്കുകയാണ്. 1992 മുതല്‍ ഈ യജ്ഞങ്ങളുടെ സ്വരൂപം വിപുലീകരിച്ച് ആഗോളതലത്തില്‍ അശ്വമേധയജ്ഞശൃംഖല ആസൂത്രണം ചെയ്തു ജാതിമതഭേദമെന്യേ സകലരേയും ഉള്‍പ്പെടുത്തിക്കൊണ്ട് നടത്തിവരുന്നു.
ഭാരതത്തിലും വിദേശങ്ങളിലുമായി ഇതിനോടകം 47 അശ്വമേധയജ്ഞങ്ങള്‍ നടത്തിക്കഴിഞ്ഞു. ഈ ശൃംഖലയിലെ 27ാമത്തെ യജ്ഞം പ്രഥമപൂര്‍ണ്ണാഹുതിയുടെ രൂപത്തില്‍ ഗായത്രീമിഷന്റെ പ്രണേതാവായ യുഗഋഷി പണ്ഡിറ്റ് ശ്രീരാം ശര്‍മ്മ ആചാര്യയുടെ ജന്മഗ്രാമമായ ‘ആവല്‍ഖേഡ’യില്‍ വെച്ച് ആഗോളതലത്തില്‍ അമ്പതുലക്ഷത്തില്പരം സാധകരേയും അനവധി മഹദ് വ്യക്തികളെയും പങ്കെടുപ്പിച്ചുകൊണ്ട് അതിവിശിഷ്ടമായ രീതിയില്‍ നടത്തപ്പെട്ടു. ഇതിന്റെ ഫലമായി, ഭാഗീരഥപ്രയത്നത്താല്‍ ഗാംഗാവതരണം സാദ്ധ്യമായതുപോലെയുള്ള വിശിഷ്ടസാദ്ധ്യതകള്‍ വീണ്ടും ആസന്നഭാവിയില്‍ സംഭവിക്കാന്‍ പോകുകയാണെന്ന് തീര്‍ത്തും പ്രത്യാശിക്കപ്പെടുന്നു. നേരിയ ശബ്ദം ഉച്ചഭാഷിണിയുമായി ഘടിപ്പിക്കപ്പെടുമ്പോള്‍ വളരെ ദൂരെ കേള്‍ക്കത്തക്കവണ്ണം ശക്തീഭവിക്കുന്നതുപോലെ ഗായത്രീമന്ത്രത്തിന്റെ ശക്തി യജ്ഞത്തിന്റെ ഊര്‍ജ്ജവുമായി ചേരുമ്പോള്‍ ആ ശക്തി വളരെ മടങ്ങു വര്‍ദ്ധിക്കുന്നു.
റേഡിയോ, ടെലിവിഷന്‍ മുതലായ ധ്വനി പ്രക്ഷേപണ പ്രക്രിയയുടേയും അടിസ്ഥാനസിദ്ധാന്തം ഇതുതന്നെയാണ്. യാഗാഗ്നിയുടെ വൈദ്യുതി ഗായത്രീമന്ത്രത്തിന്റെ ധ്വനിതരംഗങ്ങളുമായി യോജിക്കുമ്പോള്‍ സംജാതമാകുന്ന ശക്തി വിസ്തൃതമാകുകയും അതു യജ്ഞസ്ഥലത്തു മാത്രം ഒതുങ്ങിനില്ക്കാതെ നാനാഭാഗങ്ങളിലേയ്ക്കും വ്യാപിക്കുകയും അവിടെയെല്ലാം അതിന്റെ ഗുണം വര്‍ഷിക്കുകയും ചെയ്യുന്നു. ഇതിന്റെ ഫലം പലരൂപത്തില്‍ അസംഖ്യംപേര്ക്കു ലഭിക്കുകയും ചെയ്യുന്നു.
ബാറ്ററികള്‍, വളരെ വലുതുമുതല്‍ സാധാരണ വാച്ചിനുള്ളില്‍ വച്ച് അതിനെ പ്രവര്‍ത്തിപ്പിക്കുന്ന തീരെ ചെറുതുവരെ പല വലിപ്പത്തിലുള്ളതുണ്ട്. ഗായത്രീയജ്ഞം വിപുലമായ തോതിലും ദീപയജ്ഞംപോലെ ചെറുതായ തോതിലും നടത്താനാവും. തീപ്പൊരി ചെറുതാണ്. എങ്കിലും അതില്‍ വലിയ ജ്വാലയോടുകൂടിയ കാട്ടുതീ ആകുവാനുള്ള ശക്തി അടങ്ങിയിട്ടുണ്ട്.
ഗായത്രീമന്ത്രത്തില്‍ അടങ്ങിയിട്ടുള്ള ഊര്‍ജ്ജം ആകാരത്തില്‍ ചെറുതാണെങ്കിലും അതു വലിയ അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്നു. സാധനസാമഗ്രികളുടെ വിലവര്‍ദ്ധനവ്, സമയദൈര്‍ഘ്യം, പുരോഹിതന്മാര്ക്കുള്ള ദാനം, ദക്ഷിണ എന്നിവയുടെ ഭാരംമൂലമുള്ള ഉപേക്ഷാമനോഭാവം കണക്കിലെടുത്ത് ദീപയജ്ഞത്തിന്റെ രൂപത്തില്‍ ഗായത്രീമന്ത്രത്തിന്റെ പുതിയ പരീക്ഷണങ്ങള്‍ പ്രാബല്യത്തില്‍ വന്നിരിക്കയാണ്. ഇവയുടെ ഫലം വളരെ ശ്രേഷ്ഠവും ചുറ്റുപാടുകളെ വിപുലമായി സ്വാധീനിക്കുന്നതും ആയി കണ്ടുവരുന്നു.
യുഗസന്ധിയുടെ ഇപ്പോഴത്തെ പത്തുവര്‍ഷത്തെ ഇടവേളയില്‍ രണ്ടു കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ ‘ശാന്തികുഞ്ജ്’ സങ്കല്പിച്ചിട്ടുണ്ട്. ഒന്ന് ദീപയജ്ഞം മുഖേന ഒരു ലക്ഷം സാധകരെ തയ്യാറാക്കുക. രണ്ട് ഈ പ്രയത്നത്തില്‍ ഭാഗഭാക്കാകാന്‍ ഒരു കോടി ആളുകളെ സംഘടിപ്പിക്കുക. ഈ രണ്ടു കാര്യങ്ങളും എത്രവേഗത്തില്‍ സാധിക്കുമോ അതിന്റെ അനുപാതത്തില്‍ നവയുഗത്തിന്റെ സത്യയുഗത്തിന്റെ പുനരാഗമനത്തിനുള്ള സാഹചര്യങ്ങള്‍ സംജാതമാകും. ഈ പ്രയോഗവും പ്രയത്നവും സഫലമാകുമെന്നുള്ളതിന്റെ ശുഭലക്ഷണങ്ങള്‍ ഈ പരിപാടിയുടെ തുടക്കത്തില്‍തന്നെ കണ്ടുവരുന്നു. ഭാവിയില്‍ നിശ്ചിതസമയത്തുതന്നെ നവയുഗത്തിന്റെ അരുണോദയം പ്രകടമാകുന്നതാണെന്നു തീര്‍ത്തും പ്രത്യാശിക്കാം. പുരുഷാര്‍ത്ഥം അതായത് മനുഷ്യപ്രയത്നം ഒരുവശത്തും പരമാര്‍ത്ഥം അതായത് ഈശ്വരാനുഗ്രഹം മറുവശത്തും. ഇവ രണ്ടും സമന്വയിക്കുമ്പോള്‍ ഒന്നും ഒന്നും ചേര്‍ത്തുവയ്ക്കുമ്പോള്‍ ഉണ്ടാകുന്ന സംഖ്യ 2 അല്ല, 11 ആണ് എന്നതുപോലെയുള്ള അത്ഭുതാവഹമായ ഫലങ്ങള്‍ ദീപയജ്ഞങ്ങളുടെ ഫലമായി ആസന്നഭാവിയില്‍ കാണാന്‍ കഴിയും. ഒരു ലക്ഷം സാധകരുടെ ഏകത്രിത അദ്ധ്യാത്മികപ്രയോഗവും ഒരുകോടി വ്യക്തികളുടെ സംഘടികപ്രയത്നവും ഒത്തുചേര്‍ന്നു നവയുഗത്തിന്റെ അവതരണം സാദ്ധ്യമാക്കിത്തീര്‍ത്തുകയും മത്സ്യാവതാരം കണക്കെ വിശ്വമാസകലം വ്യാപിക്കുകയും ചെയ്യുന്നതായി കാണുമ്പോള്‍ ആശ്ചര്യപ്പെടേണ്ട കാര്യമില്ല.
ഇക്കാലത്ത് വ്യക്തികളുടെയും സമുദായത്തിന്റെയും മുമ്പില്‍ കഷ്ടപ്പാടുകളുടെയും കലഹങ്ങളുടേയും കാര്‍മേഘങ്ങള്‍ നിരന്നിരിക്കുന്നതിന്റെ പ്രധാനകാരണം ബുദ്ധിയുടെ വഴിതെറ്റിയുള്ള പോക്കാണെന്നു എല്ലാ ചിന്തകന്മാരും പക്വമതികളും ഒരുപോലെ സമ്മതിച്ചിരിക്കുന്ന വസ്തുത ആണ്. വഴിപിഴച്ച ചിന്താഗതിമൂലം ദുഷ്പ്രവര്‍ത്തങ്ങളും അതിന്റെ ഫലമായി അനര്‍ത്ഥങ്ങളുടെ പ്രളയംതന്നെയും വന്നിരിക്കയാണ്. ഈ സ്ഥിതി പരിഹരിക്കാനുള്ള ഏകമാര്‍ഗ്ഗം വൈചാരികവിപ്ലവമാണ്. ജനങ്ങളുടെ മനസ്സിനെ ശുദ്ധീകരിക്കാതെ കലഹത്തിന്റെ വിഭിന്നരൂപങ്ങള്‍ നിര്‍മാര്‍ജനം ചെയ്യാന്‍ സാധിക്കുകയില്ല. ചിന്താഗതിയില്‍ പരിവര്‍ത്തനം വരേണ്ടത് ഈ യുഗത്തിന്റെ ഏറ്റവും വലിയ ആവശ്യമാണ്. ഇതു സാദ്ധ്യമാകണമെങ്കില്‍ ഗായത്രീമന്ത്രത്തില്‍ അടങ്ങിയിരിക്കുന്ന തത്ത്വജ്ഞാനം ജനമാനസങ്ങളില്‍ പ്രതിഷ്ഠിക്കണം. അതോടൊപ്പം സമ്പൂര്ണ്ണശക്തിയായി അറിയപ്പെടുന്ന ഗായത്രീ ഉപാസനയ്ക്കു പ്രാധാന്യം നല്‍കുകയും വേണം. കുറേ ആളുകള്‍ മാത്രം കഠിനതപസ്സു ചെയ്തു കര്‍ത്തവ്യം നിര്‍വഹിച്ചതുകൊണ്ടുമാത്രമായില്ല, ഒപ്പം സകലജനങ്ങളുടെയും പ്രാണചേതന സമന്വയിപ്പിക്കണം. അധികാധികം ആളുകള്‍ ചേര്‍ന്നു ഒരേ സാധനാവിധി പാലിക്കുകയും അതില്‍നിന്നു ഉത്ഭൂതമാകുന്ന സാമൂഹ്യപ്രാണശക്തിയെ വിസ്തൃതമാക്കുകയും വേണം. ഈ ശക്തിയെ പരിമിതപ്പെടുത്തി നിര്‍ത്തുന്നതില്‍ അര്‍ത്ഥമില്ലെന്നു മാത്രമല്ല, അതുകൊണ്ടു പ്രയോജനവുമില്ല. ഇതിന്റെ വിശാലതയും ബാഹുല്യവുംമൂലമാണു അഭീഷ്ടസിദ്ധി സുഗമമാകുന്നത്.
വിവിധ പ്രയോജനങ്ങള്‍ക്കുവേണ്ടി ഗായത്രിയുടെ വിവിധ ഉപാസനാവിധികള്‍ കല്പിച്ചിട്ടുണ്ട്. അവയെപ്പറ്റിയുള്ള വിശദമായ വിവരണണങ്ങള്‍ സാധനാവിജ്ഞാനശാസ്ത്രങ്ങളില്‍നിന്നും, അനുഭവസ്ഥരില്‍നിന്നും, പുരോഹിതന്മാരില്നിന്നും ലഭിക്കുന്നതാണ്. യോഗ്യതയുള്ള ഗുരുവിനെ കണ്ടുപിടിച്ച് അദ്ദേഹത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശപ്രകാരം ചെയ്യുന്ന സാധന വളരെയധികം ഫലം ചെയ്യും. മാനസികമായ ജപം എവിടെവച്ചും ചെയ്യാം. എന്നാല്‍ എന്തെങ്കിലും പ്രത്യേക ഉദ്ദിഷ്ടത്തിനായി ഒരു നിശ്ചിത അനുഷ്ഠാനം ആരംഭിക്കുകയാണെങ്കില്‍ അതിന്റെ അനുഷ്ഠാനക്രമങ്ങള്‍ ശരിയായി മനസ്സിലാക്കിയതിനുശേഷമേ അതു ആരംഭിക്കാവൂ. ഈ സന്ദര്‍ഭത്തില്‍ ഗായത്രിയുടെ ഉപാസന ആര്‍ക്കെങ്കിലും ഏതെങ്കിലും തരത്തില്‍ ദോഷം ചെയ്തേക്കാമെന്ന തെറ്റിദ്ധാരണ പാടേ തുടച്ചുകളയണം. വാസ്തവത്തില്‍ ഗായത്രീസാധന ഒരിക്കലും ഒരു സാധകനും ഒരുതരത്തിലും ദോഷം ചെയ്യുന്നതല്ല. എന്തുകൊണ്ടെന്നാല്‍, ഇതു സദ്ബുദ്ധിയെ ധാരണം ചെയ്യുന്ന സാധനയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: