ജി.കെ.സുരേഷ് ബാബു
ഒരിക്കല്‍ക്കൂടി കേരളത്തിലെ ആര്‍എസ്എസ് പ്രസ്ഥാനവുമായി ഏറ്റുമുട്ടാനുള്ള ശ്രമമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി സര്‍ക്കാര്‍ നടത്തുന്നത്. ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള കേരളത്തിലെ ക്ഷേത്രങ്ങളില്‍ ആര്‍എസ്എസിന്റെ ശാഖ നിരോധിക്കും എന്നാണ് ഇപ്പോള്‍ വീണ്ടും നടത്തുന്ന പ്രചാരണം. ദേവസ്വം നിയമത്തിനു പകരം ക്ഷേത്രങ്ങളില്‍ ആയുധപരിശീലനം നടത്തുന്നത് തടയാന്‍ പോലീസ് നിയമത്തില്‍ ഭേദഗതി കൊണ്ടുവരാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. ഇതിനനുസരിച്ചുള്ള കരട് നിയമം ശരിയാക്കിക്കഴിഞ്ഞു എന്നാണ് സര്‍ക്കാര്‍ പറയുന്നത്.
1925ല്‍ നാഗപൂരിലെ മോഹിതേവാഡയില് ആരംഭിച്ച രാഷ്ട്രീയ സ്വയംസേവക സംഘം, ഇന്ന് ഭാരതത്തില്‍ മാത്രമല്ല ലോകമെമ്പാടും ഹിന്ദു സംസ്കാരത്തെയും ചൈതന്യധാരകളെയും സമന്വയിപ്പിക്കുകയും പോഷിപ്പിക്കുകയും ചെയ്യുന്ന ലോകത്തെ തന്നെ ഏറ്റവും വലിയ സാംസ്കാരിക സംഘടനയായി വളര്‍ന്നു കഴിഞ്ഞു. ലോകത്തിലെ തന്നെ ഏറ്റവും വലിയ തൊഴിലാളി പ്രസ്ഥാനവും രാഷ്ട്രീയ പാര്‍ട്ടിയും വിദ്യാര്‍ത്ഥി പ്രസ്ഥാനവും ഏറ്റവും വലിയ സേവന സംഘടനകളും ഒക്കെ തന്നെ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ആശയത്തില്‍ നിന്നും ആദര്‍ശത്തില്‍ നിന്നും ഊര്‍ജ്ജം സംഭരിച്ച് പ്രവര്‍ത്തിക്കുന്ന പരിവാര്പ്രസ്ഥാനങ്ങളാണ്. ഈ നാടിന് ആപത്തുണ്ടായ എല്ലാ കാലഘട്ടങ്ങളിലും എല്ലാ മേഖലകളിലും സംരക്ഷണത്തിന്റെ കവചവുമായി സ്വന്തം ജീവിതം ബലികഴിച്ചും സ്വയംസേവകര്‍ ഉണ്ടായിരുന്നു.
സ്വാതന്ത്ര്യ പുലരിക്ക് തൊട്ടുമുമ്പ് മുസ്ലിംലീഗിന്റെ ഡയറക്ട് ആക്ഷനില്‍, ബംഗാളിലെ തെരുവീഥികളില്‍ നിരപരാധികളായ ഹിന്ദുക്കളെ കൊന്നൊടുക്കിയപ്പോള്‍, പാക്കിസ്ഥാനില്‍ നിന്ന് നൂറുകണക്കിന് ഹിന്ദുക്കളെ അഭയാര്‍ത്ഥികളായി ഇന്ത്യയിലേക്ക് ഉടുതുണി മാത്രമായി കയറ്റിവിട്ടപ്പോള്‍ അവര്‍ക്ക് അഭയം നല്കാന്, ഭക്ഷണം നല്കാന് ആര്‍എസ്എസ് ഉണ്ടായിരുന്നു. പിന്നീട് ആര്‍എസ്എസ് എന്നുപറയുന്ന പ്രസ്ഥാനം നേടുന്ന ജനപിന്തുണയും ആര്‍ജ്ജിക്കുന്ന ജനവിശ്വാസവും നെഹ്രുവിനെയാണ് ഏറ്റവും കൂടുതല്‍ അലോസരപ്പെടുത്തിയത്. ആര്‍എസ്എസ് നിരോധനം അദ്ദേഹത്തിന്റെ രാഷ്ട്രീയ അജണ്ടയായിരുന്നു.
മഹാത്മാഗാന്ധിവധത്തിന്റെ ഉത്തരവാദിത്വം ആര്‍എസ്എസ്സിന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ നെഹ്രു നടത്തിയ ശ്രമങ്ങള്‍ക്ക് അന്തമില്ലായിരുന്നു. ഇന്ന് അതിന്റെ രേഖകള്‍ പലതും പുറത്തുവന്നിരിക്കുന്നു. അന്വേഷണ കമ്മീഷനുകള്‍, കോടതികള്‍ ഒക്കെ ഒന്നിന് പിറകെ ഒന്നായി ഗാന്ധിജിയുടെ വധത്തില്‍ ആര്‍എസ്എസ്സിന് ബന്ധമില്ലെന്ന് പറഞ്ഞിട്ടും അതുണ്ടെന്ന് സ്ഥാപിക്കാന്‍ നെഹ്രു നടത്തിയ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു. നെഹ്രുവിന് ശേഷം ഇന്ദിരയും ആ വഴിക്ക് തന്നെ നീങ്ങി. അതിനുമുമ്പ് വന്ന ഇന്ത്യാചൈന യുദ്ധത്തിലും ഇന്ത്യപാക് യുദ്ധത്തിലും സൈനികര്‍ക്ക് പിന്തുണയായി സ്വന്തം ജീവരക്തം പോലും ദാനം ചെയ്ത ആര്‍എസ്എസ് തങ്ങളുടെ ദേശഭക്തി അടിവരയിട്ടുറപ്പിച്ചു. ആര്‍എസ്എസ്സിനെ നിരോധിക്കാന്‍ കച്ചകെട്ടി ഇറങ്ങിയ ഇന്ദിരാഗാന്ധിയെ പോലും അമ്പരപ്പിക്കുന്നതായിരുന്നു ആര്‍എസ്എസ്സിന്റെ പ്രവര്‍ത്തനരീതി. ബംഗ്ലാദേശ് വിമോചന യുദ്ധത്തിലും ആര്‍എസ്എസ്, സൈന്യത്തിന്റെ രണ്ടാംനിരയായി, സേവനസന്നദ്ധരായി നിലകൊണ്ടു. അതിനുശേഷം മോര്‍ബിയില്‍ അണക്കെട്ട് തകര്‍ന്ന് നിരവധി ആളുകള്‍ മരിച്ച സംഭവത്തില്‍ പ്രദേശം സന്ദര്‍ശിച്ച പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ദുരന്തഭൂമിയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് ആര്‍എസ്എസുകാരെ മാത്രമേ കണ്ടുള്ളൂ എന്ന് പരസ്യമായി പ്രഖ്യാപിച്ചു.
പിന്നീട് രാജ്യം കണ്ട എല്ലാ ദുരന്തങ്ങളിലും സമുദായ, മതഭേദമെന്യേ ദുരിതാശ്വാസത്തിനും രക്ഷാപ്രവര്‍ത്തനത്തിനും ആര്‍എസ്എസ് സജ്ജമായി. കാശ്മീരിലും ഭുജിലും അടക്കം ഭൂകമ്പ ദുരന്തം ഉണ്ടായപ്പോഴും കേരളത്തിലും തമിഴ്നാട്ടിലും സുനാമിയില്‍ നിരവധി പേര് മരിച്ചപ്പോഴും കേരളത്തില്‍ പ്രളയം വന്നപ്പോഴും ഒക്കെ സേവനത്തിന് സ്വയംസേവകരും സേവാഭാരതിയും നിലയുറപ്പിച്ചു. മറ്റു രാഷ്ടീയക്കാരും മതവിഭാഗക്കാരും ഇന്ന് ആര്‍എസ്എസ്സിന്റെ നിസ്വാര്‍ത്ഥതയും സേവന സന്നദ്ധതയും സംഘടനയുടെ കരുത്തും വാഴ്ത്തുമ്പോഴും കേരളത്തിലെ സിപിഎമ്മിന് മാത്രമാണ് ആര്‍എസ്എസ്സിനോട് പ്രശ്നം.
ആര്‍എസ്എസ് ഒരു ക്ഷേത്രപരിസരത്തും ശാഖയിലും ആയുധപരിശീലനം നടത്തുന്നില്ല. സാധാരണ എക്സര്‍സൈസ് ആയുള്ള സൂര്യനമസ്കാരവും യോഗയും മെയ്വഴക്കത്തിനുള്ള പ്രയോഗങ്ങളും സ്വയം പ്രതിരോധത്തിനുള്ള നിയുദ്ധയും ആണ് കായിക ഇനത്തില്‍ ഒരുമണിക്കൂര്‍ ശാഖ പരിപാടിയിലുള്ളത്. ഇതുകൂടാതെ ഗണഗീതങ്ങളും ഐക്യവും ബുദ്ധിശക്തിയും ഊട്ടിയുറപ്പിക്കാനുള്ള മാനസിക വികാസ പദ്ധതികളും രാഷ്ട്രത്തിനു വേണ്ടി സ്വന്തം ജീവിതം സമര്‍പ്പിക്കാം എന്ന പ്രാര്‍ത്ഥനയും ആണ് ശാഖയിലുള്ളത്. ഇതില്‍ എവിടെയാണ് ആയുധപരിശീലനം എന്നത് മനസ്സിലാകുന്നില്ല. കടകംപള്ളിയും കെ. രാധാകൃഷ്ണനും മാത്രമല്ല പിണറായി വിജയന് തന്നെ കുറച്ചുദിവസം ആര്‍എസ്എസ്സിന്റെ പ്രവര്‍ത്തനരീതിയും ശാഖാ പ്രവര്‍ത്തനവും നേരിട്ട് കാണുകയും പഠിക്കുകയും ചെയ്യട്ടെ. അതല്ലാതെ കണ്ണടച്ചിരുട്ടാക്കി ഒരു നിയമം കൊണ്ടുവന്ന് ആര്‍എസ്എസ്സിന്റെ പ്രവര്‍ത്തനത്തെ ഇല്ലാതാക്കാം എന്ന് കരുതുന്നുണ്ടെങ്കില്‍ ഇപ്പോഴത്തെ ഇരട്ടചങ്കും ഓട്ടചങ്കും അതിന് താങ്ങാവില്ല. അതിന് വേറെ ചങ്ക് പിണറായി വെക്കേണ്ടി വരും. നെഹ്രുവിനും ഇന്ദിരക്കും കഴിയാത്തത് സാധിക്കാം എന്ന് പിണറായി കരുതുന്നുണ്ടെങ്കില്‍ അത് മൗഢ്യമാണ്.
കേരളത്തിലെ ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് ശാഖ നടത്തുന്നതോ ക്ഷേത്രാചാരങ്ങളില്‍ പരിഷ്ക്കരണം കൊണ്ടുവരുന്നതോ അല്ല ഇപ്പോഴത്തെ ഏറ്റവും വലിയ പ്രശ്നം. ഭക്തരുടെ ഇപ്പോഴത്തെ ഏറ്റവും വലിയ പ്രശ്നം ക്ഷേത്രങ്ങളുടെ ഭൂമിയും സ്വത്തുമാണ്. പലകാലങ്ങളില്‍ സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഏറ്റെടുത്ത ലക്ഷക്കണക്കിന് ഏക്കര്‍ വരുന്ന ക്ഷേത്രസ്വത്ത് നിയമമനുസരിച്ച് മൈനറായ, അതത് ക്ഷേത്രങ്ങളിലെ ആരാധനാമൂര്ത്തിയുടേതാണ്. അത് വ്യാപകമായി കൈമോശം വന്നിരിക്കുന്നു. തിരുവനന്തപുരം പാളയം ഗണപതി ക്ഷേത്രത്തിന്റെ 92 സെന്റ് ഭൂമി എങ്ങനെയാണ് 9 സെന്റ് ആയി ചുരുങ്ങിയത്? ബാക്കി ഭൂമി ആരുടെ കൈവശമാണ്? തിരുമാന്ധാംകുന്ന് ദേവീക്ഷേത്രത്തിന്റെ ഊരാണ്മക്കാരിയായി ഒരു മുസ്ലിം വനിത വന്നത് എങ്ങനെയാണ്? മലബാറിലെയും തിരുവിതാംകൂറിലെയും കൊച്ചിയിലെയും അന്യാധീനപ്പെട്ട ക്ഷേത്രഭൂമികള്‍ മുഴുവന്‍ വീണ്ടെടുക്കാന്‍ ഒരു ട്രിബ്യൂണല്‍ സ്ഥാപിക്കും എന്ന് കടകംപള്ളി സുരേന്ദ്രന് മന്ത്രി ആയിരിക്കുമ്പോള്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയതാണ്. ഈ ട്രിബ്യൂണല്‍ ഇതുവരെ രൂപീകരിച്ചിട്ടുണ്ടോ? ക്ഷേത്രഭൂമി വീണ്ടെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്?
ക്ഷേത്രങ്ങളില്‍ നടക്കുന്ന ആര്‍എസ്എസ് ശാഖ ക്ഷേത്രങ്ങളുടെ സംരക്ഷണത്തിന് കൂടി ഉള്ളതാണ്. അതവരുടെ ബാധ്യതയാണ്. അതവര് നടത്തുന്നുണ്ട്. ആര്‍എസ്എസ് ശാഖയില്‍ വരുന്നവര്‍ ക്ഷേത്രവിശ്വാസികള്‍ ആണോ എന്നതിനേക്കാള്‍ ദേശീയവാദികളാണ്. ഈ മാതൃഭൂമിക്ക് വേണ്ടി സ്വന്തം ജീവിതം സമര്‍പ്പിക്കുന്നവരാണ്. പക്ഷേ, സംസ്ഥാന സര്‍ക്കാര്‍ ആ വിശ്വാസപ്രമാണത്തില്‍ അടിയുറച്ചാണ് പോകുന്നതെങ്കില്‍ ക്ഷേത്രങ്ങളുടെ ഭൂമി വീണ്ടെടുക്കാനും അതത് ആരാധനാമൂര്‍ത്തികളുടെ കൈവശം എത്തിക്കാനുമുള്ള ബാധ്യതയുണ്ട്. അതിനുവേണ്ടിയുള്ള പോരാട്ടത്തിന് ഹിന്ദുസമൂഹം തയ്യാറെടുക്കുന്ന ഈ വേളയില്‍ പ്രകോപിപ്പിക്കാന്‍ ആര്‍എസ്എസ്സിനെ പ്രതിരോധത്തിലാക്കാനാണ് സര്‍ക്കാരിന്റെ ശ്രമം.
ആര്‍എസ്എസ് ശാഖ നിരോധിക്കുന്നതിന് പകരം ക്ഷേത്രഭൂമി വീണ്ടെടുക്കാനും കയ്യേറ്റക്കാരെ ഒഴിപ്പിക്കാനുമുള്ള നടപടികളാണ് ആദ്യം വേണ്ടത്. ഒരുപക്ഷേ, കേരളത്തില്‍ മാത്രമാണ് ആര്‍എസ്എസ്സിനെതിരെ ഈ തരത്തിലുള്ള ഒരു പടയൊരുക്കത്തിന് സിപിഎമ്മും സര്‍ക്കാരും തയ്യാറാകുന്നത്. പ്രായം 75 കഴിഞ്ഞിട്ടും രണ്ടാംതവണ മുഖ്യമന്ത്രിയായിട്ടും പിണറായി വിജയന് ഒരു ഭരണാധികാരിയുടെയോ രാഷ്ട്രതന്ത്രജ്ഞന്റെയോ ഇരുത്തം ഇനിയും വന്നിട്ടില്ല. ഒരു വിരല്‍ ചൂണ്ടി ആര്‍എസ്എസ്സിനെതിരെ പോരാട്ടത്തിന്റെ പോര്‍മുന ഉയര്‍ത്താന്‍ പിണറായി ശ്രമിച്ചാല്‍ സ്വന്തം ദേഹത്തിലേക്ക് ചൂണ്ടുന്ന നാലു വിരലുകളും പിണറായി മറക്കരുത്. കേരളത്തില്‍ ഉടനീളമുള്ള ക്ഷേത്രസ്വത്തുക്കള്‍ തിരികെ കിട്ടാനുള്ള പോരാട്ടത്തെ, ഹിന്ദുസമൂഹത്തിന്റെ ജീവന് മരണ സമരത്തെ അതിജീവിക്കാനുള്ള ത്രാണി പിണറായിക്കും സര്‍ക്കാരിനും ഉണ്ടാവില്ല. വിനാശകാലേ വിപരീത ബുദ്ധി എന്ന പ്രയോഗം ഏറ്റവും കൂടുതല്‍ യോജിക്കുന്നത് പിണറായിക്കായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: