പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടതുപോലെ എല്ലാ അര്‍ത്ഥത്തിലും സ്വാതന്ത്ര്യാമൃതകാലത്തെ സൂര്യോദയംതന്നെയാണ്. സ്വതന്ത്ര ഭാരതത്തിന്റെ അധികാരം കയ്യേറ്റ കപട മതേതരവാദികളും സംസ്കാരനിന്ദകരുമായ നെഹ്രു കുടുംബം തന്ത്രപൂര്‍വം മറച്ചുവച്ച ധര്‍മനീതിയുടെ ചെങ്കോല്‍ വീണ്ടെടുത്ത് ജനാധിപത്യത്തിന്റെ ശ്രീകോവിലില്‍ സ്ഥാപിച്ചതിലൂടെ തുടക്കം കുറിച്ച ഉദ്ഘാടന ചടങ്ങുകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉജ്വലമായ പ്രസംഗത്തോടെയാണ് സമാപിച്ചത്. സ്വതന്ത്ര ഭാരതത്തിന്റെ അധികാര കൈമാറ്റത്തിന്റെ ഭാഗമായി ബ്രിട്ടീഷ് വൈസ്രോയി മൗണ്ട്ബാറ്റണ് പ്രഭുവില്‍നിന്ന് പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രു ഏറ്റുവാങ്ങിയ ചെങ്കോല്‍ ഊന്നുവടിയായി ചിത്രീകരിച്ച് മ്യൂസിയത്തില്‍ ഒളിപ്പിച്ചുവയ്ക്കുകയായിരുന്നു കോണ്‍ഗ്രസ് സര്‍ക്കാരുകള്‍. മോദി സര്‍ക്കാരാണ് ഇത് വീണ്ടെടുത്തത്. അഭിമാനത്തിന്റെ പ്രതീകമായ ഈ ചെങ്കോല്‍ തമിഴ്നാട്ടില്‍നിന്നുള്ള ആചാര്യന്മാര് പ്രധാനമന്ത്രിക്ക് കൈമാറിയ മുഹൂര്‍ത്തം അവിസ്മരണീയമായിരുന്നു. ഉദ്ഘാടനച്ചടങ്ങില്‍നിന്ന് വിട്ടുനിന്നും, അപവാദ പ്രചാരണം നടത്തിയും ചരിത്രപരമായ ഒരു മുഹൂര്‍ത്തത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച കോണ്‍ഗ്രസ്സും ചില പ്രതിപക്ഷ കക്ഷികളും ഒടുവില്‍ ദല്‍ഹിയില്‍ സമരം ചെയ്യുന്ന ഗുസ്തി താരങ്ങളെ ഇളക്കിവിട്ട് ഉദ്ഘാടന പരിപാടി അലങ്കോലപ്പെടുത്താന്‍ നോക്കിയെങ്കിലും വിജയിച്ചില്ല. കോണ്‍ഗ്രസ്സിന്റെ അഭ്യര്‍ത്ഥന തള്ളി പ്രതിപക്ഷ കക്ഷികളായ ബിഎസ്പിയും ബിജെഡിയും വൈഎസ്ആര്‍ കോണ്‍ഗ്രസ്സും അകാലിദളുമടക്കം മുപ്പതോളം കക്ഷികളുടെ പ്രതിനിധികള്‍ പങ്കെടുത്ത പരിപാടി ആധുനിക ഭാരതത്തിന്റെ ചരിത്രത്തില്‍ പുതിയൊരു അധ്യായം എഴുതിച്ചേര്‍ത്തിരിക്കുകയാണ്.
പുതിയ പാര്‍ലമെന്റ് മന്ദിരത്തെ കോണ്‍ഗ്രസ് എതിര്‍ക്കുന്നതിനുള്ള പ്രധാന കാരണം അവരുടെ സാമ്രാജ്യത്വ ദാസ്യമാണ്. സ്വന്തം ഭരണകാലത്ത് ബ്രിട്ടീഷുകാര്‍ നിര്‍മിച്ച, നൂറുവര്‍ഷമാകാന്‍ പോകുന്ന നിലവിലെ പാര്‍ലമെന്റ് മന്ദിരം ഉപേക്ഷിക്കാന്‍ കോണ്‍ഗ്രസ്സിന് താല്പര്യമില്ല. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചിട്ടും സാമ്രാജ്യത്വ പതാക താഴ്ത്തിക്കെട്ടാന്‍ പോലും തയ്യാറാവാതിരുന്ന ഒരു ഭരണകൂടത്തിനാണ് കോണ്‍ഗ്രസ് നേതൃത്വം നല്‍കിയത്. ലജ്ജാകരമായ ഈ പാരമ്പര്യം കയ്യൊഴിയുന്നതിനെ കോണ്‍ഗ്രസ് ഇഷ്ടപ്പെടുന്നില്ല. ഇതുകൊണ്ടാണ് സ്വതന്ത്ര ഭാരതത്തിന്റെ ഭരണകൂടം നിര്‍മിച്ച പാര്‍ലമെന്റ് മന്ദിരത്തെ അംഗീകരിക്കാന്‍ ആ പാര്‍ട്ടി വിസമ്മതിക്കുന്നത്. മാറിയ കാലത്തിന് അനുയോജ്യമായ സൗകര്യങ്ങളോ സജ്ജീകരണങ്ങളോ നിലവിലെ പാര്‍ലമെന്റിന് ഉണ്ടായിരുന്നില്ല. ഇതു കണക്കിലെടുത്താണ് പുതിയ മന്ദിരം നിര്‍മിക്കാന്‍ തീരുമാനിച്ചതും, നിര്‍ദ്ദിഷ്ട സമയത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തീകരിച്ചതും. പുതിയ മന്ദിരം നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്റിന്റെ ഇരുസഭകളും പ്രമേയം പാസാക്കിയിരുന്നു. ജനപ്രതിനിധികളെന്ന നിലയ്ക്ക് അംഗങ്ങള്‍ക്ക് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന വിധമുള്ള സൗകര്യങ്ങള്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തിലുണ്ട്. നിര്‍മാണ പ്രവര്‍ത്തനം നടത്തിയ അറുപതിനായിരത്തോളം വരുന്ന തൊഴിലാളികളുടെ പ്രതിനിധികളെ പ്രധാനമന്ത്രി മോദി ചടങ്ങില്‍ ആദരിച്ചത് പുതിയ കീഴ്വഴക്കത്തിന്റെ തുടര്‍ച്ചയാണ്. റെക്കോര്‍ഡ് വേഗത്തില്‍ കാശിധാമിന്റെ പണി പൂര്‍ത്തിയാക്കിയ തൊഴിലാളികളെയും പ്രധാനമന്ത്രി മോദി ആദരിക്കുകയും, അവര്‍ക്കൊപ്പം ഭക്ഷണം കഴിക്കുകയും ചെയ്തിരുന്നു.
ഉദ്ഘാടനച്ചടങ്ങ് ബഹിഷ്കരിച്ച പ്രതിപക്ഷ കക്ഷികളുടെ ശിഥിലീകരണ രാഷ്ട്രീയത്തെ പൂര്‍ണമായും അവഗണിക്കുന്ന പ്രസംഗമാണ് പ്രധാനമന്ത്രി മോദി നടത്തിയത്. വികസനത്തിലേക്കു മുന്നേറുന്ന ഒരു രാഷ്ട്രത്തിന് ചില അനശ്വര നിമിഷങ്ങളുണ്ടാവുമെന്നും, അത്തരത്തിലൊന്നാണ് ഇതെന്നും പറഞ്ഞ പ്രധാനമന്ത്രി, പുതിയ പാര്‍ലമെന്റ് മന്ദിരം ഒരു കെട്ടിടം മാത്രമല്ലെന്നും അത് ജനാധിപത്യത്തിന്റെ ശ്രീകോവിലും 140 കോടി ജനങ്ങളുടെ സ്വപ്ന സാക്ഷാല്‍ക്കാരമാണെന്നും അഭിപ്രായപ്പെടുകയുണ്ടായി. സ്വാശ്രയ ഭാരതത്തിന്റെ ഉയര്‍ച്ചയ്ക്ക് ഈ മന്ദിരം സാക്ഷ്യം വഹിക്കും. പുതിയ പാര്‍ലമെന്റ് മന്ദിരം ഇന്ത്യയുടെയും ലോകത്തിന്റെയും വികസനത്തിലേക്ക് നയിക്കുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ജനാധിപത്യത്തിന്റെ മാതാവാണ് ഇന്ത്യ എന്നു പറഞ്ഞ പ്രധാനമന്ത്രി, അത് ലോക ജനാധിപത്യത്തിന്റെ അടിത്തറയാണെന്നും ചൂണ്ടിക്കാട്ടുകയുണ്ടായി. ജനാധിപത്യം നമ്മുടെ സംസ്കാരവും പാരമ്പര്യവുമാണ്. നമ്മുടെ ജനാധിപത്യം നമ്മുടെ പ്രചോദനവും, നമ്മുടെ ഭരണഘടന ദൃഢനിശ്ചയവുമാണ്. ഈ പ്രചോദനത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും ഏറ്റവും നല്ല പ്രതിനിധി പാര്‍ലമെന്റാണെന്നും പ്രധാനമന്ത്രി പറയുകയുണ്ടായി. ഒന്‍പത് വര്‍ഷക്കാലത്തെ ബിജെപി ഭരണത്തിന്റെ നേട്ടങ്ങള്‍ എടുത്തുകാണിച്ച പ്രധാനമന്ത്രി ദാരിദ്ര്യം തുടച്ചുനീക്കുന്ന ചില ശക്തമായ നടപടികളുടനുണ്ടാകുമെന്നും പ്രഖ്യാപിച്ചിരിക്കുകയാണ്. സ്വന്തം രാഷ്ട്രീയ താല്പര്യം മുന്‍നിര്‍ത്തി കോണ്‍ഗ്രസ്സും മറ്റും നിറംകെടുത്താന്‍ ശ്രമിച്ച ഉദ്ഘാടനച്ചടങ്ങ് ഏറെ തിളക്കമുള്ളതായി. ജനാധിപത്യവിരുദ്ധവും രാജ്യവിരുദ്ധവുമായ ഈ നടപടിക്ക് അവര്‍ ജനങ്ങളോട് മറുപടി പറയേണ്ടിവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: