ഇംഫാല്‍::മണിപ്പൂരിലെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ഈ തീവ്രവാദിഗ്രൂപ്പുകള്‍ സാധാരണക്കാര്‍ക്ക് നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്ന് കണ്ടെത്തല്‍. ഇതിനായി അത്യാധുനിക ആയുധങ്ങളും അവര്‍ ഉപയോഗിച്ചിരുന്നു. എം-16, എകെ-47, ഒളിഞ്ഞിരുന്നു ശബ്ദം കേള്‍പ്പിക്കാതെ വെടിവെയ്ക്കാന്‍ പറ്റിയ സ്നൈപ്പര്‍ ഗണ്ണുകള്‍ എന്നിവ തീവ്രവാദിസംഘങ്ങള്‍ ഉപയോഗിച്ചിരുന്നു. ഇവര്‍ക്ക് അത്യാധുനിക ആയുധങ്ങള്‍ ലഭിച്ചത് സംഘര്‍ഷത്തിന് പിന്നില്‍ വ്യക്തമായ ആസൂത്രണം നടന്നു എന്നതിന് തെളിവാണ്. ബിജെപി എംഎല്‍എ ഖ്വെയ്റാപ്കം രഘുമണി സിങ്ങിന്റെ വീടും തീവ്രവാദികള്‍ തകര്‍ത്തിരുന്നു.
മണിപ്പൂര്‍ കലാപത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച തീവ്രവാദികളില്‍ 40 പേരെ സൈന്യം വെടിവെച്ച് കൊന്ന കാര്യം മുഖ്യമന്ത്രി എന്‍. ബീരേന്‍ സിങ്ങ് സ്ഥിരീകരിച്ചു. ഈ തീവ്രവാദിസംഘങ്ങള്‍ അത്യാധുനിക ആയുങ്ങള്‍ ഉപയോഗിച്ചാണ് സാധാരണ ജനങ്ങള്‍ക്ക് നേരെ അക്രമം അഴിച്ചുവിടുന്നത്. സംസ്ഥാനത്ത് തീവ്രവാദി ആക്രമണം നടക്കാന്‍ സാധ്യതയുള്ളതിനാല്‍ സൈന്യം ജാഗ്രതയിലാണ്.
മണിപ്പൂരിലെ വെയ്നം പാലം തകര്‍ക്കാനുള്ള തീവ്രവാദികളുടെ നീക്കം സൈന്യം തടയുന്നു:
മണിപ്പൂരിലെ വെയ്നം പാലം തകര്‍ക്കാന്‍ തീവ്രവാദികള്‍ പദ്ധതിയിട്ടിരുന്നു. ഇതിന്റെ ഭാഗമായി പാലത്തിന്റെ മൂന്ന് പാനലുകള്‍ അവര്‍ എടുത്തുമാറ്റിയിരുന്നു. എന്നാല്‍ ജനങ്ങള്‍ സൈന്യത്തെ വിവരമറിയിച്ച ഉടന്‍ സൈന്യം കുതിച്ചെത്തി പാലം വീണ്ടും പഴയതുപോലെ മാറ്റിയെടുക്കുകയായിരുന്നു.
സൈന്യം മണിപ്പൂരില്‍ എടുക്കാന്‍ പോകുന്ന നടപടികളെക്കുറിച്ച് സൈനിക മേധാവി മനോജ് പാണ്ഡെ മുഖ്യമന്ത്രിയ്ക്ക് വിവരങ്ങള്‍ കൈമാറിയിരുന്നു. കുക്കി-സായുധവിഭാഗത്തില്‍ നിന്നുള്ളവരാണ് ഈ തീവ്രവാദികള്‍. ഇപ്പോള്‍ വംശങ്ങള്‍ തമ്മിലല്ല അവിടെ ഏറ്റുമുട്ടല്‍ നടക്കുന്നതെന്നും സൈന്യവും തീവ്രവാദിസംഘങ്ങളും തമ്മിലാണെന്നും മുഖ്യമന്ത്രി ബീരേന്‍ സിങ്ങ് പറഞ്ഞു. മെയ് മാസത്തില്‍ മെയ്തി വിഭാഗത്തെ പട്ടിക വര്‍ഗ്ഗത്തില്‍ ഉള്‍പ്പെടുത്തുന്നതിനെതിരെ ഓള് ട്രൈബല്‍ സ്റ്റുഡന്‍സ് യൂണിയന് ഓഫ് മണിപ്പൂര്‍ (എടിഎസ് യുഎം) നടത്തിയ സമരം അക്രമാസക്തമാവുകയും കലാപത്തില്‍ 70 പേര് കൊല്ലപ്പെടുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: