ന്യൂദല്‍ഹി: ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവാണ്. ആഗോള ജനാധിപത്യത്തിന്റെ അടിസ്ഥാനം കൂടിയാണിത്. ജനാധിപത്യം നമ്മുടെ സംസ്കാരവും ആശയവും പാരമ്പര്യവുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഓരോ രാജ്യത്തിന്റെയും വികസന യാത്രയില്‍ അനശ്വരമാകുന്ന ചില നിമിഷങ്ങളുണ്ട്, നമ്മുക്ക് മെയ് 28 അത്തരമൊരു ദിവസമാണ്. പുതിയ പാര്‍ലമെന്റിലെ ലോകസഭ ഹാളില്‍ വിശിഷ്ടാധിതികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
പുതിയ പാര്‍ലമെന്റ് ഒരു കെട്ടിടം മാത്രമല്ല, 140 കോടി ജനങ്ങളുടെ അഭിലാഷത്തിന്റെ പ്രതീകമാണ്. അത് ഇന്ത്യയുടെ നിശ്ചയദാര്‍ഢ്യത്തെക്കുറിച്ച് ലോകത്തിന് ഒരു സന്ദേശം കൂടിയാണ്. ആത്മനിര്‍ഭര്‍ ഭാരതത്തിന്റെ ഉദയത്തിന് ഈ പുതിയ പാര്‍ലമെന്റ് സാക്ഷ്യം വഹിക്കും.
ഇന്ന് പാര്‍ലമെന്റില്‍ ചെങ്കോല്‍ സ്ഥാപിച്ചു. ചോള രാജവംശത്തില്‍ ചെങ്കോല്‍ നീതിയുടെയും ന്യായത്തിന്റെയും സദ്ഭരണത്തിന്റെയും പ്രതീകമായിരുന്നു. ചെങ്കോലിന്റെ പ്രൗഢി വീണ്ടെടുക്കാന്‍ കഴിഞ്ഞത് നമ്മുടെ ഭാഗ്യമാണെന്നും അദേഹം പറഞ്ഞു.
ഈ സഭയില്‍ നടപടികള്‍ ആരംഭിക്കുമ്പോഴെല്ലാം ചെങ്കോല്‍ നമ്മെ പ്രചോദിപ്പിക്കും. ഇന്ത്യ മുന്നോട്ട് പോകുമ്പോള്‍ ലോകം മുന്നോട്ട് നീങ്ങും. ഈ പുതിയ പാര്‍ലമെന്റ് ഇന്ത്യയുടെ വികസനത്തിലൂടെ ലോകത്തിന്റെ വികസനത്തിലേക്കും നയിക്കും. ഇന്ത്യയ്ക്കൊപ്പം പുതിയ പാര്‍ലമെന്റ് മന്ദിരവും ലോക പുരോഗതിക്ക് സംഭാവന നല്‍കുമെന്നും അദേഹം പറഞ്ഞു.
നിരവധി വര്‍ഷത്തെ വിദേശ ഭരണം സ്വാഭിമാനം നമ്മില്‍ നിന്ന് അപഹരിച്ചു. ആ കൊളോണിയല്‍ ചിന്താഗതിയെ ഇന്ത്യ ഇന്ന് ഉപേക്ഷിച്ചിരിക്കുന്നു. പുതിയ പാര്‍ലമെന്റിന്റെ ആവശ്യം വിവിധ സ്ഥലങ്ങളില്‍ നിന്ന് ഉയര്‍ന്നുവന്നു. വരും കാലങ്ങളില്‍ സീറ്റുകളുടെയും എംപിമാരുടെയും എണ്ണം കൂടുമെന്നും കാണേണ്ടിയിരിക്കുന്നു. അതുകൊണ്ടാണ് പുതിയ പാര്‍ലമെന്റ് രൂപീകരിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമായത്.
പഞ്ചായത്ത് ഭവന് മുതല്‍ സന്‍സദ് ഭവന് വരെ നമ്മുടെ നാടിന്റെയും ജനങ്ങളുടെയും വികസനമാണ് നമ്മുടെ പ്രചോദനം. ഇന്ന് ഈ പുതിയ പാര്‍ലമെന്റിന്റെ നിര്‍മ്മാണത്തില്‍ നാം അഭിമാനിക്കുന്നതിനാല്‍, കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ രാജ്യത്ത് നാലു കോടി പാവപ്പെട്ട ആളുകള്‍ക്ക് വീടും 11 കോടി സൗചാലയങ്ങളും നിര്‍മ്മിച്ചതിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ അത് എനിക്ക് വലിയ സംതൃപ്തി നല്കുന്നു. പുതിയ പാര്‍ലമെന്റില്‍ ആധുനിക സൗകര്യങ്ങളെക്കുറിച്ച് സംസാരിക്കുമ്പോള്‍, രാജ്യത്തെ ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്നതിന് നാലു ലക്ഷം കിലോമീറ്റര്‍ റോഡുകള്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍മ്മിച്ചതില്‍ എനിക്ക് തൃപ്തി തോന്നുന്നുവെന്നും അദേഹം പറഞ്ഞു.
ആധുനിക സൗകര്യങ്ങളോടും അത്യാധുനിക ഗാഡ്ജെറ്റുകളോടും കൂടിയതാണ് ഈ കെട്ടിടം. 60,000ത്തിലധികം തൊഴിലാളികള്‍ക്ക് ഇത് തൊഴില്‍ നല്കി. അവരുടെ കഠിനാധ്വാനത്തെ ആദരിക്കുന്നതിനായി നാം ഒരു ഡിജിറ്റല്‍ ഗാലറി തന്നെ സൃഷ്ടിച്ചിട്ടുണ്ടെന്നും അദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: