ന്യൂദല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരം രാജ്യത്തെ ജനങ്ങളില്‍ അഭിമാനവും പ്രതീക്ഷയും ഉയര്‍ത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രൗഢഗംഭീരമായ കെട്ടിടം ജനങ്ങളെ ശാക്തീകരിക്കുക മാത്രമല്ല, രാഷ്‌ട്രത്തിന്റെ സമൃദ്ധിക്കും ശക്തിക്കും പുതിയ ഊര്‍ജവും ഉണര്‍വും നല്‍കുമെന്നും പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന് പിന്നാലെ നടത്തിയ ട്വീറ്റില്‍ അദ്ദേഹം പറഞ്ഞു.
ഇന്ന് രാവിലെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ ലോകസഭാ ചേംബറില്‍ ശിലാഫലകം അനാച്ഛാദനം ചെയ്തത്. തുടര്‍ന്ന് ലോകസഭാ സ്പീക്കറിന്റെ ഇരിപ്പിടത്തിനു അരികില്‍ ചെങ്കോല്‍ സ്ഥാപിച്ചു. പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണത്തില്‍ പങ്കാളികളായ തൊഴിലാളികളെ പ്രധാനമന്ത്രി നരേന്ദമോദി അദരിക്കുകയും ചെയ്തു.
പുതിയ ലോക്‌സഭാ ചേംബറിലെ സ്പീക്കറുടെ കസേരയ്‌ക്ക് തൊട്ടടുത്ത് പൂജകള്‍ക്ക് ശേഷമാണ് പ്രധാനമന്ത്രി ചെങ്കോല്‍ സ്ഥാപിച്ചത്. ചടങ്ങില്‍ ചെങ്കോലിന് മുന്നില്‍ നരേന്ദ്രമോദി ആദര സൂചകമായി സാഷ്ടാംഗം പ്രണമിച്ചു. ഇന്ത്യയുടെ മഹത്തായ ജനാധിപത്യ പാരമ്പര്യങ്ങളും ഭരണഘടനാ മൂല്യങ്ങളും കൂടുതല്‍ സമ്പന്നമാക്കാന്‍ പ്രവര്‍ത്തിക്കുന്ന പാര്‍ലമെന്റിന്റെ പുതുതായി നിര്‍മ്മിച്ച കെട്ടിടം അത്യാധുനിക സൗകര്യങ്ങളാലാണ് സജ്ജീകരിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക