കോട്ടയം: ലക്ഷകണക്കിന് വരുന്ന റബ്ബര്‍ കര്‍ഷകര്‍ക്ക് മോഹന സുന്ദര വാഗ്ദാനങ്ങള്‍ നല്‍കി വോട്ട് വാങ്ങി വഞ്ചിച്ച ക്രൈസ്തവ ന്യുന പക്ഷങ്ങളെയും പുരോഹിതരെയും ഇടതുപക്ഷ സര്‍ക്കര്‍ നിരന്തരം വേട്ടയാടുകയാണെന്ന് ബിജെപി മേഖല അധ്യക്ഷന്‍ എന്‍ ഹരി. ആ സര്‍ക്കാരിന്റെ ഭാഗമായി നിന്നുകൊണ്ട് തന്നെ റബ്ബര്‍ ഉത്പാദക ഉത്തേജക പദ്ധതിയില്‍ അടിസ്ഥാന സംഭരണ വില കൂട്ടുമെന്ന് പറഞ്ഞു ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് ഇടയ്‌ക്കിടെ നിവേദനങ്ങളുമായി മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു വെറും കുശലാഅന്വേഷണം മാത്രം നടത്തി കര്‍ഷകരെ വഞ്ചിച്ചതും കോട്ടയത്തെ എംപി ജോസ് കെ മാണി തന്നെയാണ്. ബിജെപി അയര്‍കുന്നം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ രണ്ടാം പിണറായി സര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍ക്കും അഴിമതിക്കുമെതിരെ സംഘടിപ്പിച്ച കുറ്റ വിചാരണ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ഹരി.
കര്‍ഷകര്‍ക്കായി വിവിധ പദ്ധതികള്‍ നടപ്പിലാക്കിയ പിതാവിന്റെ പാതയില്‍ നിന്ന് വ്യതിചലിച്ചു ഇടതു മുന്നണിക്കൊപ്പം ചേക്കറിയ ജോസ് കെ മാണി ഇനിയും സിപിഐഎമ്മില്‍ നിന്ന് ഏറെ പഠിക്കാനുണ്ട്. സഹകരണ മേഖലയിലെ അഴിമതി പതിനായിരക്കണക്കിന് ജനങ്ങളുടെ കിടപ്പാടം ഇല്ലന്നാക്കി അതിന് മറുപടി പറയേണ്ടത് സഹകരണ മന്ത്രി വാസവനുമാണ്. ഒരു വിചാരണ കൊണ്ട് മാത്രം ഇടതു പക്ഷ സര്‍ക്കാരിന്റെ ഭരണത്തിന് കീഴിലെ കറുത്ത ദിനങ്ങള്‍ ജനങ്ങളോട് പറഞ്ഞു തീരില്ല. ജനസമൂഹത്തോട് ഒപ്പം നിന്ന് ഇതിനെതിരെ നിരന്തരം പോരാടും. എന്‍ ഹരി പറഞ്ഞു.
കഴിഞ്ഞ ഏഴ് വര്‍ഷങ്ങള്‍ കേരളത്തിലെ ജനങ്ങള്‍ക്ക് വറുതിയുടെ കാലഘട്ടമായിരുന്നു പെന്‍ഷനും ശമ്പളവും മുടങ്ങി കെഎസ്ആര്‍ട്ടിസി ഉദ്യോഗസ്ഥരും കൃഷിക്കാരും ആത്മഹത്യ ചെയ്യേണ്ടിവന്ന വര്‍ഷങ്ങളായിരുന്നു കടന്നു പോയത്.
മദ്യവര്‍ജ്ജന മാണ് ലക്ഷ്യമെന്ന് പറഞ്ഞു അധികാരത്തിലേറിയവര്‍ ഏഴുവര്‍ഷം കൊണ്ട് തുറന്ന് കൊടുത്തത് നൂറുകണക്കിന് ബാറുകളും കള്ളു ഷാപ്പുകളുമാണ്. തീവ്രവാദത്തെ തുടച്ചുനീക്കുമെന്ന് അവകാശപ്പെട്ട പിണറായി സര്‍ക്കാരിനെ വെല്ലുവിളിച്ച് അവരുടെ തന്നെ നേതാക്കളുടെ തണലില്‍ പോപ്പുലര്‍ ഫ്രണ്ടും ക്യാമ്പസ് ഫ്രണ്ടും തഴച്ചു വളര്‍ന്ന് നിരവധി നിരപരാധികളെ അരിഞ്ഞു വീഴ്‌ത്തി കുടുംബങ്ങള്‍ അനാഥമാക്കി. അവര്‍ രാജ്യത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചു. ഇടതുപക്ഷ സര്‍ക്കാര്‍ അവരെ നിശബ്ദമായി സഹായിച്ചുകൊണ്ടിരുന്നു.
ആള്‍ക്കൂട്ട ആക്രമണങ്ങളും കൊലപാതകങ്ങളും മയക്കു മരുന്ന് ഉപയോഗവും വിപണനവും സ്വര്‍ണ്ണ കള്ളക്കടത്തും പിണറായി വിജയന്‍ സര്‍ക്കാരിന് കീഴില്‍ തഴച്ചു വളര്‍ന്നു.അട്ടപ്പാടിയിലും വയനാട്ടിലും മതിയായ ചികിത്സ കിട്ടാതെ മരിച്ച ആദിവാസി കുട്ടികളുടെയും അമ്മമാരുടെയും വിവരങ്ങള്‍ മറച്ചു വെച്ചും പട്ടിണി കിടന്ന് ഒടുവില്‍ കത്തെഴുതി വെച്ച് ആത്മഹത്യ ചെയ്ത എട്ടാം ക്ലാസുകാരിയെയും,ദിവസവും ആക്രമണങ്ങള്‍ക്ക് ഇരയായി നീതി കിട്ടാതെ പോകുന്ന യുവതികളെയും മറച്ചു വെച്ച് സര്‍ക്കാര്‍ മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ കേരളം നമ്പര്‍ വണ്‍ എന്ന് പച്ച കള്ളം വിളിച്ചു പറഞ്ഞു. എന്‍ ഹരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: