ചെന്നൈ: പുതിയ പാര്‍ലമെന്‍റിന്റെ ലോക് സഭയില്‍ ചെങ്കോല്‍ സ്ഥാപിക്കാന്‍ തീരുമാനിക്കുക വഴി തമിഴര്‍ക്ക് മുഴുവന്‍ അഭിമാനിക്കാന്‍ വകയുണ്ടാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച് രജനീകാന്ത്.
“തമിഴ് അധികാരത്തിന്റെ പരമ്പരാഗത പ്രതീകമായ ചെങ്കോല്‍ ഇന്ത്യയുടെ പുതിയ പാര്‍ലമെന്‍റ് മന്ദിരത്തില്‍ തിളങ്ങും. തമിഴര്‍ക്ക് അഭിമാനിക്കാന്‍ വകനല്‍കിയ പ്രധാനമന്ത്രിയ്‌ക്ക് ആത്മാര്‍ത്ഥമായ നന്ദി. “- രജനീകാന്ത് ട്വിറ്ററില്‍ കുറിച്ചു.
കഴിഞ്ഞ ദിവസം കമലാഹാസന്‍ മോദിയെ പുതിയ പാര്‍ലമെന്‍റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നതിന്റെ പേരില്‍ വിമര്‍ശിച്ചിരുന്നു. രജനീകാന്തിന്റെ ട്വിറ്റര്‍ സന്ദേശത്തിന് വന്‍ പ്രതികരണമാണ് ലഭിയ്‌ക്കുന്നത്. കോണ്‍ഗ്രസ് ഉള്‍പ്പെടെ 19 പ്രതിപക്ഷ പാര്‍ട്ടികള്‍ മെയ് 28ന് പാര്‍ലമെന്‍റ് മന്ദിരം മോദി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങ് ബഹിഷ്കരിച്ചിരിക്കുകയാണ്.
തമിഴ്നാടുള്‍പ്പെട്ട ചോള സാമ്രാജ്യത്തില്‍ പണ്ട് പുതുതായി അധികാരമേല്‍ക്കുന്ന ഓരോ രാജാവും ചെങ്കോല്‍ കൈമാറിയിരുന്നു. ഈ പാരമ്പര്യം ഉള്‍ക്കൊണ്ട് ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുമ്പോള്‍ മൗണ്ട് ബാറ്റന്‍ പ്രഭും മദ്രാസിലെ ഒരു ജ്വല്ലറിയില്‍ നിര്‍മ്മിച്ച, അവിടുത്തെ ആഥീനം മഠാധിപതികള്‍ നല്‍കിയ ചെങ്കോല്‍ പ്രധാനമന്ത്രി നെഹ്രുവിന് നല്‍കിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് പിന്നീട് നെഹ്രുവിന്റെ പേരിലുള്ള മ്യൂസിയത്തില്‍ അത് നെഹ്രുവിന് ആരോ നല്‍കിയ ഊന്നുവടിയാണെന്ന് എഴുതി പ്രദര്‍ശനത്തിന് വെച്ചിരുന്നു. ഇപ്പോള്‍ മോദി സര്‍ക്കാരാണ് അധികാരക്കൈമാറ്റത്തില്‍ ചെങ്കോലിനുള്ള പ്രാധാന്യം കണ്ടെത്തിയത്. അതിന്റെ ഭാഗമായി ഈ ചെങ്കോല്‍ പുതിയ പാര്‍ലമെന്‍റ് മന്ദിരത്തില്‍ സ്പീക്കറുടെ കസേരയ്‌ക്ക് തൊട്ടടുത്ത് പ്രദര്‍ശനത്തിന് വെയ്‌ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: