ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഇന്ന് ദില്ലിയില്‍ ചേര്‍ന്ന നിതി ആയോഗ് കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാതിരുന്നത് എട്ട് മുഖ്യമന്ത്രിമാര്‍. കേരള മുഖ്യമന്ത്രി പിണറായി വിജയന്, രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെലോട്ട്, ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്ക്, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു, തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നിവരാണ് നിതി ആയോഗ് കൗണ്‍സില്‍ യോഗത്തില്‍ നിന്ന് വിട്ടുനിന്നത്.
വിട്ടുനിന്നതിന്റെ കാരണം ചിലര്‍ കേന്ദ്രത്തോട് പറഞ്ഞപ്പോള്‍ മറ്റുളളവര്‍ ഒരു പ്രതികരണവും നടത്തിയിട്ടില്ല.ആരോഗ്യപരമായ കാരണങ്ങളാല്‍ പങ്കെടുക്കില്ലെന്നാണ് രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെലോട്ട് കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചത്. ദല്‍ഹിയെ സംബന്ധിച്ച കേന്ദ്രത്തിന്റെ ഓര്‍ഡിനന്‍സിനെതിരായ പ്രതിഷേധമാണ് യോഗം ബഹിഷ്കരിക്കാന്‍ കാരണമെന്ന് അരവിന്ദ് കെജ്രിവാള് വ്യക്തമാക്കി.
പഞ്ചാബിന്റെ താത്പ്പര്യങ്ങള്‍ കേന്ദ്രം ഗൗനിക്കുന്നില്ലെന്നും അതിനാല്‍ യോഗത്തില്‍ പങ്കെടുക്കില്ലെന്നുമാണ് ഭഗവന്ത് മാന്‍ കേന്ദ്രത്തെ അറിയിച്ചത്.നേരത്തേ നിശ്ചയിച്ച പരിപാടിയുള്ളതിനാല്‍ യോഗത്തില്‍ പങ്കെടുക്കില്ലെന്നാണ് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായികിന്റെ ഓഫീസ് വ്യക്തമാക്കിയത്.
പിണറായി വിജയന്, കെ ചന്ദ്രശേഖര്‍ റാവു, മമത ബാനര്‍ജി, നിതീഷ് കുമാര്‍ സ്റ്റാലിന്, സിദ്ധരാമയ്യ എന്നിവര്‍ വിട്ടുനില്‍ക്കുന്നതിന് പ്രത്യേകിച്ച് കാരണം അറിയിച്ചിട്ടില്ലെന്നാണ് സൂചന.
അതിനിടെ മുഖ്യമന്ത്രിമാര്‍ യോഗത്തില്‍ നിന്ന് വിട്ടുനിന്നതില്‍ ബി ജെ പി ശക്തമായ വിമര്‍ശനമാണ് നടത്തിയത്. നിര്‍ണായക ആസൂത്രണ യോഗത്തില്‍ പങ്കെടുക്കാത്ത മുഖ്യമന്ത്രിമാര്‍ ജനങ്ങളുടെ ശബ്ദം ഉയര്‍ത്താനുളള അവസരം ഉപോയോഗിച്ചില്ലെന്ന് കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ് കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: