മുംബൈ: ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ വന്‍ ആസ്തിനഷ്ടത്തിലേക്ക് കൂപ്പുകുത്തിയ അദാനി ഓഹരികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ വന്‍കുതിപ്പ് രേഖപ്പെടുത്തിയതോടെ വീണ്ടും ലോകത്തിലെ 20 ശതകോടീശ്വരന്മാരില്‍ ഒരാളായി അദാനി. ഓഹരികളുടെ വില വര്‍ധിച്ചതോടെ അദാനിയുടെ ആസ്തി 6420 കോടി ഡോളര്‍ ആയി ഉയര്‍ന്നു. ഇതോടെ അദാനി ലോകത്തിലെ ശതകോടീശ്വരന്മാരുടെ പട്ടികയില്‍ 18ാമനായതായി ബ്ലൂംബര്‍ഗ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
അദാനി എന്‍റര്‍പ്രൈസസ്, അദാനി പോര്‍ട്സ്, അദാനി ഗ്രീന്‍, അദാനി ഗ്യാസ്, അദാനി വില്‍മര്‍, അദാനി പവര്‍, എന്‍ഡിടിവി, അദാനിയുടെ സിമന്‍റ് കമ്പനികളായ അംബുജ സിമന്‍റ്സ്, എസിസി തുടങ്ങി എല്ലാ ഓഹരികളും വന്‍കുതിപ്പാണ് നടത്തിയത്. ഇതുവഴി അദാനിയുടെ ആസ്തിയില്‍ 430 കോടി ഡോളറിന്റെ വര്‍ധനവുണ്ടായി. വിദേശനിക്ഷേപകരും ഇന്ത്യയിലെ സാധാരണ ഓഹരിനിക്ഷേപകരും വന്‍തോതിലാണ് ഓഹരികള്‍ വാങ്ങിക്കൂട്ടിയത്. ഇനിയും ഓഹരിവിലകള്‍ കുതിക്കുമെന്ന് തന്നെയാണ് റിപ്പോര്‍ട്ടുകള്‍.
അദാനി മാനേജ് മെന്‍റിനെ അടിമുടി വിമര്‍ശിച്ച് കൊണ്ട് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ഇക്കഴിഞ്ഞ ഫിബ്രവരിയില്‍ അദാനി കമ്പനികളുടെ ഓഹരിവിലകള്‍ ഇടിഞ്ഞതോടെ ലോകത്തിലെ സമ്പന്നരായ 20 ശതകോടീശ്വരന്മാരുടെ പട്ടികയില്‍ നിന്നും അദാനി പുറത്തായിരുന്നു. 2022 സെപ്തംബറില്‍ 15400 കോടി ഡോളര്‍ ആസ്തിയോടെ ലോകത്തിലെ ശതകോടീശ്വരന്മാരില്‍ രണ്ടാമനായിരുന്നു അദാനി. പക്ഷെ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്നതോടെ 2023 തുടക്കത്തോടെ അദാനിയുടെ ആസ്തിയില്‍ 564 കോടി ഡോളറിന്റെ ഇടിവാണ് ഉണ്ടായത്.
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് ആരോപിച്ചതുപോലെ അദാനിഗ്രൂപ്പ് ഓഹരി വിലകളില്‍ കൃത്രിമം കാണിച്ചില്ലെന്ന് സുപ്രീംകോടതി നിയോഗിച്ച സമിതി കണ്ടെത്തിയതോടെയാണ് അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികള്‍ക്ക് ശാപമോക്ഷം ലഭിച്ചത്. റിട്ട. ജഡ്ജി എ.എം. സാപ്രെയുടെ നേതൃത്വത്തിലുള്ള ആറംഗ വിദഗ്ധ സംഘമാണ് അദാനിയ്‌ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയത്. ഇന്‍ഫോസിസ് സ്ഥാപകരിലൊരാളായ നന്ദന്‍ നിലകേനി, ബാങ്കറായ കെ.വി. കാമത്ത്, ഒ.പി. ഭട്ട്, ജെ.പി. ദേവധാര്‍, സോമശേഖര്‍ സുന്ദരേശന്‍ എന്നിവരായിരുന്നു അന്വേഷണ സമിതിയിലെ വിദഗ്ധരായ മറ്റ് അംഗങ്ങള്‍. ഇവരാരും അദാനിയുടെയോ മോദിയുടെയോ പക്ഷക്കാരല്ല. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ അദാനി ഗ്രൂപ്പ് ഓഹരി വില കൃത്രിമം കാട്ടി ഉയര്‍ത്തി എന്നതിനും തെളിവില്ലെന്നും അദാനി വിഷയത്തില്‍ സെബി (ഓഹരിവിപണിയെ നിയന്ത്രിക്കുന്ന സര്‍ക്കാര്‍ സംവിധാനം) നടത്തിയ അന്വേഷണം ശരിയായ രീതിയിലായിരുന്നു എന്നും സമിതി കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: