ന്യൂദല്‍ഹി: ആഗോള സമ്പദ്വ്യവസ്ഥയില്‍ ഇപ്പോള്‍ ഇന്ത്യ തിളങ്ങുകയാണെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് . ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറിക്കഴിഞ്ഞു.
ന്യൂദല്‍ഹിയില്‍ 9 സാല്‍ – സേവ, സുഷാസന്‍, ഗരീബ് കല്യാണ്‍ ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് സിംഗ് താക്കൂര്‍, വാര്‍ത്താവിതരണ പ്രക്ഷേപണ സഹമന്ത്രി ഡോ. എല്‍ മുരുകന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീര്‍ഘവീക്ഷണത്തോടെയുള്ള നേതൃത്വത്തിന് കീഴില്‍ കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനുള്ളില്‍ രാജ്യം എല്ലാ മേഖലകളിലും വലിയ മുന്നേറ്റമാണ് നടത്തിയതെന്ന് വൈഷ്ണവ് പറഞ്ഞു. നിലവിലെ സര്‍ക്കാര്‍ എല്ലാവരേയും ഉള്‍ക്കൊള്ളുന്ന വളര്‍ച്ച, സാമൂഹിക നീതി, പാവപ്പെട്ട ജനങ്ങളുടെ ശാക്തീകരണം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഒമ്പത് വര്‍ഷങ്ങളില്‍ ജനങ്ങളുടെ ക്ഷേമത്തിനായി സര്‍ക്കാര്‍ നിരവധി നടപടികളാണ് സ്വീകരിച്ചതെന്ന് മന്ത്രി അനുരാഗ് സിംഗ് ഠാക്കൂര്‍ പറഞ്ഞു. ജനങ്ങളുടെ ജീവിതം സുഗമമാക്കുന്ന വികസന, ക്ഷേമ പദ്ധതികള്‍ ഏറ്റവും താഴെത്തട്ടില്‍ വരെ എത്തിക്കാന്‍ സര്‍ക്കാര്‍ തുടര്‍ച്ചയായി പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പാവപ്പെട്ട ജനങ്ങള്‍ക്ക് മൂന്ന് കോടി 50 ലക്ഷം വീടുകള്‍ നല്‍കിയത് സര്‍ക്കാരിന്റെ പ്രതിബദ്ധതയാണ് കാണിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
മോദി സര്‍ക്കാരിന് മുമ്പ് അഴിമതി വ്യാപകമായിരുന്നു. എന്നാല്‍ ഇപ്പോള്‍ സുതാര്യതയും ഉത്തരവാദിത്തവും ഭരണത്തിന്റെ അവിഭാജ്യ ഘടകമായി മാറി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദീര്‍ഘവീക്ഷണമുള്ള നേതൃത്വം ആഗോളതലത്തില്‍ രാജ്യത്തിന്റെ യശസ് വര്‍ധിച്ചിപ്പിച്ചിട്ടുണ്ടെന്നും അനുരാഗ് സിംഗ് ഠാക്കുര്‍ പറഞ്ഞു.
ചടങ്ങില്‍ പ്രസാര്‍ ഭാരതി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഗൗരവ് ദ്വിവേദി, വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം സെക്രട്ടറി അപൂര്‍വ ചന്ദ്ര, ഭാരതി എന്റര്‍പ്രൈസസിന്റെ സ്ഥാപകനും ചെയര്‍മാനുമായ സുനില്‍ ഭാരതി മിത്തല്‍, നടന്‍ നവാസുദ്ദീന്‍ സിദ്ദിഖി, റിഷബ് ഷെട്ടി, ബോക്സര്‍ നിഖാത് സരീന്‍ തുടങ്ങി പ്രമുഖര്‍ പങ്കെടുത്തു. ഇന്ത്യ കുതിച്ചുയരുന്നു, ജനങ്ങളുടെ വിശ്വാസം, ഇന്ത്യന്‍ യുവശക്തിയെ ഉണര്‍ത്തുക എന്നീ പ്രമേയങ്ങളില്‍ ചര്‍ച്ച നടക്കും.
കേന്ദ്രത്തിലെ നരേന്ദ്ര മോദി സര്‍ക്കാര്‍ ഇന്നലെ ഒമ്പത് വര്‍ഷം പൂര്‍ത്തിയാക്കി. പുതിയ ഇന്ത്യ കെട്ടിപ്പടുക്കുന്നതിനുള്ള യാത്രയുടെ ഈ ഒമ്പത് വര്‍ഷങ്ങളില്‍, രാജ്യം വിവിധ മേഖലകളില്‍ പരിവര്‍ത്തനത്തിന് സാക്ഷ്യം വഹിച്ചു. ജനങ്ങളുടെ ക്ഷേമത്തിനും മികച്ച ഭരണം നിര്‍വഹിക്കുന്നതിനും രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച ഉറപ്പാക്കുന്നതിനും ആഗോള തലത്തില്‍ രാജ്യത്തിന്റെ യശസ് ഉയര്‍ത്തുന്നതിനും നിരവധി നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: