വിശ്വരാജ് വിശ്വ
നരേന്ദ്ര മോദി എന്ന ഏറ്റവും പേരുകേട്ട ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ നേതൃത്വശേഷിയെ കുറിച്ചും ഭരണമികവിനെ കുറിച്ചും നിശ്ചയദാര്‍ഢ്യത്തെ കുറിച്ചും നാളെ ലോകം ചര്‍ച്ച ചെയ്യും. ആ ചരിത്രം ചര്‍ച്ച ആവുമ്പോള്‍, ആ ഭരണപര്‍വ്വത്തിന്റെ മിന്നുന്ന നാഴികകല്ലായി ഇന്ത്യയുടെ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ശില്പി ആയും ഗൃഹനാഥനായും ശിവമുദ്ര വഹിക്കുന്ന ‘ചെങ്കോല്‍’ ഏറ്റ് വാങ്ങിയ ഭരണാധികാരി എന്ന നിലക്കും അദ്ദേഹത്തിന്റെ പേരും ഇന്ത്യയുടെ ജനാധിപത്യത്തിന്റെ പേരിന്റെ കൂടെ എന്നന്നേക്കും ആയി തങ്ക ലിപികളില്‍ കൊത്തിവെക്കപ്പെടും.
താഴ്ന്ന ജാതിക്കാരന് ആയ ഒരു ചായക്കടക്കാരന്റെ മകന്റെ പേര് ഇന്ത്യന്‍ ചരിത്രത്തിന്റെ ഭാഗമായി എന്നെന്നും തലമുറകള്‍ താണ്ടിയും നിലനില്‍ക്കുമല്ലോ എന്ന പേടിയാണ് ഇപ്പോള്‍ മോദി വിരോധികളെ കൊണ്ട് ഇപ്പോള്‍ പ്രതിഷേധം എന്ന പേരില്‍ ഓവര്‍ടൈം പണി എടുപ്പിക്കുന്നത്. മോദിയുടെ പേരില്‍ ചരിത്രം കുറിക്കപ്പെടും എന്ന വ്യാധി ആണ് ഇവരുടെ യഥാര്‍ത്ഥ പ്രശ്നം.
1947 ല്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച വേളയില്‍ ആദ്യ ഭരണാധികാരി ആയി ശ്രീ ജവാഹര്‍ലാല്‍ നെഹ്റുവിനെ ചോളനാട്ടിലെ തിരുവാടുതുറൈ ആധീനം എന്നൊരു പുരാതന സന്ന്യാസ മഠത്തിലെ അധിപതിയുടെ നിര്‍ദ്ദേശ പ്രകാരം നിര്‍മ്മിച്ച ‘ശിവ ഭഗവാന്റെ ആജ്ഞ പ്രകാരം നീ രാജ്യം ഭരിക്കുകയെന്ന’ വാക്യവും ശിവമുദ്ര ആയ നന്ദികേശന്റെ രൂപവും കൊത്തി വെച്ച സ്വര്‍ണ്ണ ചെങ്കോല്‍ നല്കി, തിരുജ്ഞാന സംബന്ധര്‍ രചിച്ച കോലാരു പതിഗം ചൊല്ലി, രാജഗുരുവിന്റെ സ്ഥാനം നല്കിയ മഠത്തിന്റെ പ്രതിനിധിയായ ഒരു ശ്രേഷ്ഠ സന്ന്യാസിയില്‍ നിന്ന് ആ ചെങ്കോല്‍ കയ്യേറ്റ് വാങ്ങിയാണ് നമ്മുടെ ഇന്ത്യാ മഹാ രാജ്യത്തിന്റെ ഭരണാധികാരിയായി വാഴിക്കപ്പെട്ടത് എന്ന പൂഴ്ത്തി വച്ച ചരിത്രം ഇപ്പോള്‍ പുറത്തു വന്നതും ആകസ്മികമല്ല.
ല്യൂട്ടന്‍ സായിപ്പ് എന്ന ബ്രിട്ടീഷുകാരന് ഉണ്ടാക്കിയ പാര്‍ലെമെന്റിന്റെ പേരില്‍ അല്ല ഇന്ത്യക്ക് വേണ്ടി ഇന്ത്യന്‍ ഭരണകര്‍ത്താവ് ഉണ്ടാക്കിയ ജനാധിപത്യത്തിന്റെ ശ്രീകോവില്‍ എന്ന നിലക്കല്ലേ നമ്മുടെ നിയമനിര്‍മ്മാണ സഭ ആയ പാര്‍ലമെന്റ് അറിയപ്പെടേണ്ടത്. അതിന് ഒരു നരേന്ദ്ര മോഡി വേണ്ടി വന്നു 100 വര്‍ഷത്തിന് ശേഷം എന്നത് നിയതിയുടെ നിയമം ആവാം.
ഇനി പുതിയ പാര്‍ലമെന്റ് മന്ദിര നിര്‍മ്മാണത്തിന്റെ കണക്കുകളും രേഖകളും കാരണങ്ങളും ഒന്ന് നോക്കി വരാം:
കോണ്‍ഗ്രസ്സ് ഉള്‍പ്പെട്ട സഖ്യകക്ഷി സര്‍ക്കാര്‍ ആയിരുന്നല്ലോ 2004 മുതല്‍ 2014 വരെ ഇന്ത്യയില്‍ ഭരണത്തില്‍ ഇരുന്നത്. അന്ന് 85 വര്‍ഷം പഴക്കമുള്ള പാര്‍ലമെന്റ് മന്ദിരത്തിന് പകരം പുതിയ ഒരു മന്ദിരം പണിയാന്‍ ഉള്ള തീരുമാനം എടുത്തിരുന്നു എന്നതാണ് ‘ഇപ്പോള്‍ എന്തിനാണ് പുതിയ പാര്‍ലമെന്റ് മന്ദിരം’ എന്ന് ചോദ്യം ഉന്നയിക്കുന്നവര്‍ പലരും മറന്നു പോകുന്ന ഒരു സത്യം.
2012 ല്‍ യുപിഎ ഭരണകാലത്ത് തന്നെ അത് സംബന്ധിച്ചു അന്നത്തെ ലോകസഭാ സ്പീക്കര്‍ ആയിരുന്ന ശ്രീമതി മീര കുമാര്‍ ആ തീരുമാനം ഉത്തരവാക്കി ഇറക്കിയിരുന്നു. പക്ഷെ ഇവിടെ ആശങ്ക ഉണ്ടാവുന്നത് അന്ന് കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ ആയിരുന്നു ഈ പദ്ധതിയുടെ നടത്തിപ്പുകാര്‍ എങ്കില്‍ എന്താവുമായിരുന്നു അവസ്ഥ എന്നത് ഏവര്‍ക്കും ആലോചിക്കാവുന്നതേ ഉള്ളൂ. കോമണ്‍വെല്‍ത്ത് ഗെയിംസ് എന്ന ഒരൊറ്റ ഗെയിംസ് നടത്തിപ്പില്‍ തന്നെ ഇഷ്ടക്കാര്‍ക്ക് ഒക്കെയും ശത കോടികളുടെ അഴിമതി നടത്താന്‍ അവസരം കൊടുത്ത കോണ്‍ഗ്രസ്സിന്റെ മറ്റൊരു അഴിമതിയുടെ ഉദാഹരണം ആവുമായിരുന്നു ജനാധിപത്യത്തിന്റെ ശ്രീകോവിലായ പുതിയ പാര്‍ലമെന്റ് മന്ദിരം. വെറും വാക്ക് പറഞ്ഞതല്ല കണക്കുകള്‍ ഉണ്ട്.
കോണ്‍ഗ്രസ്സിന്റെ കാലത്തെ പദ്ധതിയുടെ കെട്ടിട നിര്‍മ്മാണ ചിലവ് മാത്രം 3000 കോടി രൂപ ആയിരുന്നു. അതും 10 വര്‍ഷം മുന്നത്തെ കണക്കില്‍. എന്‍ഡിഎ വിഭാവനം ചെയ്ത പുതിയ പാര്‍ലമെന്റ് മന്ദിര നിര്‍മ്മാണ ചെലവ് 861 കോടി ആണ്. ( കോവിഡിന് മുന്‍പുള്ള ബഡ്ജറ്റില്‍ നിന്നും കോസ്റ്റ് എസ്കലേഷന്‍ 971 കോടി രൂപയിലേക്ക് നിര്‍മ്മാണ ചിലവ് എത്തി എന്നാണ് ലോക്സഭയില്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയത്)
കോണ്‍ഗ്രസ്സ് – യുപിഎ വിഭാവനം ചെയ്ത നിര്‍മ്മാണം 30,000 സ്ക്വയര്‍ഫീറ്റ് ആയിരുന്നു എങ്കില്‍ എന്‍ഡിഎ അത് നാലില്‍ ഒന്ന് ചിലവില്‍ 65,000 സ്ക്വയര്‍ഫീറ്റ് ആണ്. ഇരട്ടിക്ക് മുകളില്‍ അധിക സ്ഥലം ലഭിക്കുന്നത് നിലവില്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ കൂടി ഉള്‍പ്പെടുത്തുന്നതിന് വേണ്ടിയാണ്. ക്യാബിനറ്റ് മന്ത്രിമാര്‍ക്ക് പുറമെ ഉള്ള മന്ത്രിമാരും അനുബന്ധ ഓഫീസുകളും നിലവില്‍ വാടക കെട്ടിടങ്ങളില്‍ ആണ് പ്രവര്‍ത്തിക്കുന്നത്. ലക്ഷക്കണക്കിന് രൂപ വാടക ഇനത്തില്‍ ഓരോ മാസവും ചിലവാക്കുന്നത് ലഭിച്ചാല്‍ തന്നെ പുതിയ മന്ദിരത്തിന്റെ നിര്‍മ്മാണ ചിലവ് വേഗത്തില്‍ തിരികെ പിടിക്കാന്‍ സാധിക്കും.
ഇങ്ങനെ ലഭിക്കുന്ന വാടക ഇനത്തില്‍ ഉള്ള ലാഭം മാത്രം പ്രതിമാസം 1000 കോടിക്ക് മുകളില്‍ വരും. അപ്പോള്‍ എന്‍ഡിഎ വിഭാവനം ചെയ്യുന്ന പാര്‍ലമെന്റ് കെട്ടിടത്തിന്റെ നിര്‍മ്മാണ ചെലവ് കേവലം 8 മാസം കൊണ്ട് റവന്യൂ ലാഭം കൊണ്ടു തിരികെ പിടിക്കും.
നിലവിലെ പാര്‍ലമെന്റ് മന്ദിരത്തില്‍ ജനപ്രതിനിധികള്‍ക്ക് ഇരിക്കാനുള്ള ഇരിപ്പിടങ്ങള്‍ തന്നെ മോശം അവസ്ഥയില്‍ ആണെന്ന് മാത്രമല്ല തികയുന്നുമില്ല. സുരക്ഷാ ദൃഷ്ടിയില് വ്യാപകമായ അഴിച്ചു പണികള്‍ നിര്‍ദേശിക്കപ്പെട്ടത് ഒന്നും പഴയ മന്ദിരത്തിന്റെ പഴക്കം വച്ച് പ്രായോഗികവും അല്ല താനും. 545 അംഗങ്ങള്‍ ഉള്ള ലോകസഭയും 245 അംഗങ്ങള്‍ ഉള്ള രാജ്യസഭയെയും സംയുക്തമായി ഉള്‍ക്കൊള്ളേണ്ട സാഹചര്യം ഉള്ള പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളില്‍ ഇരിപ്പിടങ്ങള്‍ 450 ല്‍ കൂടുതല്‍ ഇല്ല.
ഏവരെയും ഉള്‍ക്കൊള്ളിക്കാനായി തയ്യാറാക്കുന്ന താല്‍ക്കാലിക സംവിധാനങ്ങള്‍ ആവട്ടെ സുരക്ഷാ കാരണങ്ങള്‍ കൊണ്ട് തന്നെ ചോദ്യം ചെയ്യപ്പെടുന്നുണ്ട്. 1971 സെന്‍സസ് പ്രകാരം ആണ് ഇപ്പോള്‍ ഉള്ള അംഗങ്ങളുടെ എണ്ണം എങ്കില്‍ 2021 ലെ സെന്‍സസ് പൂര്‍ത്തിയായി കഴിയുമ്പോള്‍ കൂടുതല്‍ ജനപ്രതിനിധികള്‍ ലോകസഭയിലേക്ക് എത്തുമ്പോള്‍ ഇരിക്കാനുള്ള സംവിധാനം ഒരുക്കാന്‍ നിലവിലെ പാര്‍ലമെന്റ് മന്ദിരത്തില്‍ സാധ്യമല്ല.
ഇപ്പോള്‍ നിര്‍മ്മാണം പൂര്‍ത്തിയായ പാര്‍ലമെന്റ് മന്ദിരത്തിലെ ലോകസഭയില്‍ 888 പേരെ ഉള്‍ക്കൊള്ളിക്കാന്‍ കഴിയും. രാജ്യസഭയില്‍ ആവട്ടെ 300 പേരെയും. സംയുക്ത സമ്മേളനം നടക്കുന്ന സെന്‍ട്രല്‍ ഹാളില്‍ നിലവിലെ 440 സീറ്റിന് പകരം 1280 പേര്‍ക്കും ഇരിപ്പിടം ഉണ്ടാവും.
ഇന്ത്യയുടെ മഹത്തായ ജനാധിപത്യ ചരിത്രം വിളിച്ചോതുന്ന തരത്തില്‍ ആണ് പുതിയ പാര്‍ലമെന്റ് ഒരുക്കിയിരിക്കുന്നത്. എംപിമാര്‍ക്കുള്ള ലൈബ്രറി, അനവധി മീറ്റിംഗ് റൂമുകള്‍, മീറ്റിംഗ് ഹാളുകള്‍, കാന്റീന്, വിശാലമായ പാര്‍ക്കിങ് സൗകര്യങ്ങള്‍ എല്ലാം ഉള്ള പുതിയ പാര്‍ലമെന്റ് മന്ദിരം അടുത്ത ഒരു 50 വര്‍ഷത്തെ എങ്കിലും മുന്നില്‍ കണ്ടാണ് നിര്‍മ്മാണം നടത്തിയിരിക്കുന്നത്.
വളരെ ആസൂത്രിതമായ രീതിയില്‍ ഭാവിയെ മുന്നില്‍ കണ്ടുള്ള ഗ്രീന്‍ കണ്സപ്റ്റില് ആണ് പുതിയ പാര്‍ലമെന്റ് മന്ദിരം പണി തീര്‍ത്തിരിക്കുന്നത്. ഗ്രീന്‍ ബില്‍ഡിങ് സര്ട്ടിഫിക്കേഷന് ആയ ജിആര്‍എച്ച്എ യുടെ റേറ്റിങ്ങില്‍ 5 സ്റ്റാര്‍ റേറ്റിങ്ങില്‍ ആണ് നിര്‍മ്മാണം. ജലം പൂര്‍ണ്ണമായി റീസൈക്കിള്‍ ചെയ്താണ് ടോയ്ലറ്റ്, പൂന്തോട്ടത്തിലെ ജനസേചനം എന്നിവക്കായി ഉപയോഗിക്കുക. മിനിമം ജലം മാത്രം ഉപയോഗിച്ചു കൊണ്ട് ജലസേചനത്തിനായി ഇസ്രായേല്‍ സാങ്കേതിക വിദ്യയില്‍ പ്രേരിതമായ ഡ്രിപ്പ് ജലസേചനം ആണ് ഉപയോഗിക്കുക. ശുദ്ധവായു ലഭിക്കാന്‍ ആധുനിക വായു ശുദ്ധീകരണ സംവിധാനങ്ങള്‍ കെട്ടിടത്തിന്റെ എല്ലാ ഭാഗത്തും ഉണ്ടാവും.
പാര്‍ലമെന്റ് കെട്ടിടം അടങ്ങുന്ന മൊത്തം സമുച്ചയത്തിന്റെ പേര് ‘സെന്‍ട്രല്‍ വിസ്ത’ എന്നാണ്. പാര്‍ലമെന്റ് കെട്ടിടം ഉള്‍പ്പെടെ നിരവധി സര്‍ക്കാര്‍ ഓഫീസുകള്‍ ഔദ്യോഗിക വസതികള്‍ ഉള്‍പ്പെടെ ഉള്ള മുഴുവന്‍ സമുച്ചയത്തിന്റെ പേരാണ് ഇത്. മേല്പറഞ്ഞ വാടകക്ക് പ്രവര്‍ത്തിക്കുന്ന അധികം കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളും ഈ സെന്‍ട്രല്‍ വിസ്തയുടെ ഭാഗം ആകും.
പ്രധാനമന്ത്രിയുടെ വസതിയും ഉപരാഷ്ട്രപതിയുടെ വസതിയും സെന്‍ട്രല്‍ വിസ്തയുടെ ഭാഗമായി മാറും. നിലവില്‍ സഭ സമ്മേളിക്കുന്ന ദിവസങ്ങളില്‍ എല്ലാം സഭയില്‍ എത്തേണ്ട ഇരുവരുടെയും യാത്രയുടെ സമയത്ത് ഡല്‍ഹിയിലെ തിരക്കുള്ള വീഥികളില്‍ ഗതാഗത നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തേണ്ട സാഹചര്യം ഉള്ളത് ഒഴിവാക്കാനും സുരക്ഷാ കാരണങ്ങളെ മുന്‍നിര്‍ത്തി ഒരേ വഴിയിലൂടെ ഒരേ സമയത്ത് പ്രധാനമന്ത്രിയും ഉപരാഷ്ട്രപതി എന്നിവര്‍ തിരക്കുള്ള പൊതുവീഥികളിലൂടെ സഞ്ചരിക്കുന്നത് എസ്പിജി ക്കും ഇന്റലിജന്‍സിനും എല്ലാം ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. ഏത് നിമിഷവും എവിടെ എന്തും സംഭവിക്കാന്‍ സാധ്യത ഉള്ള സാഹചര്യം മുന്‍കൂട്ടി കാണേണ്ടത് അവരുടെ ജോലിയാണ്. നമ്മുടെ പാര്‍ലമെന്റ് മന്ദിരം തന്നെ തീവ്രവാദി ആക്രമണത്തിന് ഇരയാകേണ്ടി വന്നത് ഈ അവസരത്തില്‍ ഓര്‍ക്കണം.
90 വര്‍ഷത്തില്‍ അധികം പഴക്കമുള്ള പാര്‍ലമെന്റ് കെട്ടിടം ഇനി വലുതാക്കല്‍ സാധ്യമല്ല. കൂടാതെ സുരക്ഷാ ദൃഷ്ടിയിലും ആധുനിക സജ്ജീകരണങ്ങള്‍ ഒരുക്കുന്നതിലും വലിയ പരിമിതി നേരിടുന്നുണ്ട് എന്നത് വാസ്തവം ആണ്. പൂര്‍ണ്ണമായും ഡിജിറ്റല്‍ സാങ്കേതിക വിദ്യയിലേക്ക് മാറുന്ന പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ സൗകര്യങ്ങള്‍ 100 വര്‍ഷം പഴക്കം ഉള്ള പഴയ കെട്ടിടത്തില്‍ ഉള്‍ക്കൊള്ളിക്കുക അസാധ്യം ആണ്.
ഇതെല്ലാം അറിഞ്ഞു കൊണ്ടാണല്ലോ 2012 ല്‍ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ പാര്‍ലമെന്റ് പുനര്‍നിര്‍മിക്കാന്‍ തീരുമാനം എടുത്തത്. 20 ലക്ഷം കോടിയുടെ ആത്മനിര്‍ഭര്‍ കോവിഡ് റിലീഫ് പാക്കേജ് പ്രഖ്യാപിച്ച മോഡി സര്‍ക്കാരിന്, 35000 കോടി കോവിഡ് വാക്സിന് വേണ്ടി മാത്രം നീക്കി വകയിരുത്തിയ മോഡി സര്‍ക്കാരിന്, വാക്സിന് നിര്‍മ്മാണ കമ്പനികള്‍ക്ക് അവര്‍ ചോദിച്ച കണക്കില്‍ മുന്‍കൂര്‍ പണം നല്കി വാക്സിന് ഓര്‍ഡര്‍ കൊടുത്ത മോഡി സര്‍ക്കാരിന് നമ്മുടെ ജനാധിപത്യത്തിന്റെ ശ്രീകോവില്‍ എന്നറിയപ്പെടുന്ന പാര്‍ലമെന്റ് മന്ദിരം പണിയാന്‍ ഉള്ള പണം ഒന്നും എങ്ങനെ കൃത്യമായി വിനിയോഗിക്കണം എന്നൊന്നും ആരും പറഞ്ഞു കൊടുക്കേണ്ടതില്ല.
മകനെ ദല്ലാള്‍ ആക്കി കൊണ്ട് ചട്ട ലംഘനം നടത്തി രാജ്യത്തേക്ക് വിദേശ നിക്ഷേപം ഇറക്കിയ ധനമന്ത്രിമാര്‍ ഉണ്ടായിരുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്സ് എന്നും ഈ ഉണ്ടായില്ല വെടി ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ ഓര്‍ക്കേണ്ടതുണ്ട്.
പാത്തുമ്മയുടെ ആടിനെ വിറ്റ കാശും, ബാലന്റെ സൈക്കിള്‍ വിറ്റ കാശും ഒക്കെ കൊണ്ടു ബക്കറ്റില്‍ കൊട്ടി വാക്സിന് വാങ്ങാന്‍ ഒരു സംസ്ഥാന സര്‍ക്കാര്‍ കടം വരുത്തി വച്ചിട്ടുണ്ട്. ജനങ്ങള്‍ കയ്യില്‍ നിന്നും എടുത്തു ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ നല്കിയ പണം എടുത്തു കൊണ്ട് അതില്‍ പോലും അഴിമതി നടത്തിയ ഒരു സംസ്ഥാന സര്‍ക്കാരിന് ഇക്കാര്യത്തില്‍ മിണ്ടാന്‍ പോലും അവകാശമില്ല. എന്തിന് ഏറെ പറയുന്നു, കോവിഡ് സമയത്ത് നല്കിയ പിപിഇ കിറ്റില്‍ മുതല്‍ അരിയും പലവ്യഞ്ജനങ്ങളും നല്കിയ തുണിക്കിറ്റില്‍ വരെ അഴിമതി നടത്തിയ സര്‍ക്കാരാണ് ഇപ്പോള്‍ കേരളം ഭരിക്കുന്നത്. മറക്കരുത്.
അഴിമതിയുടെ ഒരു കറയോ കളങ്കമോ ഇല്ലാതെ കഴിഞ്ഞ 9 വര്‍ഷക്കാലം ഈ രാജ്യത്തെ വിജയങ്ങളില്‍ നിന്ന് വിജയത്തിലേക്ക് നയിച്ചു കൊണ്ട് ഇന്ന് വിശ്വഗുരു സ്ഥാനത്തേക്ക് ഉയര്‍ന്ന നാടിന്റെ ജനാധിപത്യ ക്ഷേത്രം ഇന്ദ്രപ്രസ്ഥ രാജധാനിയില്‍ ഉയരുമ്പോള്‍ അതിന്റെ പകിട്ടിനും പ്രതാപത്തിനും തനിമക്കും ഗരിമക്കും പോന്ന രീതിയില്‍ തന്നെ ആവണം അതിന്റെ നിര്‍മ്മാണവും. ഭഗവാന് ശിവന്റെ ചെങ്കോല്‍ പ്രതിഷ്ഠിക്കാന്‍ പോകുന്ന നിയമനിര്‍മ്മാണ സഭയില്‍ അതിന്റെ ഐശ്വര്യവും അനുഗ്രഹവും എന്നും ഉണ്ടാവും എന്ന് ഈ ജനാധിപത്യ രാജ്യത്തെ പൗരന്മാര് എന്ന നിലക്ക് നമുക്കും പ്രാര്‍ത്ഥിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: