കൊട്ടാരക്കര: ദേവസ്വം ബോര്‍ഡുകള്‍ മുന്‍കൈയെടുത്ത് കേരളത്തിലെ ഗ്രാമങ്ങള്‍ തോറും സനാതനധര്‍മ പാഠശാലകള്‍ ആരംഭിക്കണമെന്ന് കേരള ക്ഷേത്ര സംരക്ഷണസമിതി സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കേരളത്തില്‍ ക്രിമിനല്‍ കുറ്റങ്ങള്‍ വര്‍ധിക്കുന്നതിന് കാരണം ആദ്ധ്യാത്മിക-സാംസ്കാരിക മൂല്യങ്ങളെ ഇളംതലമുറകളില്‍ പകരാന്‍ സാധിക്കാത്തതാണ്. ജീവിതസാഹചര്യങ്ങളിലെ മാറ്റങ്ങളും തെറ്റായ ആശയങ്ങളുടെ പ്രചരണവും മറ്റും ഈ സാഹചര്യത്തെ സ്ഫോടനാത്മകമാക്കുന്നു.
സമൂഹത്തിന്റെ ഈ ദുരവസ്ഥയ്ക്ക് പരിഹാരം കാണേണ്ടത് ഭരണസംവിധാനത്തിന്റെയും കൂടി ചുമതലയാണ്. മൂല്യാധിഷ്ഠിതമായ അനൗപചാരിക വിദ്യാഭ്യാസത്തിന് കളമൊരുക്കലാണ് ഒരു പോംവഴി. ഇതിനാവശ്യമായ സാമ്പത്തികസഹായം ഉറപ്പാക്കാന്‍ ദേവസ്വം ബോര്‍ഡുകള്‍ തയാറാകണം. നിലവില്‍ കേരള ക്ഷേത്ര സംരക്ഷണസമിതി ഉള്‍പ്പെടെ വിവിധ ഹൈന്ദവ സംഘടനകള്‍ സനാതന ധര്‍മ പാഠശാലകള്‍ നടത്തിവരുന്നുണ്ട്.
ഇത്തരം പാഠശാലകള്‍ക്ക് വാര്‍ഷിക ഗ്രാന്റ് അനുവദിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ഇന്നലെ രാവിലെ കേരള സംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റ് എം. മോഹനന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമിതിപ്രതിനിധി സമ്മേളനം ആര്‍എസ്എസ് പ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബാലറാം ഉദ്ഘാടനം ചെയ്തു. ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന സെക്രട്ടറി കെ.എസ്. നാരായണന്, സംഘടനാ സെക്രട്ടറി ടി.യു. മോഹനന് എന്നിവര്‍ സംസാരിച്ചു.
സംസ്ഥാന സമ്മേളനത്തില്‍ ഇന്ന് രാവിലെ 10ന് സൗപര്‍ണിക ഓഡിറ്റോറിയത്തില്‍ നടക്കുന്ന മാതൃശക്തി സംഗമത്തിന് അശ്വതി തിരുനാള്‍ ഗൗരിലക്ഷ്മി ഭായി ദീപം തെളിയിച്ചു. ഝാര്‍ഖണ്ഡ് ഗവര്‍ണര്‍ സി.പി. രാധാകൃഷ്ണന് ചടങ്ങ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന അധ്യക്ഷ കുസുമം രാമചന്ദ്രന് അധ്യക്ഷത വഹിച്ച ചടങ്ങില്‍ കേന്ദ്രമന്ത്രി മീനാക്ഷി ലേഖി മുഖ്യാതിഥിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: