ന്യൂദല്‍ഹി : മധ്യപ്രദേശിലെ ജബല്പൂരില് അഭിഭാഷകന്റെ ഓഫീസ് ഉള്‍പ്പെടെ ആറ് സ്ഥലങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സി പരിശോധന നടത്തി.
ദല്‍ഹിയില്‍ നിന്നും ഭോപ്പാലില്‍ നിന്നുമുള്ള ഒരു ഡസന്‍ ഉദ്യോഗസ്ഥരും 200 ഓളം പൊലീസുകാരും അടങ്ങുന്ന എന്‍ഐഎ സംഘം ബാഡി ഒമാട്ടി ഉള്‍പ്പെടെ ജബല്‍പൂരിലെ നിരവധി പ്രദേശങ്ങളില്‍ റെയ്ഡ് നടത്തി. നഗരത്തിലെ മുതിര്‍ന്ന അഭിഭാഷകന് എ ഉസ്മാനിയുടെയും അറിയപ്പെടുന്ന ക്രിമിനല്‍ അബ്ദുള്‍ റസാഖിന്റെയും വസതിയില്‍ പരിശോധന നടത്തി.
ദേശീയ സുരക്ഷ, തീവ്രവാദത്തിന് ധനസഹായം എന്നിവയുമായി ബന്ധപ്പെട്ട കേസില്‍ നിരവധി പേരെ എന്‍ഐഎ സംഘം റെയ്ഡിനിടെ കസ്റ്റഡിയിലെടുത്തതായും ആയുധങ്ങള്‍ ഉള്‍പ്പെടെയുള്ള വസ്തുക്കളും പിടിച്ചെടുത്തതായും വിവരമുണ്ട്. എന്നാല്‍ നിലവില്‍ ലോക്കല്‍ പൊലീസോ എന്‍ഐഎയോ ഈ നടപടിയെക്കുറിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും പുറപ്പെടുവിച്ചിട്ടില്ല.
എന്‍ഐഎ സംസ്ഥാനവ്യാപകമായുളള നടപടിക്കിടെ ഖണ്ട്വ, ബര്‍വാനി, സിയോനി, ഭിന്ദ് എന്നിവിടങ്ങളില്‍ റെയ്ഡ് നടത്തി സംശയാസ്പദമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ചിലരെ അടുത്തിടെ പിടികൂടിയിരുന്നു .ഇപ്പോഴത്തെ റെയ്ഡും ഇതേ അന്വേഷണവുമായി ബന്ധപ്പെട്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: