ഇന്ന് നെഹ്രുവിന്റെ 59-ാം ചരമവാര്‍ഷികം. നാളെ സവര്‍ക്കറുടെ ജന്മദിനം. സ്വാതന്ത്ര്യത്തിന്റെ സുവര്‍ണ ജൂബിലി വര്‍ഷ സ്മാരകമായി 75 രൂപയുടെ നാണയവും പുറത്തിറക്കുന്നു. അതിനെക്കാളേറെ പ്രാധാന്യമുണ്ട് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഉദ്ഘാടനം നിര്‍വഹിക്കുന്നത്. ഉദ്ഘാടനം രാഷ്ട്രപതി നിര്‍വഹിക്കാത്തതില്‍ പ്രതിഷേധിച്ച് 20 പാര്‍ട്ടികള്‍ ബഹിഷ്കരണം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാനമന്ത്രി തന്നെ ഉദ്ഘാടനം നിര്‍വഹിക്കട്ടെ എന്ന് സുപ്രീംകോടതിയും പറഞ്ഞതോടെ ബഹിഷ്കരണക്കാരുടെ കാറ്റുപോയി.
ഹര്‍ജി പരിഗണനക്കെടുത്തപ്പോള്‍ തന്നെ ഹര്‍ജിയില്‍ ഇടപെടേണ്ട ആവശ്യമില്ലെന്ന നിലപാടിലായിരുന്നു സുപ്രീംകോടതി. ഭരണഘടനയുടെ 79-ാം അനുച്ഛേദവുമായി ഉദ്ഘാടനത്തിനെന്ത് ബന്ധമെന്നാരാഞ്ഞപ്പോള്‍ തന്നെ ഹര്‍ജി പിന്‍വലിക്കുന്നതായി അറിയിക്കുകയും ചെയ്തു. ബഹിഷ്കരണ തീരുമാനത്തിനെതിരെ ശക്തമായ പ്രതികരണവുമായി പ്രമുഖര്‍ രംഗത്തുവന്നിട്ടുണ്ട്. ‘ഉദ്ഘാടനം ചെയ്യുന്നത് പാര്‍ലമെന്റ് മന്ദിരമാണ്. പൊതുപണം കൊണ്ട് നിര്‍മ്മിച്ചത്. ആര്‍എസ്എസ് കാര്യാലയമോ ബിജെപി ഓഫീസോ അല്ല’യെന്നുപറഞ്ഞ മുന്‍ പ്രധാനമന്ത്രി ദേവഗൗഡ ‘താന്‍ ഉദ്ഘാടനത്തിനെത്തുമെന്നും’ അറിയിച്ചു. മായാവതിയും ബഹിഷ്കരണ തീരുമാനത്തെ എതിര്‍ത്തു.
പാര്‍ലമെന്റിനെയോ രാഷ്ട്രപതിയെയോ ഏതെങ്കിലും വിവാദത്തില്‍ ഉള്‍പ്പെടുത്തുന്നതില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കണമെന്ന് രാഷ്ട്രീയ പാര്‍ട്ടികളോടും നേതാക്കളോടും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ അഭ്യര്‍ത്ഥന. ഇന്ത്യന്‍ ജനാധിപത്യത്തിന്റെയും 140 കോടി ജനങ്ങളുടെ അഭിലാഷങ്ങളുടെയും മൂര്‍ത്തരൂപമാണ് പുതിയ പാര്‍ലമെന്റ് മന്ദിരം. പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് ഈ നൂറ്റാണ്ടില്‍ സമാനതകളില്ലാത്ത ചരിത്ര സംഭവമായിരിക്കും.
പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനത്തിന്റേയും സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷിക ആഘോഷത്തിന്റേയും സ്മരണാര്‍ത്ഥം 75 പൈസാ നാണയം പുറത്തിറക്കുന്നത് രാജ്യത്തിനുള്ള ബഹുമാന സൂചകം കൂടെയാകുമെന്ന് ധനമന്ത്രാലയം വ്യക്തമാക്കി. വൃത്തത്തില്‍ 44 മില്ലിമീറ്റര്‍ വ്യാസമുള്ളതാകും നാണയം. 35 ഗ്രാമുള്ള നാണയം വെള്ളി, ചെമ്പ്, നിക്കല്‍, സിങ്ക് എന്നിവയുടെ കൂട്ടുകൊണ്ടാകും നിര്‍മ്മിക്കുക.
ഒരുവശത്ത് അശോകസ്തംഭവും ‘സത്യമേവ ജയതേ’ എന്ന് രേഖപ്പെടുത്തിയതിന് താഴെയായി ദേവനാഗിരി ലിപിയില്‍ ‘ഭാരത്’ എന്നും രേഖപ്പെടുത്തിയിട്ടുണ്ടാകും. അതിന് വലതു വശത്തായി ഇംഗ്ലീഷില്‍ ഇന്ത്യ എന്ന് രേഖപ്പെടുത്തും. നാണയത്തില്‍ റുപേ ചിഹ്നവും ഉണ്ടാകും. മറുവശത്ത് പാര്‍ലമെന്റ് മന്ദിരത്തിന്റെ ചിത്രമാണ് ആലേഖനം ചെയ്യുക. ഇതിന് മുകളിലായി ദേവനാഗിരി ലിപിയില്‍ ‘സന്‍സദ് സങ്കുല്‍’ എന്നും താഴെയായി ഇംഗ്ലീഷില്‍ ‘പാര്‍ലമെന്റ് മന്ദിരം’ എന്നും രേഖപ്പെടുത്തും.
നമ്മുടെ ജനാധിപത്യത്തെയും തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെയും അപമാനിച്ച പ്രതിപക്ഷ പാര്‍ട്ടികളുടെ നടപടി ഇന്ത്യയിലെ 140 കോടി ജനങ്ങള്‍ മറക്കില്ലെന്ന് എന്‍ഡിഎ വ്യക്തമാക്കി. ചടങ്ങ് ബഹിഷ്കരിക്കാനുള്ള തീരുമാനം അനാദരവ് മാത്രമല്ല. മഹത്തായ രാജ്യത്തിന്റെ ജനാധിപത്യ ധാര്‍മികതയ്ക്കും ഭരണഘടനാ മൂല്യങ്ങള്‍ക്കും നേരെയുള്ള നഗ്നമായ അവഹേളനവുമാണ്. പാര്‍ലമെന്റ് പവിത്രമായ സ്ഥാപനമാണ്, നമ്മുടെ ജനാധിപത്യത്തിന്റെ ഹൃദയമിടിപ്പാണ്, നമ്മുടെ പൗരന്മാരുടെ ജീവിതത്തെ രൂപപ്പെടുത്തുകയും സ്വാധീനിക്കുകയും ചെയ്യുന്ന തീരുമാനങ്ങളുടെ പ്രഭവകേന്ദ്രമാണ്.
ഈ സ്ഥാപനത്തോടുള്ള നഗ്നമായ അനാദരവ് ബൗദ്ധിക പാപ്പരത്തത്തെ മാത്രമല്ല, ജനാധിപത്യത്തിന്റെ സത്തയെ അലോസരപ്പെടുത്തുന്ന അവഹേളനവുമാണ്. രാഷ്ട്രപതി ഗോത്രവര്‍ഗക്കാരിയായതുകൊണ്ടാണോ ഈ സ്നേഹം. അങ്ങിനെയെങ്കില്‍ രാഷ്ട്രപതിക്കെതിരെ സ്ഥാനാര്‍ത്ഥിയായി യശ്വന്ത് സിന്‍ഹയെ നിര്‍ത്തിയതെന്തിന്. കമ്യൂണിസ്റ്റ്-കോണ്‍ഗ്രസ് കക്ഷികള്‍ക്കാണല്ലോ നന്നായി ചൊറിയുന്നത്. എന്തേ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി മുന്‍ ബിജെപി നേതാവിന് വോട്ടുനല്‍കി.
ഛത്തിസ്ഗഡിലെ നിയമസഭാ മന്ദിരം ഉദ്ഘാടനം ചെയ്ത് അവിടുത്തെ ഗവര്‍ണറല്ല. സോണിയയും രാഹുലുമല്ലെ? കര്‍ണാടകയില്‍ വിധാന്‍സൗധ ഉദ്ഘാടനം ചെയ്തതും ഗവര്‍ണറല്ല. ഈ ഇരട്ടത്താപ്പും കാപട്യവും ജനങ്ങള്‍ തിരിച്ചറിയും. മെയ് 28ന് സവര്‍ക്കറുടെ ജന്മദിനത്തില് പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നതും ചോദ്യം ചെയ്യുകയാണ്. എന്തേ അംബേദ്കറുടെ ജയന്തിക്കായിക്കൂടാ എന്നാണ് ചോദ്യം. അംബേദ്കറുടെ ജയന്തിക്ക് ഇനിയും 11 മാസത്തോളം കാക്കണം. സവര്‍ക്കര്‍ക്കെന്താണ് കുഴപ്പം? സ്വാതന്ത്ര്യത്തിന്റെ തീച്ചൂളയില്‍ ജയിലില്‍ കിടന്നത് അയോഗ്യതയാണോ? മാപ്പെഴുതിക്കൊടുത്തു എന്നുപറയുന്ന കമ്യൂണിസ്റ്റുകാര്‍ക്ക് മാപ്പും കോപ്പുമൊന്നുമല്ല പ്രശ്നം.
അടിയന്തിരാവസ്ഥയില്‍ കമ്യൂണിസ്റ്റുകാരുടെ നിലപാടെന്തായിരുന്നു. സിപിഐ ഇന്ദിരക്കൊപ്പം. സിപിഎമ്മോ മാപ്പെഴുതിയല്ലെ ജയിലില്‍ കിടക്കാതെ ഒഴിവായത്? ഇഎംഎസും എകെജിയും ഒരാഴ്ചപോലും ജയിലില്‍ കിടന്നില്ലല്ലോ. ബസവപുന്നയ്യ ഇന്ദിരയുടെ ഉപദേശകനായിരുന്നില്ലെ? പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം മാത്രമല്ല സ്വാതന്ത്ര്യത്തലേ ദിവസം മൗണ്ട് ബാറ്റന് പ്രഭു കൈമാറിയ ചെങ്കോലുണ്ടല്ലോ, അതും ചരിത്രമാവുകയാണ്. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട്, ഉദ്ഘാടനവുമായി ബന്ധപ്പെട്ട് എല്ലാം ഹിന്ദുത്വം, ഹിന്ദു വിശ്വാസ സമ്പ്രദായം, ഹിന്ദു ആചാരങ്ങള്‍ എന്നിവ അമിതമായി കുത്തിനിറയ്ക്കപ്പെടുന്നു, മതേതരത്വം തകര്‍ന്നു, ഹിന്ദുത്വത്തിന്റെ അതിപ്രസരമാണ് ഇവിടെ നടക്കുന്നത് എന്നൊക്കെ പറഞ്ഞ് കരയുന്ന ധാരാളം പേരുണ്ട്. അവര്‍ തന്നെ, ‘ഞങ്ങളുടെ നിരീശ്വരവാദിയായ, മതേതരനായ നെഹ്രു ജി ഉണ്ടായിരുന്നെങ്കില്‍?…’ എന്നു പറഞ്ഞ് ദീര്‍ഘനിശ്വാസം വിടുന്നതും കാണാനായി. അധികാരക്കൈമാറ്റത്തെ സൂചിപ്പിക്കാന്‍ ഭൗതികമായി എന്ത് ചെയ്യണം എന്ന മൗണ്ട് ബാറ്റന്റെ ചോദ്യത്തിന് നെഹ്രു ഉത്തരം തേടിയത് സി. രാജഗോപാലാചാരിയോടാണ്.
രാജ്യത്തിന്റെ ചരിത്രത്തെയും സംസ്കാരത്തെയും പുരാണത്തെയും കുറിച്ച് ആഴത്തിലുള്ള അറിവുണ്ടായിരുന്ന അദ്ദേഹം പഴയ ചോള രാജ്യത്ത് അധികാരക്കൈമാറ്റ സമയത്ത് രാജഗുരുവും, രാജാക്കന്മാരും ഉപയോഗിച്ചിരുന്ന ‘സെങ്കോല്‍’ (ദണ്ഡ്) കൈമാറുന്ന രീതി ഉപയോഗിക്കാം എന്ന് തീരുമാനിച്ചു. അതിനായി തിരുവാടുതുറൈ ‘ആധീന’ത്തില്‍ നിന്ന് സന്യാസിവര്യന്മാരുടെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചു. തഞ്ചാവൂര്‍ ജില്ലയിലെ നാല് ക്ഷേത്രങ്ങളുടെ പാരമ്പര്യ ട്രസ്റ്റിയാണ് ‘ആധീനം’. ശേഷം മദ്രാസില്‍ നിന്നുള്ള സ്വര്ണ്ണപ്പണിക്കാരന് വുമ്മിടി ബങ്കാരു ചെട്ടിയാണ് ഈ 5 അടിയുള്ള ചെങ്കോല്‍ നിര്‍മ്മിച്ചത്. മുകളില്‍ നീതി, ന്യായം എന്നിവയെക്കുറിക്കുന്ന നന്ദി ദേവന്റെ പ്രതിമയും, വശങ്ങളില് ഏഴാം നൂറ്റാണ്ടില്‍ ഉണ്ടായിരുന്ന വെറും 16 വയസ്സുവരെ മാത്രം ജീവിച്ച ദൈവതുല്യനായ ശൈവ സന്യാസി തിരുഞ്ജാനസമ്പന്ധര്‍ ഗ്രഹനിലകള്‍ മൂലം സംഭവിക്കുന്ന ശാപ/അപകടങ്ങളെ തടുക്കാന്‍ എഴുതിയ ‘കോളാറു പതിക’ത്തിലെ ‘ശിവഭഗവാന്റ ആജ്ഞ പ്രകാരം നീ രാജ്യം ഭരിക്കുക’ എന്നര്‍ത്ഥം വരുന്ന വാചകവും കുറിക്കപ്പെട്ടു. ശേഷം, തിരുവാടുതുറൈ ആധിനത്തിലെ സന്യാസിശ്രേഷ്ഠന്, കുമരസ്വാമി നമ്പിരാന്‍, നാദസ്വരവിദ്വാന് രാജരത്നം പിള്ളൈ & ഓതുവര്‍ (സംഗീതഞ്ജന്‍) മാണിക്യന് എന്നിവരടങ്ങുന്ന സംഘം വെള്ളിത്തളികയില്‍ പീതാംമ്പരപ്പട്ടും, ഈ ചെങ്കോലുമായി ദല്‍ഹിക്ക് പുറപ്പെട്ടു. ഈ സെങ്കോല്‍ അഥവാ സ്വര്‍ണ ചെങ്കോല്‍ സ്വീകരിച്ച നെഹ്രു അത് സ്വന്തം സ്വത്താക്കി അലഹബാദിലെ ബംഗ്ലാവിന്റെ തട്ടുംപുറത്തിട്ടു, ആരും അറിയാതെ ആരോടും പറയാതെ. അതിന്റെ ചരിത്രം പരതി അത് കണ്ടെത്തി പാര്‍ലമെന്റ് മന്ദിരത്തില്‍ പ്രതിഷ്ഠിക്കുന്നു. ആ ചുളുവാണ് കോണ്‍ഗ്രസിന്. അത് പുറത്തുവന്നതിലെ ഈര്‍ഷ്യയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: