മുംബൈ: നരേന്ദ്രമോദി 2014ല്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയായി ചുമതലയേറ്റ് ഒമ്പത് വര്‍ഷം പിന്നിടുമ്പോള്‍ ഇന്ത്യയുടെ ഓഹരി വിപണി നേടിയത് 150 ശതമാനം വളര്‍ച്ച. കോവിഡ് മഹാമാരിയും പ്രളയവും പ്രകൃതി ദുരന്തങ്ങളും അതിജീവിച്ച് ഇങ്ങിനെ ഒരു സാമ്പത്തികക്കുതിപ്പ് ഉണ്ടായത് ഏറെക്കുറെ അസാധ്യമായ നേട്ടം.
ഇന്ത്യന്‍ ഓഹരിവിപണിയുടെ അടിസ്ഥാന സൂചികകളായ നിഫ്റ്റിയും (നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ അടിസ്ഥാന സൂചിക) സെന്‍സെക്സും (ബോംബെ സ്റ്റോക്ക് എക്സ് ചേഞ്ചിന്റെ അടിസ്ഥാന സൂചിക) 150 ശതമാനമാണ് വളര്‍ച്ച കൈവരിച്ചത്. അതേ സമയം ഓഹരിവിപണികളില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണിമൂല്യം മൂന്നിരട്ടി വര്‍ധിച്ച് 195 ലക്ഷം കോടി രൂപയില്‍ എത്തി.
മോദി സര്‍ക്കാരിന്റെ മെയ്ക്ക് ഇന്‍ ഇന്ത്യ, ഉല്‍പാദനക്കമ്പനികള്‍ക്ക് ഉല്പാദനം കൂട്ടിയാല്‍ നല്കുന്ന സാമ്പത്തികസൗജന്യങ്ങള്‍, വിദേശ മൂലധനത്തില്‍ ശ്രദ്ധയൂന്നല്‍ എന്നിവ ഇന്ത്യന്‍ സമ്പദ്ഘടനയുടെ കുതിപ്പിനെ സഹായിച്ചതാണ് ഫലത്തില്‍ ഓഹരിവിപണിയ്ക്ക് സഹായകരമായത്. 2014 മെയ് 26ന് സെന്‍സെക്സ് എന്ന അടിസ്ഥാന സൂചിക 24,716 പോയിന്റ് വരെ എത്തിയപ്പോള്‍ നിഫ്റ്റി 50 എന്ന സൂചിക 7,359 പോയിന്റില്‍ എത്തിയിരുന്നു. ഇപ്പോള്‍ സെന്‍സെക്സ് 62,000 പോയിന്റിലും നിഫ്റ്റി 18,500ലും എത്തി നില്ക്കുന്നു.
എല്ലാ വ്യവസായ മേഖലകളിലും വളര്‍ച്ചാക്കുതിപ്പ്
ഇതില്‍ ഏതാണ്ട് എല്ലാ വ്യവസായ മേഖലകളിലെയും സൂചികകള്‍ ഉയര്‍ന്നിരുന്നു. നിഫ്റ്റിയിലെ ഐടി (ഇന്‍ഫര്‍മേഷന്‍ ടെക്നോളജി) സൂചിക 219 ശതമാനം മുകളിലേക്ക് കുതിച്ചു. നിഫ്റ്റിയിലെ ധനകാര്യ സേവന കമ്പനികളുടെ സൂചികയില്‍ 213 ശതമാനത്തിന്റെ വളര്‍ച്ചയുണ്ടായി.
സ്വകാര്യ ബാങ്കുകളുടെ നിഫ്റ്റി സൂചിക 196 ശതമാനവും നിഫ്റ്റി ഉപഭോക്തൃഉല്പന്നങ്ങളുടെ സൂചിക 180 ശതമാനവും കുതിച്ചു. ഇതെല്ലാം മോദിയുടെ ഒമ്പത് വര്‍ഷത്തെ ഭരണത്തിനിടയിലാണെന്ന് ഓര്‍ക്കണം.
അതുപോലെ ഊര്‍ജ്ജമേഖലയിലെ കമ്പനികള്‍ ഉള്‍പ്പെടുന്ന നിഫ്റ്റി എനര്‍ജി സൂചിക 140 ശതമാനവും ഓട്ടോ വ്യവസായ കമ്പനികളെ ഉള്‍പ്പെടുത്തിയുള്ള നിഫ്റ്റി ഓട്ടോ 116 ശതമാനവും മുകളിലോട്ട് കുതിച്ചു. മരുന്ന് നിര്‍മ്മാണക്കമ്പനികള്‍ ഉള്‍പ്പെടുന്ന നിഫ്റ്റി ഫാര്‍മ സൂചിക 67 ശതമാനം ഉയര്‍ന്നു.
2027ല്‍ ജപ്പാനെയും ജര്‍മ്മനിയെയും ഇന്ത്യ പിന്തള്ളുമെന്ന് മോര്ഗന് സ്റ്റാന്‍ലി
ഈ ഒമ്പത് വര്‍ഷക്കാലത്തിനിടയില്‍ ഇന്ത്യയുടെ സാമ്പത്തിക വളര്ച്ച് 6-7 ശതമാനം വരെ എന്ന നിലയില്‍ ശരാശരി വളര്‍ച്ച നേടി. 2027ല്‍ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സമ്പദ്ഘടനയായി മാറാനുള്ള പാതയിലാണെന്ന് ഇന്‍വെസ്റ്റ്മെന്റ് ബാങ്കിങ്ങ് കമ്പനിയായ മോര്ഗന് സ്റ്റാന്‍ലി പറയുന്നു. ഇക്കാര്യത്തില്‍ ഇന്ത്യ ജപ്പാനെയും ജര്‍മ്മനിയെയും മറികടക്കും. ഊര്‍ജ്ജ, സാങ്കേതികവിദ്യാ മേഖലകളില്‍ രാജ്യം നിക്ഷേപം നടത്തുന്നതിനാലും ആഗോള സാഹചര്യം മൂലവും 2030ല്‍ ലോകത്തിലെ മൂന്നാമത്തെ വലിയ ഓഹരി വിപണിയുള്ള രാജ്യമായി ഇന്ത്യ മാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: