ന്യൂദല്‍ഹി : രാജസ്ഥാന് കോണ്‍ഗ്രസ്സിനുള്ളില്‍ തര്‍ക്കം തുടരുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് ഉന്നതപ്രതിനിധി സംഘം അശോക് ഗേഹ്ലോട്ടിനേയും സച്ചിന് പൈലറ്റിനേയും ദല്‍ഹിയിലേക്ക് വിളിപ്പിച്ചു. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ പാര്‍ട്ടിക്കുള്ളിലെ പ്രശ്നം എത്രയും പെട്ടന്ന് പരിഹരിക്കാനാണ് ഹൈക്കമാന്‍ഡിന്റെ ശ്രമം.
രാജസ്ഥാനില്‍ കോണ്‍ഗ്രസ്സിന് ഭൂരിപക്ഷം ലഭിച്ചത് മുതല്‍ ഗേഹ്ലോട്ടും സച്ചിന് പൈലറ്റും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ നിലനിന്നിരുന്നതാണ്. പിന്നീട് രാഹുല്‍ ഗാന്ധിയുടെ ഇടപെടലിലാണ് ഗേഹ്ലോട്ട് സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ക്ക് പരിഗണിക്കപ്പെട്ടപ്പോഴും രാജസ്ഥാന് മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് സച്ചിന് പൈലറ്റ് വരാനുള്ള സാധ്യത മൂലമാണ് ഗേഹ്ലോട്ട് അതില്‍ നിന്ന് പിന്മാറിയത്.
ഓരോ പൊട്ടിത്തെറിയിലും നെഹ്റു കുടുംബത്തിന്റെ ഇടപെടലിലാണ് സച്ചിന് പിന്വാങ്ങിയിരുന്നതെങ്കിലും ഇത്തവണ രണ്ടും കല്പിച്ചാണ്. അഴിമതിയോടുള്ള ഗലോട്ട് സര്‍ക്കാരിന്റെ നിലപാട് പുനഃപരിശോധിക്കുക, രാജസ്ഥാന് പിഎസ്സി പിരിച്ചുവിടുക, ഉദ്യോഗാര്‍ത്ഥികള്‍ക്ക് നഷ്ടപരിഹാരം നല്‍കണം തുടങ്ങിയ ആവശ്യങ്ങളാണ് സച്ചിന് ഉന്നയിക്കുന്നത്. ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരം ആകാതെ പിന്നോട്ടില്ലെന്നാണ് നയം.
എന്നാല്‍ പിഎസ്സി ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ നഷ്ടപരിഹാരം നല്‍കണമെന്നതുള്‍പ്പടെയുള്ള സച്ചിന് പൈലറ്റിന്റെ നിലപാട് പരിഹാസ്യമാണെന്നാണ് ഗേഹ്ലോട്ട് പ്രതികരച്ചത്. പ്രതിപക്ഷം പോലും ഉന്നയിക്കാത്ത വിഷയമാണ് ചിലര്‍ വിവാദമാക്കുന്നത്. ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ വേണ്ട നിയമനടപടിയെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇരുവരും തമ്മിലുള്ള പടലപിണക്കങ്ങള്‍ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് തിരിച്ചടിയായേക്കാമെന്ന വിലയിരുത്തലിലാണ് ഇപ്പോള്‍ ഹൈക്കമാന്‍ഡ് ഇടപെടുന്നത്. അഴിമതിയോടുള്ള ഗേഹ്ലോട്ട് സര്‍ക്കാരിന്റെ നിലപാടിനെതെിരെ പദയാത്ര നടത്തിയതിന് പിന്നാലെ ദല്‍ഹിയിലെത്തി നേതൃത്വത്തെ കണ്ട സച്ചിന് വരുന്ന 31 വരെ കാത്തിരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഡിസംബറില്‍ തെരഞ്ഞെടുപ്പ് കൂടി നടക്കാനിരിക്കേ എത്രയും പെട്ടന്ന് രമ്യതയിലെത്താനാണ് കോണ്‍ഗ്രസ്സിന്റെ നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: