ആലപ്പുഴ: കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് റെയില്‍വേയുടെ ബോഗി നിര്‍മാണത്തിന് ഓര്‍ഡറുകള്‍ നല്കിയ പൊതുമേഖലാ സ്ഥാപനത്തെ കൈവിട്ട് സംസ്ഥാന സര്‍ക്കാര്‍. ഇരുമ്പുരുക്ക് വ്യവസായ സ്ഥാപനമായ ആട്ടോകാസ്റ്റിന്റെ പ്രവര്‍ത്തനം കൂടുതല്‍ പരിതാപകരമായി. കുടിശികയെ തുടര്‍ന്ന് വിച്ഛേദിച്ച വൈദ്യുത ബന്ധം രണ്ട് ദിവസം പിന്നിട്ടിട്ടും പുനഃസ്ഥാപിക്കാന്‍ നടപടിയില്ല. ഇതോടെ സ്ഥാപനത്തിന് ഇന്നു മുതല്‍ മൂന്ന് ദിവസം അവധി പ്രഖ്യപിച്ചു. 85 കോടിയോളം രൂപയാണ് കെഎസ്ഇബിയില്‍ അടയ്‌ക്കാനുള്ളത്. പിഴപ്പലിശ ഉള്‍പ്പെടെയുള്ള തുകയാണിത്.
വൈദ്യുത മന്ത്രിയും ആട്ടോക്കാസ്റ്റിന്റെ ചെയര്‍മാനും സ്ഥലത്തില്ലാത്തതിനാല്‍ ഒരുതരത്തിലുള്ള ഇടപെടലും ഉണ്ടായിട്ടില്ല. സ്ഥലം എംഎല്‍എയായ പി.പി. ചിത്തരഞ്ജന്‍ ഈ ഭാഗത്തേക്ക് തിരിഞ്ഞു പോലും നോക്കുന്നില്ലെന്ന് ആക്ഷേപവുമുണ്ട്. ദക്ഷിണേന്ത്യയില്‍ തന്നെ റെയില്‍വേ അംഗീകാരമുള്ള ഏക പൊതുമേഖല സ്ഥാപനമാണിത്. നിലവില്‍ എഴുന്നൂറില്‍പരം ബോഗികളുടെ ഓര്‍ഡര്‍ ഉണ്ടെങ്കിലും പ്രവര്‍ത്തന മൂലധനം ഇല്ലാത്തതിനാല്‍ താളംതെറ്റിയ അവസ്ഥയിലായി. കൂടാതെ വര്‍ഷങ്ങളായി ഓര്‍ഡറുകള്‍ ഉണ്ടായിരുന്ന കേന്ദ്ര-സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ, മറ്റു സ്വകാര്യ സ്ഥാപനങ്ങളുടെ കാസ്റ്റിങ്ങുകള്‍ യഥാസമയം കൊടുക്കുവാന്‍ സാധിക്കാതെ വരുന്നതിനാല്‍ ഓര്‍ഡറുകള്‍ നഷ്ടപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്.
സ്വകാര്യ സ്ഥാപനങ്ങളെ സഹായിക്കാന്‍ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിശ്ചലമാക്കുന്നതിനുള്ള ഗൂഢാലോചനയുണ്ടെന്ന് സംശയമുയര്‍ന്നിട്ടുണ്ട്. ശമ്പളം ലഭിക്കാതെ മാസങ്ങളായി തൊഴിലാളികള്‍ ദുരിതത്തിലാണ്. ഇഎസ്‌ഐ, പിഎഫ്, ഗ്രാറ്റുവിറ്റി, റിട്ടയര്‍മെന്റ് ബെനിഫിറ്റ് എന്നിവയുടെ കുടിശികയും നിലനില്‍ക്കുന്നു. സ്ഥാപനത്തെ ആശ്രയിക്കുന്ന സ്ഥിരം ജീവനക്കാരും, താല്‍ക്കാലിക ജീവനക്കാരും പ്രദേശവാസികളായ സിവില്‍ കോണ്‍ട്രാക്ട് ജീവനക്കാരും, സെക്യൂരിറ്റി, കാന്റീന്‍ ജീവനക്കാര്‍ ഉള്‍പ്പെടെ അറുനൂറില്‍പരം തൊഴിലാളികളുടെ ജീവിതം വഴിമുട്ടിയ നിലയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: