അഹമ്മദാബാദ്: ഞായറാഴ്ച ഫൈനല്‍ നടക്കുന്നതിന് തൊട്ടുമുമ്പ് അതേവേദിയില്‍ ഇന്നൊരു റിഹേഴ്സല്‍ നടക്കുയാണ് ഇന്തന്‍ പ്രീമിയര്‍ ലീഗി(ഐപിഎല്‍)ല്‍. പ്ലേ ഓഫിലെത്തിയ രണ്ട് ടീമുകളാണ് ഇന്നും മാറ്റുരയ്ക്കുന്നത്. ഞെരുങ്ങി കയറിക്കൂടിയ മുംബൈ ഇന്ത്യന്‍സും രാജകീയ മാര്‍ച്ച് നടത്തിയ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സും. ഇരുവരുടെയും പോരാട്ടത്തിനപ്പുറം സൂപ്പര്‍ താരോദയത്തിലേക്കെത്തിയ രണ്ട് പേരുടെ മത്സരം കൂടിയാകുകയാണിന്ന്. ഗുജറാത്തിന് രാജകീയമാക്കി മുന്നോട്ടു നയിച്ച ശുഭ്മാന്‍ ഗില്ലിന്റെ ബാറ്റിങ്ങും വിഷമഘട്ടത്തിലായ മുംബൈ ഇന്ത്യന്‍സ് ബോളിങ് വിഭാഗത്തെ സ്വന്തം ചുമലിലേറ്റിയ ആകാശ് മധ്വാളും.
വിക്കറ്റിന് മുന്നില്‍ കല്ലുപോലെ ഉറച്ചു നിന്ന് റണ്‍സടിച്ച് കയറ്റുന്ന ഗില്ലിന് മുന്നില്‍ മധ്വാളിന്റെ മാസ്മരിക യോര്‍ക്കര്‍ ഫലം കാണുമോയെന്ന് കാത്തിരിക്കുകയാണ് കളിപ്രേമികള്‍. തിരിച്ച് മധ്വാള് എന്ന പുത്തന്‍ മതില് മറികടക്കാന്‍ ഗില്ലിന് സാധിക്കുമോയെന്ന് പരിശോധിക്കപ്പെടുന്ന ദിവസവും ഇതു തന്നെ.
രണ്ട് താരങ്ങള്‍ക്കപ്പുറം ഇരുകൂട്ടര്‍ക്കും അഭിമാനത്തിന്റെ പ്രശ്നം കൂടിയാണ് ഇന്നത്തെ മത്സരം. കാരണം രണ്ട് ടീമുകള്‍ക്കും വീഴ്ചയില്‍ നഷ്ടപ്പെടാന്‍ പേരും പെരുയമയും ഒത്തിരിയുണ്ട്.
16-ാം സീസണ് ഐപിഎല്ലിന്റെ ഫൈനല്‍ ബെര്‍ത്തിലേക്ക് ചെന്നൈ ആദ്യമേ പാസ് നേടിക്കഴിഞ്ഞു. അവര്‍ക്കിനി ഒരെതിരാളിയെ വേണം. 16 വര്‍ഷത്തെ പാരമ്പര്യത്തിലെത്തിനില്ക്കുന്ന ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ തവണ കിരീടം ചൂടിയതിന്റെ പെരുമ രോഹിത് ശര്‍മ്മ നയിക്കുന്ന മുംബൈ ഇന്ത്യന്‍സിനുണ്ട്. രോഹിത് തന്നെയാണ് ഈ കിരീടമത്രെയും നേടിക്കൊടുത്തതും. കഴിഞ്ഞ സീസണില്‍ പിറവികൊണ്ടവരാണ് ഇന്ന് മുംബൈക്ക് എതിരാളികളായി ഇറങ്ങുന്ന ഗുജറാത്ത് ടൈറ്റന്‍സ്. തകര്‍പ്പന്‍ മുന്നേറ്റത്തിലൂടെ കിന്നി സീസണില്‍ തന്നെ വേണ്ടുവോളം കീര്‍ത്തിയും ഒപ്പം കിരീടനേട്ടവും കൈവരിച്ച ടീമാണ് ഹാര്‍ദിക് പാണ്ഡ്യ നയിക്കുന്ന ഗുജറാത്ത് ടൈറ്റന്‍സ്. നിലവിലെ സീസണില്‍ പോലും അതിന്റെ ഗാംഭീര്യം അറിയിച്ചാണ് ഹാര്‍ദിക്കും കൂട്ടരും പ്ലേഓഫിലെത്തിയത്. ലീഗ് ഘട്ടത്തില്‍ മാറ്റുരച്ച 14ല്‍ 13 ടീമുകളും പ്ലേഓഫ് ബെര്‍ത്തിലെത്താന്‍ അവസാന ലാപ്പില്‍ വിയര്‍ക്കേണ്ടിവന്നു. ആ സമയത്തെല്ലാം അതിവേഗം പ്ലേഓഫിലെത്തിയ അതികായാന്മാരായി ഗുജറാത്ത് ടൈറ്റന്‍സ് നെഞ്ചുവിരിച്ച് നിന്നു. പക്ഷെ ക്വാളിഫയര്‍ വണില്‍ എം.എസ്. ധോണി എന്ന ഇതിഹാസ നായകന്റെ പരിചയസമ്പന്നതയ്ക്കു മുന്നില്‍ കാലിടറി. അതിന്റെ നീറ്റലുമായാണ് മറ്റൊരു വീരനായകന് രോഹിത് ശര്‍മ്മയുടെ മുംബൈക്കെതിരെ ഇറങ്ങുന്നത്. സിംഹവീര്യം കെട്ടുപോയില്ലെന്ന് തെളിയിക്കേണ്ട ചുമതല രോഹിത്തിനും ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: